തൃശ്ശൂര്‍: ഒരു ജനകീയ ജനാധിപത്യ പാഠ്യപദ്ധതി എങ്ങനെ രൂപപ്പെടുത്തും എന്നതിന്റെ ഭാഗമായി 2012 ഓഗസ്റ്റ് 11, 12 (ശനി, ഞായര്‍) എന്നീ തീയതികളില്‍ അക്കിക്കാവില്‍ വെച്ച് വിദ്യാഭ്യാസ സൌഹൃദ കൂട്ടായ്മ സംഘടിപ്പിക്കുന്നു. സാരംഗ് ബദല്‍ വിദ്യാ പീഠം എന്ന ബദല്‍ സാധ്യത കേരളത്തില്‍ തുറന്ന ഗോപാലകൃഷ്ണന്‍, വിജയലക്ഷ്മി എന്നിവര്‍ നേതൃത്വം നല്‍കുന്ന കൂട്ടായ്മയില്‍ സമഗ്രമായ ഒരു വിദ്യാഭ്യാസ സമീപന രേഖ അവതരിപ്പിക്കും. കേരളത്തിലെ പ്രമുഖരായ സാമൂഹ്യ – സാംസ്കാരിക – പരിസ്ഥിതി പ്രവര്‍ത്തകര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും.
നാളത്തെ തലമുറ എന്തായിരിക്കണമെന്നും എന്തായിരിക്കരുതെന്നും വിഭാവനം ചെയ്യുന്ന കർമ്മ പദ്ധതി ആയിരിക്കണം പാഠ്യ പദ്ധതി. അതു കൊണ്ട് വളരെ സൂക്ഷിച്ചേ അതിനെ സമീപിക്കാവൂ. പാഠ്യ പദ്ധതി ഉണ്ടാക്കാന്‍ ഇരിക്കുന്നവരുടെ മനസ്സില്‍ രാഷ്ട്രം എന്ന ഒരു ചിന്ത മാത്രം മതി. അവനവന്റെ കക്ഷിക്ക് ആളെ കൂട്ടാനും, മതത്തിന് നാല് കാശുണ്ടാക്കാനും കൂട്ടത്തില്‍ തനിക്കു ലേശം ചില്വാനം സമ്പാദിക്കാനും എന്ന് കരുതുന്നവര്‍ വേണ്ടേ വേണ്ട. അങ്ങനെയല്ലാത്തവരെ എവിടെ കിട്ടാനാ, ഇതൊക്കെ നടക്കാത്ത കാര്യമല്ലേ എന്നൊക്കെ ചോദിക്കുന്നവര്‍ കണ്ടേക്കാം. ലോകം മുഴുവന്‍ അഴിമതിക്കാരും കൊള്ളരുതാത്തവരും മാത്രമേ ഉള്ളൂ എന്നു കരുതിയാല്‍ അത് ശരിയായിരിക്കും.
എന്നാല്‍ നന്മയുടെ അംശം എന്നും എവിടെയും ഉണ്ടാവും. ഒരു കോടി തിന്മയെ ചെറുക്കാന്‍ ഒരു തരി നന്മ മതി എന്നറിയുക. നമുക്ക് നാളേക്ക് വേണ്ടത് ഒരു ജനാധിപത്യ സമൂഹമാണ്. അതിനൊരു ജനകീയ പാഠ്യ പദ്ധതി ഉണ്ടാവണം. അതത്ര എളുപ്പവുമല്ല.
ഒന്നാമതായി ജനകീയമായ അഭിപ്രായങ്ങള്‍ ശേഖരിക്കണം. അത് ഏകീകരിച്ച് ഭൂരിപക്ഷാഭിപ്രായം കണ്ടെത്തണം. പല പ്രതിസന്ധികളും മറി കടക്കാതെ അതിനു സാധിക്കുകയുമില്ല. താരാരാധന, വീരാരാധന, വിഗ്രഹാരാധന എന്നിങ്ങനെ മൂന്നു തരം ആരാധനകളില്‍ കുടുങ്ങിക്കിടക്കുകയാണ് നമ്മള്‍. ആരെയെങ്കിലും അല്ലെങ്കില്‍ എന്തിനെയെങ്കിലും ഒന്ന് ആരാധിക്കുന്നില്ലെങ്കില്‍ നമുക്ക് നിലനില്ക്കാന്‍ തന്നെ വയ്യെന്നായിരിക്കുന്നു. ആരാധാനകള്‍ ഏറും തോറും നമ്മള്‍ ജനാധിപത്യത്തില്‍ നിന്ന് അകലുകയും ഏകാധിപത്യത്തെ പുണരുകയും ചെയ്യുന്നു എന്ന കാര്യം തന്നെ നമ്മള്‍ മറന്നേ പോകുന്നു. ആരാധന ആരോടായാലും സ്വന്തം വ്യക്തിത്വം താന്‍ ആരാധിക്കുന്ന മൂർത്തിക്ക് മുന്നില്‍ പണയം വയ്ക്കുകയാണ്. തന്റെ ആരാധനാ മൂർത്തിക്ക് വേണ്ടി ജീവന്‍ വരെ ബലി കൊടുക്കാന്‍ തയ്യാറായിട്ടാണ് ഓരോ ആരാധകനും നടക്കുന്നത്. തന്റെ ആരാധനാ മൂർത്തി പറയുന്നതെന്തും ശിരസാ വഹിക്കാന്‍ തയ്യാറായി നടക്കുന്ന ഇവർക്ക് സ്വന്തമായി ഒരഭിപ്രായവുമില്ല. മതഭക്തി, കക്ഷി രാഷ്ട്രീയ ഭക്തി, സിനിമാ ഭക്തി, സ്പോര്‍ട്സ് ഭക്തി എന്നിങ്ങനെ അനേക തരം ഭക്തികളിലാണ് ഈ ആരാധകര്‍ കുടുങ്ങിക്കിടക്കുന്നത്. നമ്മുടെ കാര്‍ന്നോമ്മാര്‍ക്ക് രാജ ഭക്തിയും ഈശ്വര ഭക്തിയും ആയിരുന്നു മുഖ്യം. നമ്മളായപ്പോള്‍ ഭക്തി മാര്‍ഗം കുറെയേറെ വിപുലപ്പെട്ടു പോയി. ‘അഭിപ്രായങ്ങള്‍ എല്ലാം അവിടന്ന് അരുളി ചെയ്തോളും’ എന്നു നമ്മുടെ കാര്ന്നോമ്മാര് പൊന്നു തമ്പുരാക്കന്മാരെ ഓര്‍ത്തു പറഞ്ഞു നടന്നിരുന്നല്ലോ. അതു മറ്റൊരു രീതിയില്‍ നമ്മളും ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു. അന്നും ഇന്നും തമ്പ്രാക്കളെ ചുമക്കുന്ന പ്രജകള്‍ മാത്രമാണ് നമ്മള്‍! തമ്പ്രാക്കള്‍ മാറിയിട്ടുണ്ടെന്നേയുള്ളൂ. പ്രജകള്‍ക്ക് ഒരു മാറ്റവുമില്ല. ജനാധിപത്യത്തിലേക്ക് കടക്കാനുള്ള വലിയ വലിയ കടമ്പകളില്‍ ചിലത് മാത്രമാണിത്. ഈ വലിയ കടമ്പകള്‍ കടക്കാന്‍ നമ്മളെല്ലാം കൂട്ടായി ചിന്തിക്കുക തന്നെ വേണം.
ആവശ്യം വരുമ്പോള്‍ ഇതിനേക്കാള്‍ വലിയ കടമ്പകള്‍ ചാടിക്കടന്നിട്ടുള്ളവരാണ് മനുഷ്യര്‍. ഇതിനും പോംവഴിയുണ്ട്. ഒരു ജനകീയ ജനാധിപത്യ പാഠ്യപദ്ധതിയില്‍ എന്തെല്ലാം കാര്യങ്ങള്‍ ഉൾപ്പെടുത്തണം? ഒരു പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങളെല്ലാം ഇവിടെ പറയാന്‍ കഴിയില്ലല്ലോ. എങ്കിലും വളരെ അനിവാര്യമായവ മാത്രം ഒന്ന് സൂചിപ്പിച്ചു വിടുന്നു. ബാക്കിയെല്ലാം നമുക്ക് മുഖാമുഖം സംസാരിക്കാം. അല്ലെങ്കില്‍ എന്നെങ്കിലും പുസ്തക രൂപത്തിലാക്കി മനസ്സിലാക്കാം.
ഇനി വരുന്ന പാഠ്യ പദ്ധതി ജനകീയവും ജനാധിപത്യപരവും ആയിരിക്കണം എന്നത് ആ പേരില്‍ നിന്ന് തന്നെ സ്പഷ്ടമാണല്ലോ. അപ്പോള്‍ അതില്‍ ജനകീയ പങ്കാളിത്തമുണ്ടാവണമല്ലോ. തീർച്ചയായും വേണം. അദ്ധ്യാപകര്‍, അദ്ധ്യാപകര്‍ അല്ലാത്ത സാമൂഹ്യ പ്രവർത്തകര്‍, രക്ഷിതാക്കള്‍, പിന്നെ പഠിക്കാനുള്ള കുട്ടികള്‍ എന്നിവരുടെ ഒരു കൂട്ടായ സൃഷ്ടിയായിരിക്കണം ഇനിയത്തെ പാഠ്യപദ്ധതി. അത് മൊത്തം ജനങ്ങളുടെ പൊതു ആവശ്യങ്ങളും ആഗ്രഹങ്ങളും നിഴലിക്കുന്നതും അവ നിറവേറ്റാന്‍ പറ്റിയ പരിശീലനങ്ങളും അടങ്ങിയതായിരിക്കണം.
വിദ്യാലയം
ഇന്നത്തെ കാലത്ത് മാതാപിതാക്കൾക്ക് മക്കളെ ശ്രദ്ധിക്കാന്‍ സമയമില്ല എന്നതാണ് കുട്ടികള്‍ വഴി പിഴയ്ക്കാനുള്ള പ്രധാന കാരണം. അതു കൊണ്ട് ഇനിയത്തെ വിദ്യാലയങ്ങളില്‍ കുട്ടികൾക്ക് താമസിച്ചു പഠിക്കാന്‍ കഴിയണം. അവിടെ ഒരു കുടുംബാന്തരീക്ഷം ഉണ്ടായിരിക്കണം. ഒരു സാമൂഹ്യ ജീവിയായി വളരാന്‍ വേണ്ട സകല കാര്യങ്ങളും ശീലിക്കാനുള്ള അന്തരീക്ഷം അവിടെ ഉണ്ടായിരിക്കണം. കുട്ടികളുടെ സ്വഭാവ രൂപീകരണ ത്തിനായിരിക്കണം പ്രാധാന്യം. സൽസ്വഭാവം ഉറപ്പിച്ചതിനു ശേഷമേ അറിവിന്റെ പാഠങ്ങള്‍ കൊടുക്കാവൂ. അതായത്, ആദ്യം നെറിവ് പിന്നെ വേണം അറിവ്. നൂറാമത്തെ വയസില്‍ പോലും അറിവ് നേടാം. എന്നാല്‍ ബാല്യം കഴിഞ്ഞാല്‍ നെറിവു നേടാനോ ശീലിക്കാനോ ബുദ്ധിമുട്ടായിരിക്കും. നെറിവില്ലാത്തവന്റെ കയ്യില്‍ അറിവ് ചെന്നെത്തിയാല്‍ അത് അണു ബോംബിനെക്കാള്‍ അപകടകാരിയായിരിക്കും. അതു കൊണ്ട് നെറിവ് ആദ്യം പിന്നാലെ മതി അറിവ്. ഒരു ജനാധിപത്യ വിദ്യാലയം ആണ് നമ്മള്‍ വിഭാവനം ചെയ്യുന്നത്. അതു കൊണ്ട് വിദ്യാഭ്യാസ പ്രവർത്തനങ്ങള്‍ ജനാധിപത്യ രീതിയില്‍ തന്നെ വേണം നടത്താൻ.