കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ നിയമനം സംബന്ധിച്ച വിഷയം വിവാദമായതോടെ ആ സ്ഥാനത്തേക്ക് പുതിയ ആളെ നിര്‍ദേശിക്കാന്‍ കോഴിക്കോട്ട് ചേര്‍ന്ന മുസ്‌ലിംലീഗ് സംസ്ഥാനകമ്മിറ്റിയോഗം തീരുമാനിച്ചു. ഇതു സംബന്ധിച്ച പ്രതിസന്ധിയില്‍ നിന്നും തലയൂരാന്‍ ലീഗ് നേതൃത്വം തന്നെ നേരിട്ട് ഇടപെട്ടുകൊണ്ട് തീരുമാനം റദ്ദാക്കുകയായിരുന്നു. പ്ലസ്ടു പ്രിന്‍സിപ്പലായിരുന്ന വി.പി. അബ്ദുല്‍ഹമീദിനെ കാലികറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പദവിയിലേക്ക് നിര്‍ദ്ദേശിച്ചു കൊണ്ടുള്ള ലിസ്റ്റ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരിച്ചയച്ചത്തിന്റെ പശ്ചാത്തലത്തിലാണ് ലീഗ് നേതൃത്വം നേരിട്ട് ഇടപെട്ടുകൊണ്ട് ഇത്തരമൊരു തീരുമാനമെടുത്തത്. ഇക്കാര്യത്തില്‍ വിശദീകരണമാരായാന്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബിനെ സെക്രട്ടേറിയറ്റ് യോഗത്തിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തു. വൈസ്ചാന്‍ലര്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ച വി.പി. അബ്ദുല്‍ഹമീദിനെ മാറ്റി പകരം അക്കാദമിക്ക് രംഗത്ത് മികവുള്ള മറ്റൊരാളെ കണ്ടെത്താന്‍ വിദ്യാഭ്യാസ മന്ത്രിയോടും പാര്‍ലമെന്ററി പാര്‍ട്ടി ലീഡറോടും നിര്‍ദേശിച്ചതായി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തില്‍ സംസ്ഥാന ജന. സെക്രട്ടറി ഇ.ടി. മുഹമ്മദ്ബഷീര്‍ പറഞ്ഞു. സെര്‍ച്ച് കമ്മിറ്റി അയച്ച ലിസ്റ്റ് മുഖ്യമന്ത്രി മടക്കിയെന്ന കാര്യം ശരിയല്ലെന്നും. മുഖ്യമന്ത്രിക്ക് ഇതു സംബന്ധിച്ച ഒരു ഫയലും പോയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.