- ലിജി അരുണ്‍
വായിക്കുക: ഉത്സവം, വിദ്യാഭ്യാസം, സാഹിത്യം
കോഴിക്കോട് : വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കാനായി സ്ക്കൂള്‍ പ്രിന്‍സിപ്പാള്‍ സ്ക്കൂളില്‍ വീഡിയോ ക്യാമറകള്‍ സ്ഥാപിച്ചതിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരം വിജയിച്ചു. കോഴിക്കോട് വെസ്റ്റ്ഹില്‍ കേന്ദ്രീയ വിദ്യാലയത്തിലാണ് (സെന്‍ട്രല്‍ സ്ക്കൂള്‍) സംഭവം. സ്ക്കൂള്‍ പരിസരമാകെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ കഴിയുന്ന വിധം 16 ക്ലോസ്ഡ് സര്‍ക്ക്യൂട്ട് ക്യാമറകളാണ് സ്ക്കൂള്‍ പ്രിന്‍സിപ്പാള്‍ മായാ ജോര്‍ജ്ജിന്റെ നിര്‍ദ്ദേശ പ്രകാരം ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.
ഒഴിവു വേളയില്‍ ഒരല്‍പ്പം കുസൃതി കാണിച്ചാല്‍ ഇനി പ്രിന്‍സിപ്പാള്‍ അത് നേരിട്ട് കാണും. തങ്ങളെ ഇത്തരത്തില്‍ നിരീക്ഷിക്കാന്‍ ഇത് കുറ്റവാളികളായ കുട്ടികളെ പഠിപ്പിക്കുന്ന ദുര്‍ഗുണ പാഠശാലയാണോ എന്നാണ് ഇവിടത്തെ വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നത്. മൂത്രപ്പുരയ്ക്ക് സമീപം പോലും ക്യാമറകള്‍ സ്ഥാപിക്കുന്നതും ഈ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടില്ല എന്ന് ഉറപ്പു നല്കാനാവാത്തതും തങ്ങള്‍ക്ക് ഏറെ ആശങ്ക ഉളവാക്കുന്നു എന്ന് പെണ്‍കുട്ടികളും വനിതാ അദ്ധ്യാപകരും പറയുന്നു. സ്വകാര്യതയ്ക്ക് നേരെയുള്ള ഇത്തരം കടന്നു കയറ്റത്തിനെതിരെ സ്ക്കൂളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളോടൊപ്പം പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്നു.
വിദ്യാര്‍ത്ഥികളെ അനുകൂലിച്ച 5 അദ്ധ്യാപകരെ സ്ക്കൂള്‍ അധികൃതര്‍ സസ്പെന്‍ഡ് ചെയ്തതോടെ പ്രശ്നം വഷളായി. വിദ്യാര്‍ത്ഥി സംഘടനകളോ സമരമോ പതിവില്ലാത്ത കേന്ദ്രീയ വിദ്യാലയത്തില്‍ ആദ്യമായി ഒരു വിദ്യാര്‍ത്ഥി സമരം നടന്നത് പൂജാ അവധിക്കു ശേഷം സ്ക്കൂള്‍ തുറന്നതോടെയാണ്. ഓള്‍ ഇന്ത്യ കേന്ദ്രീയ വിദ്യാലയ ടീച്ചേഴ്സ് അസോസിയേഷന്‍ ചെന്നൈ റീജിയന്‍ സെക്രട്ടറി സി. കെ. ബി. കുറുപ്പ് പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കി സംസാരിച്ചു. ക്യാമറകള്‍ ഉടന്‍ നീക്കം ചെയ്യണം എന്നും സസ്പെന്‍ഡ് ചെയ്ത അദ്ധ്യാപകരെ പുനസ്ഥാപിക്കണം എന്നും യോഗം ആവശ്യപ്പെട്ടു.
സ്ക്കൂള്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ പി. ബി. സലിം അവസാനം പ്രശ്നത്തില്‍ ഇടപെട്ടപ്പോഴാണ് പ്രശ്നത്തിന് താല്‍ക്കാലിക പരിഹാരമായത്. ക്യാമറകള്‍ ഉടന്‍ പ്രവര്‍ത്തന രഹിതമാക്കാന്‍ കലക്ടര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇവ നിര്‍ത്തി വെച്ചു. പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കരുത് എന്നും കലക്ടര്‍ സ്ക്കൂള്‍ അധികൃതരോട് നിര്‍ദ്ദേശിച്ചു.
അദ്ധ്യാപകരുടെ സപെന്ഷന്‍ പിന്‍വലിക്കാനുള്ള നടപടികള്‍ ഉന്നത അധികാരികളില്‍ നിന്നും ഉണ്ടാവണം എന്നതിനാല്‍ ഇതില്‍ തനിക്ക് ചെയ്യാനാവുന്നത് ചെയ്യാം എന്നും ജില്ലാ കലക്ടര്‍ ഉറപ്പു നല്‍കി.
- ജെ.എസ്.
വായിക്കുക: എതിര്‍പ്പുകള്‍, കുട്ടികള്‍, മനുഷ്യാവകാശം, വിദ്യാഭ്യാസം
തിരുവനന്തപുരം : ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇന്നും സാക്ഷരതയില്‍ മുന്‍പന്തിയില്‍ തന്നെയാണ് കേരളം എന്ന് ദേശീയ ആസൂത്രണ കമ്മീഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തി. രണ്ടാം സ്ഥാനം ഡല്‍ഹിക്കാണ്. ദേശീയ വികസന വര്‍ദ്ധനവ് 21 ശതമാനം രേഖപ്പെടുത്തിയെങ്കിലും ആരോഗ്യം, ശുചിത്വം, പോഷണം എന്നീ രംഗങ്ങളില്‍ വന്‍ വെല്ലുവിളികള്‍ രാജ്യം നേരിടുന്നു എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കേരളത്തില്‍ ആയുര്‍ ദൈഘ്യം 74 വയസാണ്. ഇത് വികസിത രാഷ്ട്രങ്ങളുടേതിന് ഒപ്പം വരും. ഇത്തരമൊരു നേട്ടം കേരളത്തിന് കൈവരിക്കാന്‍ കഴിഞ്ഞത് മികച്ച ആരോഗ്യ പരിപാലന സംവിധാനം നിലവില്‍ ഉള്ളത് കൊണ്ടാണ്. എന്നാല്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ആരോഗ്യ രംഗം മോശമായ പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത്. പതിനായിരം പേര്‍ക്ക് 30 ആശുപത്രി കിടക്കകള്‍ ചൈനയില്‍ ഉള്ളപ്പോള്‍ ഇന്ത്യയിലെ ശരാശരി കേവലം ഒന്പതാണ്.
ഫോട്ടോ കടപ്പാട് : http://emotionalliteracymission–kerala.blogspot.com/
- ജെ.എസ്.
വായിക്കുക: ബഹുമതി, വിദ്യാഭ്യാസം
കോഴിക്കോട് : നിര്‍മ്മല്‍ മാധവിന് എഞ്ചിനീയറിങ്ങ് കോളേജില്‍ പ്രവേശനം നല്‍കിയതുമായി ബന്ധപ്പെട്ട് കോഴിക്കോട് ഗവണ്മെന്റ് എഞ്ചിനീയറിങ്ങ് കോളേജിനു മുമ്പില്‍ പോലീസും എസ്. എഫ്. ഐ. പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. ലാത്തിച്ചാര്‍ജ്ജിലും കല്ലേറിലും കണ്ണീര്‍ വാതക പ്രയോഗത്തിലും നിരവധി എസ്. എഫ്. ഐ. പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അക്രമാസക്തരായ പ്രവര്‍ത്തകരെ പിരിച്ചു വിടുവാന്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷ്ണര്‍ രാധാകൃഷ്ണപിള്ള സര്‍വ്വീസ് റിവോള്‍വറില്‍ നിന്നും നാലു റൌണ്ട് വെടി വെക്കുകയായിരുന്നു. വെടിവെപ്പില്‍ ആര്‍ക്കും പരിക്കില്ല. വെടിവെപ്പ് സംബന്ധിച്ച് താഹസില്‍ദാര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. പരിക്കേറ്റ പോലീസുകാരെ ആസ്പത്രിയില്‍ എത്തിക്കുന്നതിനായി പ്രവര്‍ത്തകരെ പിരിച്ചു വിടുവാനാണ് വെടി വെച്ചതെന്ന് അസിസ്റ്റന്റ് കമ്മീഷ്ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സംഘര്‍ഷത്തില്‍ എസ്. എഫ്. ഐ. സംസ്ഥാന സെക്രട്ടറി പി. ബിജുവിന് തലക്ക് സാരമായ പരിക്കേറ്റു. ബിജുവിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മാതൃഭൂമി ഫോട്ടോഗ്രാഫര്‍ കെ. കെ. പ്രവീണിനു കല്ലേറില്‍ തലക്ക് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം ബീച്ച് ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കോഴിക്കോടും തിരുവനന്തപുരത്തും എസ്. എഫ്. ഐ. പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. സംഭവത്തില്‍ സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പോലീസ് വെടി വെച്ചത് വിദ്യാര്‍ഥികളെ അപായ പ്പെടുത്തുവാനാണെന്ന് പിണറായി വിജയന്‍ ആരോപിച്ചു. വെടി വെച്ച ഉദ്യോഗസ്ഥ നെതിരെ നടപടി യെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
- എസ്. കുമാര്‍
വായിക്കുക: എതിര്‍പ്പുകള്‍, ക്രമസമാധാനം, പോലീസ് അതിക്രമം, വിദ്യാഭ്യാസം
തൃശ്ശൂര്‍: മാളയിലെ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ക്ലാസില്‍ മലയാളം സംസാരിച്ചതിന് വിദ്യാര്‍ഥികള്‍ക്ക് ആയിരം രൂപ വീതം പിഴയിട്ടു. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ വിദ്യാര്‍ഥികളെയാണ് ശിക്ഷണ നടപടിക്ക് വിധേയരാക്കിയത്. വ്യാഴാഴ്ചയ്ക്ക് മുമ്പ് പിഴയടക്കുവാനായിരുന്നു സ്കൂള്‍ അധികൃതരുടെ നിര്‍ദ്ദേശം. എന്നാല്‍ രണ്ടു വിദ്യാര്‍ഥികള്‍ മാത്രമേ പിഴയടക്കുവാന്‍ തയ്യാറായുള്ളൂ. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ഥികളെ ക്ലാസില്‍ നിന്നും പുറത്താക്കി. ഇത്രയും വലിയ തുക പിഴ ഈടാക്കുന്നതിനെതിരെ രക്ഷിതാക്കളും രംഗത്തെത്തി. ഒരു വിദ്യാര്‍ഥിക്ക് ആയിരം രൂപ വെച്ച് പിഴ ഈടാക്കിയാല്‍ ഒരു ലക്ഷത്തിലധികം രൂപ പിഴയിനത്തില്‍ സ്കൂള്‍ അധികൃതര്‍ക്ക് ലഭിക്കും എന്ന് കണക്കാക്കപ്പെടുന്നു.
-
വായിക്കുക: വിദ്യാഭ്യാസം, വിവാദം