ഏങ്ങണ്ടിയൂര്‍ : പ്രവാസി മലയാളിയുടെ നാട്ടിലെ വീട്ടില്‍ മണല്‍ ഭൂ മാഫിയക്ക് വേണ്ടി ക്വൊട്ടേഷന്‍ സംഘം ആക്രമണം നടത്തിയ കേസില്‍ മുഖ്യമന്ത്രിക്കും, പ്രവാസി കാര്യ വകുപ്പ് മന്ത്രിക്കും, എന്‍. ആര്‍. ഐ. സെല്‍ പോലീസ് സൂപ്രണ്ടിനും പരാതി നല്‍കി. ദുബായില്‍ ജോലിക്കാരനും ഏങ്ങണ്ടിയൂര്‍ സ്വദേശിയുമായ ഉദയകുമാറിന്റെ വീട്ടിലാണ് ഇന്നലെ ഉച്ചയ്ക്ക് ഒരു സംഘം ഗുണ്ടകള്‍ ആക്രമണം നടത്തിയത്. ഗര്‍ഭിണിയായ സഹോദരി നിസഹായയായി നോക്കി നില്‍ക്കവേ വീട്ടില്‍ ഉണ്ടായിരുന്ന ജ്യേഷ്ഠ പുത്രനായ വിലാഷിനെ (28) അക്രമികള്‍ മര്‍ദ്ദിച്ചു അവശനാക്കി. ഇയാള്‍ ഇപ്പോള്‍ തൃത്തല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഉദയകുമാറിന്റെ ഭൂമിയില്‍ നിന്നും മണല്‍ മാഫിയ അനധികൃതമായി മണല്‍ എടുക്കുന്നത് സംബന്ധിച്ച് ചാവക്കാട് കോടതിയില്‍ കേസ് നിലവിലുണ്ട്. തുടര്‍ച്ചയായ മണല്‍ എടുക്കല്‍ മൂലം പ്രദേശത്തെ കിണറുകളിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞിട്ടുണ്ട്.