തിരുവനന്തപുരം: ബീമാപള്ളി പരിസരത്ത് സോപ്പിലും മഗ്ഗിലും ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച് സര്‍വേ നടത്തിയ വിദേശികളായ ജോണ്‍ പീറ്റര്‍, ആദം ഡേവിഡ് എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് വിദേശികളെ പൊലീസ് ചോദ്യം ചെയ്തു. ഇവരാണ് സര്‍വേക്ക് നേതൃത്വം നല്‍കിയത്. ലണ്ടന്‍ സ്വദേശിയായ ആദം ഡേവിഡ് ലണ്ടന്‍ സ്കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കലിന്‍റെ ഡയറക്ടറാണെന്ന് പൊലീസിന് മൊഴി നല്‍കി. സോപ്പിലും മഗ്ഗിലും ഘടിപ്പിച്ച ഇലക്ട്രോണിക് ഉപകരണത്തിന്‍റെ വിശദ വിവരങ്ങള്‍ അറിയാന്‍ പൊലീസ് ഇത് സൈബര്‍സെല്ലിന് കൈമാറിയിട്ടുണ്ട്. രഹസ്യമായി കുടുംബശ്രീ പ്രവര്‍ത്തകരെ സംഘടിപ്പിച്ചാണ് അവര്‍ വീടുകളില്‍ സൗജന്യമായി സോപ്പും മഗ്ഗും നല്‍കിയത്. അഞ്ച് ദിവസം ഉപയോഗത്തിന് ശേഷം സോപ്പ് തിരികെ എടുത്ത് വീട്ടുകാര്‍ക്ക് 400 രൂപ നല്‍കി. ഇതാണ് കൂടുതല്‍ സംശയങ്ങള്‍ക്ക് വഴി വെച്ചത്. സൈബര്‍ സെല്ലിന്‍റെ റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാവൂവെന്നാണ് പൊലീസ് വ്യക്തമാക്കി. എന്നാല്‍ വിദേശികളെ ചോദ്യം ചെയ്ത് വിട്ടയച്ചതിനെതിരെ പലരും രംഗത്ത് വന്നിട്ടുണ്ട്. നേരത്തെ കരിമഠം കോളനിയില്‍ വിദേശ കമ്പനിക്കു വേണ്ടി സര്‍വേ നടത്തിയിരുന്നു. അവരെയും ചോദ്യം ചെയ്തശേഷം വിട്ടയച്ചതല്ലാതെ കൂടുതല്‍ അന്വേഷണം നടന്നിട്ടില്ലെന്ന് ആക്ഷേപമുണ്ട്.