മലപ്പുറം: ആയിരക്കണക്കിനു താറാവുകളെ കൊന്നൊടുക്കിക്കൊണ്ട് പക്ഷിപ്പനിയുടെ ഭീതി പടരുന്നതിനിടയില്‍ സംസ്ഥാനത്ത് കുരങ്ങു പനിയും സ്ഥിതീകരിച്ചു. ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ കുരുളായി വനത്തിലാണ് കുരങ്ങുപനിയെ തുടര്‍ന്ന് കുരങ്ങുകള്‍ ചാകുവാന്‍ തുടങ്ങിയിരിക്കുന്നത്. ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്.
കുരങ്ങുപനി മനുഷ്യരിലേക്കും പടരുന്നതാണ്. മാഞ്ചീരി നാഗമലയിലെ കോളനിയില്‍ താമസിക്കുന്ന അറുപത്തൊന്നുകാരന് കുരങ്ങുപനിയാണെന്ന് മണിപ്പാലിലെ കസ്തൂര്‍ബ മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയില്‍ സ്ഥിതീകരിച്ചിട്ടുണ്ട്. നിലമ്പൂരിലെ ഉള്‍ക്കാടുകളില്‍ ഉള്ള മാഞ്ചീരി കോളനിയില്‍ 184 പേരാണ് ഉള്ളത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഡെപ്യൂട്ടി ഡി.എം.ഓയുടെ നേതൃത്തില്‍ സ്ഥലത്തെത്തി പ്രതിരോധ വാക്സിനുകള്‍ നല്‍കിയിരുന്നു. കോളനിയില്‍ ചിലര്‍ക്ക് പനി ബാധയുണ്ടെങ്കിലും കുരങ്ങുപനിയാണോ എന്ന് സ്ഥിതീകരിച്ചിട്ടില്ല.
1955-ല്‍ കര്‍ണാടകയിലെ ഷിമോഗയ്ക്ക് അടുത്തുള്ള കൈസാനൂര്‍ വനമേഘലയിലാണ് ലോകത്ത് ആദ്യമായി കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കൈസാനൂര്‍ ഫോറസ്റ്റ് ഡിസീസ് എന്ന പേരും ഇതിനുലഭിച്ചു. കുരങ്ങുകളുടെ ശരീരത്തിലെ ചെള്ളുകള്‍ വഴിയാണ് രോഗം പകരുന്നത്. ചെള്ളിന്റെ കടിയേറ്റാല്‍ കുരങ്ങിനും മനുഷ്യനും രോഗം പകരും. മറ്റു മൃഗങ്ങള്‍ക്ക് ഇത് പകരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഫലപ്രദമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാനിടയുള്ളതാണ് കുരങ്ങുപനി. ഇതിനു പ്രതിരോധ വാക്സിനുകള്‍ ലഭ്യമാണ്.