- എസ്. കുമാര്‍
വായിക്കുക: ആരോഗ്യം, എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയ നേതാക്കള്‍, പോലീസ്, സ്ത്രീ
- ലിജി അരുണ്‍
വായിക്കുക: ആരോഗ്യം, കുറ്റകൃത്യം, ദുരന്തം, വൈദ്യശാസ്ത്രം
തിരുവനന്തപുരം: അറബ് നാടുകളില്‍ ഏറെ പ്രചാരമുള്ള ഭക്ഷണമാണ് ഷവര്‍മ. കുബ്ബൂസിനകത്ത് ഗ്രില്‍ ചെയ്ത ഇറച്ചിയുടെ കഷ്ണങ്ങളും സോസും വെജിറ്റബിള്‍ മിക്സും ചേര്‍ത്ത് മടക്കിയെടുക്കുന്ന ഈ വിഭവം ഏറെ സ്വാദുള്ളതുമാണ്. പ്രവാസികള്‍ ധാരാളമുള്ള ഗള്‍ഫ് നാടുകളില്‍ നിന്നും കേരളത്തിലേക്ക് എത്തിയ ഷവര്‍മ വളരെ പെട്ടെന്നു തന്നെ നാട്ടിലും പ്രിയ വിഭവമായി മാറി. നഗരങ്ങളിലും നഗര പ്രാന്തങ്ങളിലും ഉള്ള ഹോട്ടലുകളില്‍ വൈകുന്നേരങ്ങളില്‍ ഷവര്‍മയുടെ രുചി തേടി നാട്ടിന്‍ പുറങ്ങളില്‍ നിന്നും ആളുകള്‍ എത്തി തുടങ്ങി.
എന്നാല്‍ ഇന്നിപ്പോള്‍ ഷവര്‍മ ഒരു വില്ലനായി മാറിയിരിക്കുന്നു. പലയിടങ്ങളിലും ഫുഡ് ഇന്‍ഫെക്ഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു എങ്കിലും കഴിഞ്ഞ ദിവസം ഒരാളുടെ മരണം സംഭവിക്കുന്നതു വരെ അത് അത്ര ഗൌരമായി കണക്കാക്കപ്പെട്ടില്ല. അസുഖം വന്നു ചത്തതും ചീഞ്ഞതുമായ കോഴികളെ വരെ ഷവര്‍മയുണ്ടാക്കുവാന്‍ ഉപയോഗിക്കുന്നതായി സൂചനയുണ്ട്. കഴിഞ്ഞ ദിവസം വഴുതക്കാട്ടെ സൽവാ കഫെയില്‍ നിന്നും ഷവര്‍മ കഴിച്ച് ബാംഗ്ലൂരിലേക്ക് പോയ സച്ചിന്‍ മാത്യു എന്ന യുവാവ് അവിടെ വെച്ച് വിഷബാധയെ തുടര്‍ന്ന് മരിച്ചു. ഇതേ സ്ഥാപനത്തില്‍ നിന്നും ഷവര്‍മ കഴിച്ച പ്രശസ്ത നടന്‍ തിലകന്റെ മകനും ഡബിങ്ങ് ആര്‍ട്ടിസ്റ്റുമായ ഷോബി തിലകനും കുടുംബവും അടക്കം പത്തിലധികം പേര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. സല്‍വാ കഫേ ഉടമ അബ്ദുള്‍ ഖാദറിനെതിരെ ഭക്ഷ്യ യോഗ്യമല്ലാത്ത ഭക്ഷണം വിറ്റതിനുള്‍പ്പെടെ പോലീസ് കേസെടുത്തിട്ടുണ്ട്.
കര്‍ശനമായ ഫുഡ് സേഫ്റ്റി നിയമങ്ങളും അത് കൃത്യമായി നടപ്പാക്കപ്പെടുകയും ചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ അവസ്ഥയാണ് കേരളത്തില്‍. സംസ്ഥാനത്ത് ശമ്പളം പറ്റുന്ന ഫുഡ് ഇന്‍സ്പെക്ടര്‍മാര്‍ ഉണ്ടെങ്കിലും അവര്‍ ഹോട്ടലുകളിലും മറ്റും പരിശോധന നടത്തുന്നതു തന്നെ അപൂര്‍വ്വം. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ ധാരാളമുണ്ട് സംസ്ഥാനത്ത്. ഇവയില്‍ മിക്ക ഹോട്ടലുകളും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വഴിപാടു പോലെ നടത്തുന്ന പരിശോധനകളില്‍ ചിലപ്പോള്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാറുണ്ടെങ്കിലും ശിക്ഷിക്കപ്പെടുക അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവം മാത്രമാണ്. എന്തെങ്കിലും സംഭവങ്ങള്‍ ഉണ്ടാകുകയും അതേ തുടര്‍ന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ വരികയും ചെയ്യുമ്പോള്‍ മാത്രം ഒന്നോ രണ്ടോ ദിവസം പേരിനു റെയ്ഡും പരിശോധനയും നടക്കും. അതല്ലാതെ കാലങ്ങളായി ആരോഗ്യ വകുപ്പ് ഇക്കാര്യത്തില്‍ വേണ്ടത്ര ശുഷകാന്തി കാണിക്കാറില്ല. സച്ചിന്‍ മാത്യുവിന്റെ മരണ ശേഷം ആരോഗ്യ വകുപ്പ് അധികൃതര്‍ ചില റെയ്ഡുകള്‍ നടത്തുന്നുണ്ടെങ്കിലും മാധ്യമ വാര്‍ത്തകള്‍ അപ്രത്യക്ഷമാകുന്നതോടെ കാര്യങ്ങള്‍ വീണ്ടും പഴയ പടിയാകും.
- എസ്. കുമാര്‍
വായിക്കുക: അഴിമതി, ആരോഗ്യം, തട്ടിപ്പ്, ദുരന്തം
കൊച്ചി: സര്‍ക്കാര്‍ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് സ്വാതികൃഷ്ണയുടെ കരള്‍ മാറ്റി വെക്കല്‍ ശസ്ത്രക്രിയ കൊച്ചിയിലെ അമൃത അശുപത്രിയിൽ പൂര്‍ത്തിയായി. ഡോ. എസ്. സുധീന്ദ്രന്റെ നേതൃത്വത്തില്‍ ഉള്ള ഇരുപതംഗ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ഇന്നലെ ഉച്ചക്ക് 2.30 നു ആരംഭിച്ച സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ രാത്രി വൈകുവോളം നീണ്ടു. സ്വാതിയുടെ അമ്മയുടെ സഹോദരി റെയ്നിയാണ് കരള്‍ ദാതാവ്. റെയ്നിയുടെ കരളിന്റെ ഒരു ഭാഗം മുറിച്ചെടുത്ത് സ്വാതിയുടെ ശരീരത്തില്‍ വെച്ചു പിടിപ്പിക്കുകയായിരുന്നു.
കടുത്ത മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് കരള്‍ തകരാറിലായ സ്വാതിയുടെ ജീവന്‍ രക്ഷിക്കുവാന്‍ കരള്‍ മാറ്റി വെയ്ക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് സ്വാതിയുടെ അമ്മ കരള്‍ നല്‍കുവാന്‍ തയ്യാറായെങ്കിലും അവരുടെ ആരോഗ്യ സ്ഥിതി മോശമാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അതു നടന്നില്ല. പിന്നീട് അമ്മയുടെ സഹോദരി റെയ്നി തന്റെ കരള്‍ ഭാഗികമായി നല്‍കുവാന്‍ തയ്യാറായി മുന്നോട്ടു വന്നു. എന്നാല്‍ ഇത് അവയവ ദാനത്തിന്റെ സങ്കീര്‍ണ്ണതയില്‍ കുടുങ്ങി. ഇതിനിടയില്‍ സ്വാതിയുടെ ആരോഗ്യ സ്ഥിതി അനുദിനം വഷളായിക്കൊണ്ടിരുന്നു. മാധ്യമങ്ങളുടെയും ജനങ്ങളുടേയും ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആരോഗ്യ മന്ത്രി വി. എസ്. ശിവകുമാര്‍ വിഷയത്തില്‍ അടിയന്തിരമായി ഇടപെടുകയായിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടിയന്തര മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരുകയും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി അനുമതി നല്‍കുകയും ആയിരുന്നു. 48 മണിക്കൂറിനു ശേഷമേ ശസ്ത്രക്രിയയുടെ വിജയത്തെ കുറിച്ച് പറയാനാകൂ എന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.
പ്ലസ് ടു വിദ്യാര്‍ഥിയായ സ്വാതി പഠനത്തില്‍ വളരെ മിടുക്കിയാണ്. സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിനു സഹപാഠികളും നാട്ടുകാരും ആയിരുന്നു ചികിത്സാ സഹായം നല്‍കിയിരുന്നത്. പ്രവാസ ലോകത്തു നിന്നും സ്വാതിക്ക് സഹായ ഹസ്തം എത്തിയിരുന്നു.
- എസ്. കുമാര്‍
വായിക്കുക: ആരോഗ്യം, വൈദ്യശാസ്ത്രം
കൊച്ചി: നഗരത്തില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കര്‍ ലോറികള്‍ വ്യാപകമായി മലിന ജലം നിറച്ച് വിതരണം ചെയ്യുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്ന് ആറ് ടാങ്കര്‍ ലോറികള്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ പൊലീസ് സഹായത്തോടെ പിടിച്ചെടുത്തു. കാക്കനാട് വാഴക്കാല പള്ളിക്ക് സമീപത്ത് നടത്തിയ പരിശോധനയിലാണ് വെള്ളം നിറച്ച ഉറവിടം സംബന്ധിച്ച രേഖകള്‍ ഒന്നുമില്ലാത്ത ലോറികള്‍ കസ്റ്റഡിയില്‍ എടുത്തത്. മഞ്ഞപ്പിത്തം ഉള്‍പ്പെടെ വിവിധ പകര്‍ച്ച വ്യാധികള്‍ ജില്ലയില്‍ വ്യാപകമായ സാഹചര്യത്തില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ നിലവാരം ഉറപ്പു വരുത്താന്‍ കഴിഞ്ഞ ദിവസം കലക്ടര്‍ വിളിച്ചു ചേര്‍ത്ത അടിയന്തര യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. പെരിയാറില്‍ നിന്നും മറ്റ് പൊതുജലാശയങ്ങളില്‍ നിന്നും കുടിവെള്ളം ശേഖരിക്കുന്നത് ജില്ലാ ഭരണകൂടം നിരോധിച്ചു. രാത്രി 10ന് ശേഷമുള്ള കുടിവെള്ളം വിതരണവും നിരോധിച്ചിട്ടുണ്ട്.
- ന്യൂസ് ഡെസ്ക്
വായിക്കുക: ആരോഗ്യം, തട്ടിപ്പ്