തിരുവനന്തപുരം: ശമ്പള പരിഷ്‌ക്കരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന ആവശ്യമുന്നയിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. ഇതു സംബന്ധിച്ചു കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ (കെ. ജി. എം. ഒ. എ.) സര്‍ക്കാരിനു നോട്ടീസ് നല്‍കി. സമരത്തിനു മുന്നോടിയായി ഈ മാസം 12 മുതല്‍ ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നിര്‍ത്തി വെയ്ക്കും.
11-ന് കെ. ജി. എം. ഒ. എ. യെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ഫെബ്രുവരി 27 മുതല്‍ ഡോക്ടര്‍മാര്‍ നിസ്സഹകരണ സമരം നടത്തി വരികയായിരുന്നു. നേരത്തേ സര്‍ക്കാരുമായി കെ. ജി. എം. ഒ. എ. നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നു. ഒരു മാസത്തിനകം ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പരിഹാരം കാണാമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരെ അറിയിച്ചിരുന്നു. എന്നാല്‍ ഇന്നലെ ഒരു മാസം അവസാനിച്ചു. ഈ സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ടു പോവാന്‍ സംഘടനയുടെ എക്‌സിക്യൂട്ടീവ് തീരുമാനിച്ചതെന്ന് കെ. ജി. എം. ഒ. എ. സംസ്ഥാന പ്രസിഡന്റ് ഡോ. എസ് പ്രമീളാ ദേവി അറിയിച്ചു.
സംസ്ഥാനത്ത് പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ പണിമുടക്കിലേക്ക് നീങ്ങിയാല്‍ ജനങ്ങള്‍ വലയും. ഈ മാസം 19 മുതല്‍ അനിശ്ചിത കാല സമരത്തിന് ഡോക്ടര്‍മാരുടെ സംഘടന ആഹ്വാനം ചെയ്തു കഴിഞ്ഞു.
ഡോക്ടര്‍മാരുടെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ടു മുന്‍കാലങ്ങളില്‍ നല്‍കിയ ഉറപ്പുകള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്ന് ആരോപിച്ചാണ് സമരം.