തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ പിന്തുടര്‍ന്ന് സംസ്ഥാനത്ത് ഫ്യൂറിഡാന്‍ ഉള്‍പ്പെടെ വീര്യം കൂടിയ അഞ്ചു കീടനാശിനികള്‍ നിരോധിച്ചു. വീര്യം കൂടിയ ചുവന്ന ലേബലില്‍ വരുന്ന എല്ലാ കീടനാശിനികളും നിരോധിക്കാന്‍ മന്ത്രി മുല്ലക്കര രത്നാകരന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തീരുമാനമായി. മഞ്ഞ ലേബലുള്ള കീടനാശിനികളില്‍ 6 എണ്ണം ഒഴികെ ബാക്കിയെല്ലാം നിരോധിക്കാന്‍ ഉത്തരവായി. മൂന്നു കുമിള്‍ നാശിനികളുടെയും ഉല്പാദനവും വില്പനയും ഇതോടൊപ്പം നിരോധിച്ചിട്ടുണ്ട്. ഇത് അടുത്ത ദിവസം മുതല്‍ നടപ്പിലാക്കും. ആകാശത്തു നിന്നും കീടനാശിനി തളിക്കുന്നതു തടഞ്ഞിട്ടുണ്ട്. ഒരു കീടനാശിനിയും അന്തരീക്ഷത്തിലൂടെ സ്‌പ്രേ ചെയ്യുന്നതിന് അനുവാദമില്ല. നിരോധനത്തില്‍ പെട്ട കീടനാശിനികള്‍ക്ക് ഇനി മുതല്‍ കൃഷി വകുപ്പ് ലൈസന്‍സ് നല്‍കില്ല. ഈ കീടനാശിനികളുടെ ലിസ്റ്റ് എല്ലാ ജില്ലാ കൃഷി ഓഫീസര്‍മാര്‍ക്കും നല്‍കും. ഇവ വില്‍ക്കുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കും എതിരേ കര്‍ശന നടപടി ഉണ്ടാകും. നിയമ നടപടികള്‍ എല്ലാം പൂര്‍ത്തിയായാല്‍ നിരോധനം അടുത്ത മാസം മുതല്‍ പൂര്‍ണ്ണമായും പ്രാബല്യത്തില്‍ വരുത്താം എന്ന് കരുതപ്പെടുന്നു. ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനും ഉള്ള സാധ്യതകളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.