കൊച്ചി: ദുബായില്‍ എഫ്. എം. റേഡിയോ ജീവനക്കാരിയായ യുവതിയുടെ നഗ്ന ചിത്രങ്ങള്‍ ഈമെയില്‍ വഴി പ്രചരിപ്പിച്ച കേസില്‍ സഹപ്രവര്‍ത്തകയേയും സുഹൃത്തിനേയും എറണാകുളം ടൌണ്‍ നോര്‍ത്ത് പോലീസ് പിടികൂടി. പാലക്കാട് കുഴല്‍ മന്ദം സ്വദേശിയും മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനുമായ അശ്വിന്‍ (25) പരാതിക്കാരിയുടെ സഹപ്രവര്‍ത്തകയും റേഡിയോ ജോക്കിയുമായ തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി ഗായത്രി (25) എന്നിവരാണ് പോലീസ് പിടിയിലായത്.
ജോലി സംബന്ധമായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നുണ്ടായ വിരോധമാണ് ഈമെയിലിലൂടെ മകളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുവാന്‍ കാരണമായതെന്നും നിരവധി പേര്‍ക്ക് മെയില്‍ അയച്ചതായും യുവതിയുടെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ വാസ്തവമാണെന്ന് കണ്ടെത്തി. ചിത്രങ്ങള്‍ ആദ്യം യുവതിയുടെ ഈമെയിലിലേക്കും തുടര്‍ന്ന് സഹപ്രവര്‍ത്തകരുടേയും ബന്ധുക്കളുടേയും ഈമെയിലുകളിലേക്കും അയച്ചു. യുവതിയുമായി അടുപ്പത്തില്‍ ആയിരുന്ന അശ്വിന്‍ സ്വന്തം ക്യാമറയില്‍ പകര്‍ത്തിയ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളുമാണ് പുറത്തു വന്നിരിക്കുന്നത്. ഗായത്രിയുമായി പിണങ്ങിയതിനു ശേഷമാണ് ഈ ചിത്രങ്ങള്‍ പുറത്തു വന്നതെന്ന് യുവതി പോലീസിനു മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഗായത്രിയേയും അശ്വിനേയും പോലീസ് വലയിലാക്കിയത്.