തിരുവനന്തപുരം : ജോലിയിൽ നിന്നും വിരമിച്ച തൊഴിലാളികൾക്ക് പെൻഷൻ നൽകാൻ പോലും പണം തികയാതെ നട്ടം തിരിയുന്ന കെ. എസ്. ആർ. റ്റി. സി. ഡീസൽ വില വർദ്ധനവ് മൂലം വരുന്ന അധിക ചിലവ് താങ്ങാൻ ആവാതെ ലാഭകരമല്ലാത്ത റൂട്ടുകൾ നിർത്തലാക്കും. ഇത്തരം റൂട്ടുകൾ കണ്ടെത്താനുള്ള നടപടികൾ കോർപ്പൊറേഷൻ ആരംഭിച്ചു കഴിഞ്ഞതായാണ് സൂചന. 5300 പ്രതിദിന റൂട്ടുകളിൽ 1500 റൂട്ടുകളോളം ലാഭകരമല്ല എന്നാണ് കരുതപ്പെടുന്നത്. ഇവ നിർണ്ണയിക്കാനുള്ള നടപടികൾ ഞായറാഴ്ച്ച തന്നെ ആരംഭിച്ചു എന്നാണ് ഔദ്യോഗിക വിശദീകരണം. ബസ് ചാർജ്ജ് വർദ്ധനവ് സർക്കാർ തള്ളിക്കളഞ്ഞ സാഹചര്യത്തിൽ ചുരുങ്ങിയത് 200 കോടി രൂപയെങ്കിലും സർക്കാർ സഹായം ലഭിച്ചാലെ ഇപ്പോഴത്തെ പ്രതിസന്ധി കോർപ്പൊറേഷന് തരണം ചെയ്യാൻ കഴിയൂ.
ലാഭകരമല്ലാത്ത ഉൾപ്രദേശ റൂട്ടുകളിൽ സ്വകാര്യ ബസുകൾ സർവീസ് നടത്താത്ത സാഹചര്യത്തിൽ കെ. എസ്. ആർ. റ്റി. സി. ബസുകൾ മാത്രമാണ് ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ ഏക ആശ്രയം. ഇതാണ് റൂട്ട് റദ്ദാക്കൽ മൂലം ഭീഷണിയിൽ ആകുന്നത്.