കണ്ണൂര്‍ : ഷാര്‍ജയിലെ തൊഴില്‍ ക്യാമ്പില്‍ തങ്ങളെ ഉപേക്ഷിച്ചു കടന്നു കളഞ്ഞ തൊഴില്‍ ഉടമയുടെ കണ്ണൂര്‍ കൂടാളിയിലെ വീട്ടില്‍ ഇവിടെ നിന്നും മടങ്ങി എത്തിയ തൊഴിലാളികള്‍ ഇന്ന് രാവിലെ അന്വേഷിച്ചെത്തി. എന്നാല്‍ അപ്പോഴേയ്ക്കും വിവരം മണത്തറിഞ്ഞ തൊഴില്‍ ഉടമ വിമാനം കയറി അറബി നാട്ടിലേയ്ക്ക് പറന്നിരുന്നു. ആറു മാസക്കാലം തങ്ങള്‍ക്ക് ശമ്പളം നല്‍കാതെ പണിയെടുപ്പിച്ച തൊഴിലുടമയുടെ വീട്ടിനു മുന്‍പില്‍ കേരളത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നുമെത്തിയ നൂറോളം പ്രവാസി തൊഴിലാളികള്‍ തടിച്ചു കൂടിയതോടെ രംഗം സംഘര്‍ഷ ഭരിതമായി. കേരളത്തില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് പുറമേ ആന്ധ്ര, തമിഴ്നാട്, പഞ്ചാബ് എന്നിങ്ങനെ ഇന്ത്യയില്‍ പല ഭാഗത്ത് നിന്നുമുള്ള തൊഴിലാളികളും ഈ സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രശ്നം വഷളാവുന്നതിനു മുന്‍പ് സ്ഥലത്തെത്തിയ രാഷ്ട്രീയ സാമൂഹ്യ നേതാക്കളുടെ മധ്യസ്ഥതയില്‍ തൊഴില്‍ ഉടമയുടെ സഹോദരനും മറ്റു ബന്ധുക്കളും ചര്‍ച്ചയ്ക്ക് തയ്യാറായി. നാളെ (ചൊവ്വ) രാവിലെ പതിനൊന്നു മണിക്ക് മട്ടന്നൂരില്‍ വെച്ച് നടക്കുന്ന ചര്‍ച്ചയില്‍ തൊഴിലാളികളും, പ്രശ്നത്തില്‍ ഇടപെട്ട രാഷ്ട്രീയ സാമൂഹ്യ നേതാക്കളും തൊഴില്‍ ഉടമയുടെ സഹോദരന്മാരുമായി സംസാരിച്ചു തൊഴിലാളികള്‍ക്ക് ലഭിയ്ക്കാനുള്ള ശമ്പള കുടിശ്ശിക ലഭ്യമാക്കാന്‍ വേണ്ട നടപടികളെ കുറിച്ച് തീരുമാനം കൈക്കൊള്ളും എന്ന് തൊഴിലാളികളുടെ നേതാവായ സുനില്‍ ചാലില്‍ അറിയിച്ചു.