കണ്ണൂര്‍ : രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകരുടെ മദ്ധ്യസ്ഥതയില്‍ ഉണ്ടാക്കിയ ഉടമ്പടി മുതലാളിയുടെ ബന്ധുക്കള്‍ പാലിക്കാതിരുന്നതിനെ തുടര്‍ന്ന് വെട്ടിലായ തൊഴിലാളികള്‍ക്ക് പോലീസ് സ്റ്റേഷനില്‍ പരിഹാരമായി. ഷാര്‍ജയില്‍ കണ്ണൂര്‍ സ്വദേശിയായ തൊഴില്‍ ഉടമ മുങ്ങിയതിനെ തുടര്‍ന്ന് ശമ്പളം ലഭിക്കാതെ വലഞ്ഞ തൊഴിലാളികള്‍ നാട്ടില്‍ തിരിച്ചെത്തിയതിനു ശേഷം മുതലാളിയുടെ വീട്ടിലെത്തി ബഹളം വെച്ചത് e പത്രം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ജൂണ്‍ 15നു ശമ്പള കുടിശികയായി നല്‍കാനുള്ള മൊത്തം തുകയ്ക്കുള്ള ചെക്ക് മദ്ധ്യസ്ഥരുടെ സാന്നിദ്ധ്യത്തില്‍ തൊഴിലാളികള്‍ക്ക് കൈമാറും എന്നായിരുന്നു നേരത്തെ ഉണ്ടാക്കിയ കരാര്‍. എന്നാല്‍ പണം സ്വീകരിക്കാന്‍ എത്തിയ തൊഴിലാളികളോട് മുതലാളിയുടെ ബന്ധുക്കള്‍ കയര്‍ക്കുകയും പണം നല്‍കാനാവില്ല എന്ന് പറയുകയും ചെയ്തു. വാര്‍ത്ത പത്രത്തില്‍ വന്നതിനാലാണ് പണം നല്‍കാത്തത് എന്നാണ് കാരണമായി പറഞ്ഞത്. പത്രത്തിലൊക്കെ വാര്‍ത്ത കൊടുത്ത സ്ഥിതിയ്ക്ക് ഇനി പണം പത്രമാപ്പീസില്‍ നിന്ന് വാങ്ങിയാല്‍ മതി എന്നും ഇവര്‍ തൊഴിലാളികളെ പരിഹസിച്ചു.
പത്രത്തില്‍ വാര്‍ത്ത കൊടുത്തതിന്റെ പേരില്‍ രാഷ്ട്രീയക്കാരും ഇവരെ കൈവേടിഞ്ഞതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എങ്കിലും നിരാശരാവാതെ തങ്ങളുടെ ലക്‌ഷ്യം നേടിയെടുക്കുന്നത് വരെ ഇവര്‍ പൊരുതാന്‍ തന്നെ തീരുമാനിക്കുകയും വീണ്ടും മുതലാളിയുടെ വീടിനു വെളിയില്‍ പ്രതിഷേധ സമരം പുനരാരംഭിക്കുകയും ചെയ്തു. ഇതിനിടയ്ക്ക് തൊഴിലാളികളില്‍ ചിലരെ ലക്‌ഷ്യം വെച്ച് ക്വട്ടേഷന്‍ സംഘത്തെ ഇറക്കിയതായും തൊഴിലാളികള്‍ അറിയിച്ചു. എന്നാല്‍ ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങള്‍ക്ക് പരിചയമുള്ള ചിലര്‍ തൊഴിലാളികളില്‍ ഉള്ളതിനാല്‍ ഇവര്‍ ആക്രമണം നടത്താതെ തിരികെ പോവുകയാണ് ഉണ്ടായത്.
സംഘര്‍ഷത്തെ തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പോലീസ് ഇരു കൂട്ടരെയും പോലീസ് സ്റ്റേഷനിലേക്ക് ചര്‍ച്ചയ്ക്ക് വിളിപ്പിച്ചു. തൊഴിലാളികളുടെ നിശ്ചയദാര്‍ഢ്യം കണ്ട രാഷ്ട്രീയക്കാര്‍ വീണ്ടും ഇവരുടെ സഹായത്തിനെത്താന്‍ തയ്യാറായി. രാഷ്ട്രീയക്കാരുടെ കൂടെ തന്നെ എത്തിയ തൊഴിലാളികളുമായി പോലീസ് സ്റ്റേഷനില്‍ വെച്ച് നടന്ന ചര്‍ച്ചയില്‍ മുതലാളിയുടെ ബന്ധുക്കള്‍ ജൂണ്‍ 25നു ചെക്ക് നല്‍കാമെന്ന് സമ്മതിച്ചു. ജൂലൈ 30 നു തീയതി ഇട്ട ചെക്കാണ് നല്‍കുക.