ശബ്ദിക്കുന്ന കലപ്പ നിലച്ചപ്പോള്‍

July 2nd, 2012

ponkunnam-varkey-epathram

പൊൻകുന്നം വർക്കി എന്ന മലയാളത്തിന്റെ സ്വന്തം കഥാകാരന്‍ നമ്മെ വിട്ടുപോയിട്ട് എട്ടു വര്ഷം തികയുന്നു (ജൂലൈ 1, 1911 – ജൂലൈ 2, 2004) മലയാള സാഹിത്യത്തിൽ പുരോഹിതവർഗ്ഗത്തിന്റെയും അധികാരപ്രഭുക്കളുടെയും കൊള്ളരുതായ്മകൾക്കെതിരെ രോഷത്തിന്റെ വിത്തുപാകിതയായിരുന്നു വർക്കിയുടെ രചനകൾ. ജീവിതാവസാനം വരെ താൻ ഉയർത്തിപ്പിടിച്ച വിശ്വാസങ്ങളിൽ അദ്ദേഹം ഉറച്ചുനിന്നു. ജീവിതത്തിന്റെ മധ്യാഹ്നംവരെയേ എഴുതിയുള്ളെങ്കിലും വർക്കി മലയാള സാഹിത്യത്തിനു നൽകിയ സംഭാവനകൾ വിലമതിക്കാനാവത്തതാണ്‌.
‘തിരുമുൽക്കാഴ്ച’ എന്ന ഗദ്യകവിതയുമായാണ്‌ വർക്കി സാഹിത്യ രംഗത്തേക്കു കടന്നത്‌. 1939-ലായിരുന്നു ഇത്‌. പ്രഥമകൃതിക്കുതന്നെ മദ്രാസ്‌ സർവ്വകലാശാലയുടെ സമ്മാനം ലഭിച്ചു. ശബ്ദിക്കുന്ന കലപ്പ എന്ന പ്രശസ്തമായ കഥയും ഇദ്ദേഹത്തിന്റെതാണ്. രോഷത്തിന്റെ കനലുകൾവിതച്ച രചനകള്‍ പലരേയും പൊള്ളിച്ചു. കഥകൾ മതമേലധ്യക്ഷന്മാരെയും അധികാരവർഗ്ഗത്തെയും വിളറിപിടിപ്പിച്ചു. കഥകൾ എഴുതിയതിന്റെ പേരിൽ അധികാരികൾ വർക്കിയെ അധ്യാപന ജോലിയിൽനിന്നു പുറത്താക്കി. തിരുവതാംകൂർ ദിവാൻ ഭരണത്തെ എതിർത്തതിന്റെ പേരിൽ 1946-ൽ ആറുമാസം ജയിലിൽക്കിടക്കേണ്ടി വന്നു. നാടകവും ചെറുകഥയുമുൾപ്പടെ അൻപതോളം കൃതികൾ വർക്കിയുടേതായി പ്രസിദ്ധപ്പെടുത്തി. എണ്ണപ്പെട്ട ചില മലയാള സിനിമകൾക്ക്‌ കഥയും സംഭാഷണവും രചിച്ചിട്ടുണ്ട്‌. പുരോഗമന കലാസാഹിത്യ സംഘടനയുടെ സെക്രട്ടറിയായി അഞ്ചുവർഷത്തോളം പ്രവർത്തിച്ചു. എഴുത്തുകാരുടെ കൂട്ടായ്മക്കായി രൂപീകൃതമായ സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെയും നാഷണൽ ബുക്ക്‌ സ്റ്റാളിന്റെയും സ്ഥാപകരിലൊരാളായിരുന്നു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്‌ എക്സിക്യുട്ടീവ്‌ അംഗം എന്നീനിലകളിലും പ്രവർത്തിച്ചു. താൻ തുടങ്ങിവച്ച പുരോഗമന സാഹിത്യ സംരംഭങ്ങൾക്ക്‌ അദ്ദേഹം ജീവിതാവസാനംവരെ ഊർജ്ജം പകർന്നു. 2004 ജൂലൈ 2-ന് പാമ്പാടിയിലുള്ള വസതിയിൽ വച്ചാണ് പൊന്‍കുന്നം വര്‍ക്കി മരണമടഞ്ഞത്.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജയചന്ദ്രന്‍ നായര്‍ സമകാലിക മലയാളം വാരികയുടെ പത്രാധിപര്‍ സ്ഥാനം രാജിവെച്ചു

June 21st, 2012

കൊച്ചി: മാനേജ്‌മെന്റുമായുണ്ടായ അഭിപ്രായ വ്യത്യാസ ത്തെത്തുടര്‍ന്ന് സമകാലിക മലയാളം വാരികയുടെ പത്രാധിപര്‍ സ്ഥാനത്തുനിന്ന് എസ്. ജയചന്ദ്രന്‍ നായര്‍ രാജിവച്ചു. ദേശാഭിമാനി റസിഡന്റ് എഡിറ്ററും പ്രശസ്ത കവിയുമായ പ്രഭാവര്‍മയുടെ ശ്യാമ മാധവം എന്ന ഖണ്ഡകാവ്യത്തിന്റെ പരമ്പര ജയചന്ദ്രന്‍ നായര്‍ ഇടപെട്ട് പ്രസിദ്ധീകരണം നിര്‍ത്തിച്ചിരുന്നു. ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തെത്തുടര്‍ന്ന് പ്രഭാവര്‍മ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ സിപിഎമ്മിനെ ന്യായീകരിച്ചെന്നാരോപിച്ചാണ് കവിതയുടെ പ്രസിദ്ധീകരണം നിറുത്തിയ സംഭവം  അടുത്തിടെ സാഹിത്യലോകത്ത് വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. എന്നാല്‍  പ്രഭാവര്‍മ വിഷയമല്ല എന്നും മാസികയുടെ താഴ്ന്ന സര്‍ക്കുലേഷനാണ്  രാജിയ്ക്ക് കാരണമെന്ന് സൂചനകളുണ്ട്. 15 വര്‍ഷം മുമ്പ് വാരിക പ്രസിദ്ധീകരണം തുടങ്ങിയതുമുതല്‍ ജയചന്ദ്രന്‍ നായരാണ് എഡിറ്ററുടെ ചുമതല വഹിക്കുന്നത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

വായന മനുഷ്യനെ പൂര്‍ണനാക്കുന്നു.

June 19th, 2012

books-epathram

ഇന്ന് വായനാദിനം ജൂണ്‍ 19

” വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും..
വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും”

കുഞ്ഞുണ്ണിമാഷിന്റെ ഈ വരികള്‍ ഈ വായനാ ദിനത്തില്‍ ഒരോര്‍മ്മക്കുറിപ്പായി നമുക്ക് ചുറ്റുമുണ്ട്, കുമാരനാശാന്‍, വള്ളത്തോള്‍, അയ്യപ്പപണിക്കര്‍, ബഷീര്‍, ഉറൂബ്, ഒ.വി.വിജയന്‍, വികെഎന്‍, മാധവികുട്ടി … അങ്ങനെ മലയാളത്തിനു എഴുത്തിലൂടെ സുകൃതം പകര്‍ന്നവര്‍ നിരവധി പേര്‍. വായന മനുഷ്യനെ പൂര്‍ണനാക്കുന്നു. അറിവു പകരുനതിനോടൊപ്പം തന്നെ, നമ്മുടെ സംസ്കാരത്തെ തിരിച്ചറിയാനും വായന സഹായിക്കുന്നു  നാം അക്ഷരങ്ങളുടെ ലോകത്തേക്കു യാത്ര പോവുകമ്പോള്‍  വിജ്ഞാനത്തിന്‍റെയും വൈവിധ്യത്തിന്‍റെയും വാതായനങ്ങള്‍ തുറക്കുന്ന വായന സംസ്കാരത്തെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. കാലത്തെ അതിജീവിച്ച് നിലകൊളളുന്നതാണ് യഥാര്‍ത്ഥ സാഹിത്യം. ഈ അര്‍ത്ഥത്തില്‍ വായന മരിക്കുന്നു എന്ന ആകുലതക്ക് സ്ഥാനമില്ല, എന്നാല്‍ ഭാഷ മരിക്കുന്നു എന്ന ആകുലത നമ്മെ വല്ലാതെ അലട്ടുന്നു. മാതൃഭാഷയെ സ്നേഹിക്കാന്‍ മടിക്കുന്ന ഒരു സമൂഹം നമുക്കൊപ്പം വളര്‍ന്നു വരുന്നുണ്ട്. ഈ സത്യത്തെ നാം കണ്ടില്ലെന്നു നടിച്ചിട്ടു കാര്യമില്ല. മലയാളത്തെ സ്നേഹിക്കാനും ഭാഷയെ പറ്റി പഠിക്കുവാനും നമ്മുടെ പുതു തലമുറയെ സന്നദ്ധരാക്കണം. ഭാഷയെ തൊട്ടറിയാനും അനുഭവിച്ചറിയാനും വിവിധ തരത്തിലുള്ള മാധ്യമങ്ങളുടെ സാന്നിദ്ധ്യം നമ്മെ സഹായിക്കാന്‍ ഉണ്ടെകിലും ആത്യന്തികമായി പുസ്തക വായന തന്നെയാണ് നമ്മെ സന്തോഷിപ്പിക്കുന്നത്.  ന്യൂസ് പേപ്പറുകള്‍ മുതല്‍ ബ്ലോഗ്‌ വരെ വായനയെ പ്രോല്സാഹിക്കാന്‍ സഹായിക്കുന്നു. സാങ്കേതിക വിദ്യ വികസിച്ചതോടെ കത്തുകളുടെ സ്ഥാനത്ത് ഇടംപിടിച്ച ഇ മെയിലുകളും ബ്ലോഗുകളും ആധുനിക തലമുറയെ വായനയോട് അടുപ്പിക്കുന്നു. ഇത്  സാങ്കേതികവിദ്യയുടെ വളര്‍ച്ചയായി മാത്രമേ കാണേണ്ടതുളളു. താളിയോലകളില്‍ തുടങ്ങി  പേപ്പറില്‍നിന്നു മോണിറ്ററിലേക്കു വഴിമാറി. വരും കാല സാങ്കേതിക വിദ്യ  വായന ഏതു തരത്തില്‍ നമുക്ക് മുന്നില്‍ എത്തിക്കുമെന്നു ഇപ്പോള്‍ പറയാനാവില്ലെങ്കിലും വായന മോണിട്ടറില്‍ നിന്നും മറ്റൊരു പ്രതലത്തിലേക്ക് മാറുമെന്ന വ്യത്യാസം മാത്രം. ഭാഷയുടെ നിലനില്‍പ്പിനെ പറ്റി ചിന്തിക്കാന്‍ ഈ വായനാ ദിനം അവസരമൊരുക്കട്ടെ. കേരള ഗ്രന്ധ ശാല സംഘത്തിന്റെ പിന്നിലെ ബുദ്ധി കേന്ദ്രവും കെ.എ.എന്‍.എഫ്.ഇ.ഡി. സ്താപകനുമായ ശ്രി. പി.എന്‍.പണിക്കരുടെ ഓര്‍മയിലാണ്  കേരളം വായനാ ദിനമായി ആചരിക്കുന്നത്. വായനാ ശീലം വളര്‍ത്തുന്നടോപ്പം തന്നെ പുതിയ എഴുത്തുകാരേയും പുസ്തകങ്ങളേയും പരിചയപ്പെടാന്‍ ഈ ദിവസം സഹായിക്കട്ടെ.

- ഫൈസല്‍ ബാവ

വായിക്കുക: , ,

3 അഭിപ്രായങ്ങള്‍ »

പ്രഭാവര്‍മയുടെ കവിത ‘മലയാളം’ പ്രസിദ്ധീകരിക്കില്ല

May 27th, 2012

Prabha_Varma-epathram
തിരുവനന്തപുരം: പ്രശസ്ത കവിയും ദേശാഭിമാനി റസിഡന്‍റ് എഡിറ്ററുമായ ‍ പ്രഭാവര്‍മയുടെ  കവിത ഇനി സമകാലിക മലയാളം പ്രസിദ്ധീകരിക്കില്ലെന്നു പത്രാധിപര്‍ എസ്.  ജയചന്ദ്രന്‍ നായര്‍.  ചന്ദ്രശേഖരനെ വധിച്ചവരെ ‘വാക്കിന്‍െറ സദാചാരം കൊണ്ട്’ ന്യായീകരിച്ചുവെന്ന് ചൂണ്ടികാട്ടി  കഴിഞ്ഞലക്കം മുതല്‍ വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്ന ‘ശ്യാമ മാധവം’എന്ന ഖണ്ഡ കവിതയാണ്  പ്രസിദ്ധീകരിക്കാതെ മാറ്റിവെച്ച് കൊണ്ട് പ്രതിഷേധം അറിയിച്ചത്.  ഈ ലക്കം പത്രാധിപരുടെ വിയോജനക്കുറിപ്പോടെയാണ്  നിര്‍ത്തിവെക്കുന്നത്. ദേശാഭിമാനിയില്‍ ശനിയാഴ്ചയും അതിന് മുമ്പുള്ള ദിവസങ്ങളിലും പാര്‍ട്ടി നിലപാടിനെ ന്യായീകരിച്ച് പ്രഭാവര്‍മ എഴുതിയിരുന്നു ഈ  ലേഖനങ്ങളാണ് വാരികയെ ചൊടിച്ചിച്ചത്. ‘അമ്പത്തിയെട്ട് വെട്ടുകള്‍ കൊണ്ട് നുറുക്കി ഒരു മനുഷ്യന്‍െറ ജീവന്‍ അപഹരിച്ചവരെ വാക്കിന്‍െറ സദാചാരം കൊണ്ട് ന്യായീകരിക്കുന്നതില്‍പരം നിന്ദ്യവും ഹീനവുമായ ഒരു കൃത്യമില്ലെന്നും ദേശാഭിമാനിയുടെ റസിഡന്‍റ് എഡിറ്റര്‍ പ്രഭാവര്‍മ അതാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും’ പത്രാധിപര്‍ എസ്. ജയചന്ദ്രന്‍ നായര്‍ വ്യക്തമാക്കുന്നു

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

‘പി’ പ്രകൃതിയെ പ്രണയിച്ച കവി

May 26th, 2012

Kunhiraman_nair-epathram

“കുയിലും, മയിലും,
കുഞ്ഞിരാമന്‍ നായരും
കൂടുകൂട്ടാറില്ല”
-: കെ. ജി. ശങ്കരപ്പിള്ള

മലയാള കവിതയില്‍ പ്രകൃതി സൗന്ദര്യം കവിതകളിലേക്ക് ആവാഹിച്ച കാല്പനിക കവിയായിരുന്നു ‘പി’ എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന പി. കുഞ്ഞിരാമന്‍ നായര്‍.  കേരളത്തിന്റെ പച്ചപ്പ്‌ നിറച്ച കവിതകള്‍ നിരവധി സംഭാവന ചെയ്യാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. ജീവിതം തന്നെ കവിതക്കായി ഒരലച്ചിലാക്കി മാറ്റിയ ഈ നിത്യസഞ്ചാരിയുടെ ജീവിതം അടുക്കും ചിട്ടയുമില്ലാതെ എഴുതിയ കവിത പോലെയായിരുന്നു. കേരളത്തിന്റെ പച്ചപ്പ്‌, ക്ഷേത്രാന്തരീക്ഷം, ആചാരാനുഷ്ഠാനങ്ങൾ, ദേവതാസങ്കൽപ്പങ്ങൾ എന്നിവയുടെ, ചുരുക്കത്തിൽ കേരളീയതയുടെ നേര്‍ ചിത്രങ്ങള്‍ ആയിരുന്നു പിയുടെ ഓരോ കവിതയും.

തനി കേരളീയ കവിയാണ് പി. പ്രകൃതിക്ക് മനുഷ്യഭാവവും മനുഷ്യന് പ്രകൃതിഭാവവും നല്‍കിയ കവി. ഏറെക്കാലം കൊതിച്ചു കാത്തിരുന്ന ഉത്സവം കാണാനാകാതെ ആല്‍ത്തറയില്‍ കഞ്ചാവടിച്ചു മയങ്ങിപ്പോയതിനെപ്പറ്റിയും ‘തോഴനാം കൊച്ചുമിടുക്കന്റെ ഉര്‍വശീവേഷമിരുട്ടത്ത് കണ്ടുമിരണ്ടനാള്‍’ പടിക്കു പുറത്താവുന്ന കഥകളി ക്കാരനെപ്പറ്റി എമെഴുതുമ്പോള്‍ ആത്മകഥയും കവിതയും ഒന്നാവുന്നു.  പ്രകൃതിക്ക് മേല്‍ മനുഷ്യന്‍ ഏല്‍പ്പിക്കുന്ന ഓരോ മുറിവും പി കവിതയിലൂടെ ആവിഷ്കരിച്ചു. വിശ്വാസത്തിന്റെ വരമ്പിലൂടെ നടക്കുമ്പോള്‍ തന്നെ വിശ്വാസത്തിന്റെ പേരില്‍ നടക്കുന്ന നെറികേടുകളെ  കണ്ടില്ലെന്നു നടിക്കാന്‍ പിയ്ക്ക് ആയില്ല.

ക്ഷേത്രം ഭരിപ്പുകാരായ
പെരുച്ചാഴികള്‍ കൂട്ടമായ്
മാന്തിപ്പൊളിക്കയായ് സ്വര്‍ണ
നിക്ഷേപത്തിന്റെ കല്ലറ.”
(നരബലി)

ആത്മീയത എന്നാല്‍ സ്വയം തിരിച്ചറിയേണ്ട ഒന്നാണെന്ന് പി മനസിലാക്കി
“പാട്ടുപെട്ടിക്കേളി കേട്ടൊരു കോവിലിന്‍
നീടുറ്റ പുണ്യനട കണ്ടുവെങ്കിലും,
പേര്‍ത്തുമടച്ച നട തുറക്കും വരെ
കാത്തു കിടക്കാന്‍ സമയമില്ലായ്കയാല്‍
മിന്നുന്ന സത്യപ്പൊരുളിന്‍ മലരടി
കണ്ടു തൊഴാതെ തിരിച്ചു പോകുന്നു ഞാന്‍.”

പി എവിടെയും കാത്തു നില്‍ക്കാതെ അലയുകയായിരുന്നു. തന്റെ കവിതക്കായ്‌ നിറുത്താതെ അലഞ്ഞ തീര്‍ത്തും ഒരു സമ്പൂര്‍ണ്ണനായ ഒരു  കവി. തന്റെ ഏറ്റവും പ്രശസ്തമായ കവിതയായ  കളിയച്ഛനില്‍ ഇങ്ങനെ എഴുതി
ബോധമില്ലാതെ കിടക്കുമവസ്ഥയ്ക്കു
മീതെയായ് ഘോരവിപത്തെന്തു ഭൂമിയില്‍?”

അലച്ചിലിനിടയില്‍ ഏറെ പ്രണയഭാരങ്ങള്‍ പിയെ വലം വെച്ചു, ചിലത് തേടി ചെന്നു, ചിലത് ഉപേക്ഷിച്ചു.  ഇത്തരത്തില്‍ കുറെ പ്രണയ പാപങ്ങളും കവിയില്‍ വന്നടിഞ്ഞു
ഏവമെന്തിനിണങ്ങി നാം തമ്മില്‍
വേര്‍പിരിയുവാന്‍ മാത്രമായ്

(മാഞ്ഞുപോയ മഴവില്ല്)

“യൗവനം വറ്റിയ കാറ്റിന്‍ പ്രേമ-
ലേഖനം പൂവു തിരിച്ചയച്ചു”
(പിച്ചിച്ചീന്തിയ പുഷ്പചിത്രം)
ഇങ്ങനെ നീളുന്നു പിയുടെ ജീവിതമെന്ന കവിത.  അതുകൊണ്ടാണ് ഭ്രഷ്ടകാമുകനായി അലഞ്ഞുതിരിഞ്ഞ പി. വാക്കും വരികളും വാരിയെറിഞ്ഞ ധൂര്‍ത്തന്‍ എന്ന് പറയുന്നത് .
വിരഹവേദനയും ഗൃഹാതുരതയും കാല്‍പ്പനിക കവികളുടെ പൊതുസ്വത്താണെങ്കിലും ആ ബാങ്കില്‍ ഏറ്റവും വിപുലമായ സ്ഥിരനിക്ഷേപം കുഞ്ഞിരാമന്‍നായരുടെ പേരില്‍ത്തന്നെ പതിഞ്ഞുകിടക്കും’ – എന്ന് പിയെപറ്റി  എം. ലീലാവതി  എഴുതി. അതെ പിയുടെ നിക്ഷേപം കവിതയായ്‌, ആത്മകഥയായ്‌ നമുക്ക് മുന്നില്‍ അനശ്വരമായി നിലനില്‍ക്കുന്നു. പ്രകൃതിയെ കുറിച്ച് നിറുത്താതെ കവിതയെഴികൊണ്ടിരുന്ന പി  ഈ പച്ചപ്പിനെ വിട്ടകന്നിട്ട് ഇന്നേക് 34വര്‍ഷം തികയുന്നു. ഒട്ടേറെ കവിതാ സമാഹാരങ്ങളും ജീവചരിത്രങ്ങളും നാടകങ്ങളും രചിച്ചിട്ടുണ്ട്‌. ആത്മകഥാപര ഗ്രന്ഥങ്ങളായ ‘കവിയുടെ കാൽപ്പാടുകൾ’,’എന്നെ തിരയുന്ന ഞാൻ’, ‘നിത്യകന്യകയെത്തേടി’ എന്നിവ മലയാളഭാഷയിലെ കവിത തുളുമ്പുന്ന ഗദ്യത്തിന്‌ ഉത്തമോ ദാഹരണങ്ങളാണ് ഇവ‌. വാസന്തിപ്പൂക്കള്‍, പൂമ്പാറ്റകള്‍, അന്തിത്തിരി, മണിവീണ, അനന്തന്‍കാട്ടില്‍, ഭദ്രദീപം, പടവാള്‍, നിറപറ, പാതിരാപ്പൂവ്, ശംഖനാദം, നിശാന, പ്രേമപൗര്‍ണമി, വരഭിക്ഷ, കളിയച്ഛന്‍, നക്ഷത്രമാല, പൂത്താലി, പൂമാല, താമരത്തോണി, താമരത്തേന്‍, വയല്ക്കരയില്‍, പൂക്കളം, ഓണപ്പൂക്കള്‍, സൗന്ദര്യദേവത, ചിലമ്പൊലി, രഥോത്സവം എന്നിവയാണ് പിയുടെ മറ്റു പ്രധാന കൃതികള്‍.

കവിതയൊഴികെ മറ്റൊന്നും ജീവിതത്തിൽ ലക്ഷ്യമാക്കാതെ നടത്തിയ യാത്രകൾക്കൊടുവിൽ 1978 മേയ്‌ 27ന്‌ തിരുവനന്തപുരത്തെ ഒരു സത്രത്തിൽ ഹൃദയസ്തംഭനംമൂലം പി കുഞ്ഞിരാമന്‍ നായര്‍  അന്തരിച്ചു.  എന്നാല്‍ ‘പി’യുടെ കവിതകള്‍ കാലത്തെ അതിജീവിച്ച് കൂടുതല്‍ കൂടുതല്‍ നമ്മളിലേക്ക് ചേര്‍ന്ന് വരികയാണ്. ‘പി’യില്ലാത്ത മലയാള കവിത അപൂര്‍ണ്ണമാണ്. അത്രയും മലയാളത്തെ സ്വാധീനിച്ച കവിയാണ് ‘പി’. പ്രകൃതിയെപ്പറ്റി ഇത്രയധികം പാടിയ മറ്റൊരു കവിയുണ്ടാവില്ല. ആധുനികകാല കവികളില്‍ അടിമുടി കവിയായ ഒരാളേയുള്ളു. അതാണ്‌ പി. കുഞ്ഞിരാമന്‍ നായര്‍.

- ഫൈസല്‍ ബാവ

വായിക്കുക: ,

6 അഭിപ്രായങ്ങള്‍ »

14 of 261013141520»|

« Previous Page« Previous « വി. എസും. പുതിയ ഇടതുപക്ഷ സാധ്യതകളും
Next »Next Page » ലാലിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്തതു ആനക്കൊമ്പ്‌ തന്നെ ‍ »



  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine