എം.പി.പോള്‍ മലയാള സാഹിത്യത്തിലെ കരുത്തുറ്റ വിമര്‍ശകന്‍

July 12th, 2011

മലയാളത്തിലെ ശ്രദ്ധേയനായ സാഹിത്യ വിമർശകനായിരുന്ന, മലയാളത്തിൽ പുരോഗമന സാഹിത്യ പ്രസ്ഥാനത്തിനു തുടക്കം കുറിക്കുന്നതിൽ മഹത്തായ പങ്കുവഹിച്ച, എഴുത്തുകാർക്ക് അർഹമായ പ്രതിഫലം ലഭിക്കാതിരുന്ന കാലത്ത് സാഹിത്യകാരന്മാർക്കായി സാഹിത്യ പ്രവർത്തക സഹകരണം സംഘം രൂപവത്കരിക്കുന്നതിനു മുൻ‌കൈയ്യെടുത്ത, സംഘത്തിന്റെ ആദ്യ പ്രസിഡണ്ടുമായിരുന്ന എം.പി. പോൾ അന്തരിച്ചിട്ട് ഇന്നേക്ക് 59 വര്‍ഷം തികയുന്നു.  മലയാള സാഹിത്യ വിമർശനത്തിന് ആധുനിക പരിപ്രേക്ഷ്യം നൽകിയത് പോളായിരുന്നു. വിശ്വസാഹിത്യത്തിൽ അഗാധമായ അറിവുണ്ടായിരുന്ന അദ്ദേഹം പാശ്ചാത്യ സാഹിത്യ വിമർശന ശൈലികൾ മലയാളത്തിലേക്കും പറിച്ചുനട്ടു. പ്രൌഢവും സരസവുമായ ഗദ്യശൈലിക്കുടമായിരുന്നു പോൾ. ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന അദ്ദേഹം ഇംഗ്ലീഷ്-മലയാളം നിഘണ്ടുവിനു രൂപം നൽകാൻ ശ്രമിച്ചെങ്കിലും അതിനു മുമ്പ്‌ അദ്ദേഹം  മരണമടഞ്ഞു.

മതസ്ഥാപനങ്ങളുടെ വിശേഷിച്ചും ക്രൈസ്തവ സഭാ നേതൃത്വത്തിന്റെ യാഥാസ്ഥിതിക നിലപാടുകൾക്കെതിരെ ശക്തമായ വിമർശനങ്ങൾ നടത്തിയിരുന്നു. ജീവിതകാലം മുഴുവൻ പോളിനു സഭയുടെ എതിർപ്പു നേരിടേണ്ടിവന്നു. മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട എഴുത്തുകാരിൽ ഒരാളായിരുന്നു അദ്ദേഹം. ഈ വിരോധം അദ്ദേഹത്തിന്റെ മരണശേഷവും തുടർന്നു. 1952-ജൂലായ്‌ 12ന് അദ്ദേഹം മരിച്ചപ്പോള്‍ പള്ളിവക ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കാൻ സഭാ നേതൃത്വം വിസമ്മതിച്ചു. സഭാ വിരോധികൾക്കും പാഷണ്ഡികൾക്കും നീക്കിവച്ചിരിക്കുന്ന തെമ്മാടിക്കുഴിയിൽ പോളിനെ സംസ്കാരിക്കാനായിരുന്നു സഭാ നേതൃത്വത്തിന്റെ തീരുമാനം.

1904 ല്‍ എറണാകുളം ജില്ലയിലെ പുത്തൻ‌പള്ളിയിലാണു എം.പി. പോൾ ജനിച്ചത്‌. ഔദ്യോഗിക ജീവിതംകോളജ് അദ്ധ്യാപകൻ എന്ന നിലയിലും പേരെടുത്തിരുന്നു എം.പി. പോൾ. തിരുച്ചിറപ്പള്ളി കോളേജിലാണ് ആദ്യം ജോലി ചെയ്തത്. അന്ന് ഐ.സി.എസ്. പരീക്ഷയിൽ ഒൻപതാമത്തെ റാങ്ക് കിട്ടിയിരുന്നു, എന്നാൽ ആദ്യത്തെ ആറു പേർക്കു മാത്രമേ ജോലി ലഭിച്ചിരുന്നുള്ളു. അതിനാൽ അദ്ദേഹം തൃശ്ശൂർ വന്നു. സെന്റ് തോമസ് കോളജ്, തൃശൂർ, എസ്.ബി. കോളജ്, ചങ്ങനാശേരി എന്നിവിടങ്ങളിൽ ഇംഗ്ലീഷ് ഭാഷാധ്യാപകനായി ജോലി ചെയ്തു. തുടർന്ന് “എം.പി. പോൾസ് ട്യൂട്ടോറിയൽ കോളജ് ”എന്ന പേരിൽ സമാന്തര വിദ്യാഭ്യാസ സ്ഥാപനം നടത്തി. കേരളത്തിൽ ഏറ്റവും ശ്രദ്ധനേടിയ സമാന്തര വിദ്യാഭ്യാസ സംരംഭമായിരുന്നു അത്.
എം. പി. പോള്‍ എന്ന കരുത്തുറ്റ വിമര്‍ശകന്‍ മലയാള സാഹിത്യത്തിനു നല്‍കിയ സംഭാവനകള്‍ വിലപെട്ടതാണ്. ബഷീറിന്റെ ബാല്യകാല്യസഖിക്ക് എഴുതിയ അവതാരിക തന്നെ കേരളം മുഴുവന്‍ ചര്‍ച്ച ചെയ്തവയാണ്. ആ മഹാനായ സാഹിത്യ വിമര്‍ശകന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു

- ഫൈസല്‍ ബാവ

വായിക്കുക:

അഭിപ്രായം എഴുതുക »

യു.പി. ജയരാജ് നമ്മെ വിട്ടകന്നിട്ട് 12 വര്‍ഷങ്ങള്‍

July 11th, 2011

മലയാളസാഹിത്യത്തിലെ ആധുനികചെറുകഥാകൃത്തുക്കളിൽ പ്രമുഖനായിരുന്നു യു.പി. ജയരാജ്. ആധുനികതയിലെ മാർക്സിസ്റ്റ് ധാരയെ പ്രതിനിധാനം ചെയ്ത എഴുത്തുകാരന്‍. നിരാശാഭരിതനായ സുഹൃത്തിന്‌ ഒരു കത്ത്, സ്മരണ, ഒക്കിനാവയിലെ പതിവ്രതകൾ എന്നീ മൂന്നു കൃതികള്‍ മാത്രമേ അകാലത്തില്‍ പൊലിഞ്ഞ ജയരാജില്‍ നിന്നും നമിക്കു ലഭിച്ചുള്ളൂ എങ്കിലും അവ മൂന്നും കാനപ്പെട്ട കൃതികള്‍ തന്നെയായിരുന്നു. മഞ്ഞ് എന്ന ഒറ്റ കഥ മതി ജയരാജിന്റെ സര്‍ഗ വൈഭവത്തെ വിലയിരുത്താന്‍ . ഒക്കിനാവയിലെ പതിവ്രതകള്‍, മഞ്ഞ് എന്നീ കഥകള്‍ മലയാളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടവയാണ്.

1950-ൽ കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കടുത്താണ് ജയരാജ്‌ ജനിച്ചത്. കതിരൂർ ഗവണ്മെന്റ് ഹൈസ്കൂളിലെ പഠനത്തിനു ശേഷം ഐ.ടി.ഐ. ഡിപ്ലോമ നേടി. മഹാരാഷ്ട്രയിലെ അംബർനാഥ് ആയുധനിർമ്മാണശാലയിൽ ഇലക്ട്രീഷ്യനായി ജോലിയിൽ പ്രവേശിച്ചു. തിരുച്ചിറപ്പള്ളി ആയുധനിർമ്മാണശാലയിൽ ഇലക്ട്രിക്കൽ ചാർജ്‌മാനായിരിക്കെ 1999 ജൂലൈ 11-നാണ് അദ്ദേഹം മരണപ്പെട്ടത്. യു.പി. ജയരാജിന് പുരസ്കാരങ്ങളൊന്നും ലഭിച്ചിട്ടില്ല. പക്ഷെ മരണാനന്തരം അദ്ദേഹത്തിന്റ പേരിൽ തലശ്ശേരിയിലെ യു.പി. ജയരാജ് ട്രസ്റ്റ് മലയാള ചെറുകഥയ്ക്ക് അവാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്.

-

വായിക്കുക:

അഭിപ്രായം എഴുതുക »

ഉറൂബ് മലയാളത്തിന്റെ പുണ്യം

July 11th, 2011

uroob-epathram

സുഖകരമായ വായന പ്രദാനം ചെയ്യുന്ന എഴുത്തുകാര്‍ അന്യമാകുന്ന ഈ കാലഘട്ടത്തില്‍ വായന നമ്മിലേക്ക് വീണ്ടും കൊണ്ടു വരേണ്ടത് ആവശ്യമാണെന്ന ബോധമാണ് ഉറൂബിനെ പോലുള്ള എഴുത്തുകാരെ വീണ്ടും കാണാന്‍ നാം ആഗ്രഹിക്കുന്നത്. മുഖവുരയുടെയോ നമ്മുടെ പിന്തുണയോ ആവശ്യമില്ലാതെ എഴുത്തുകാരന്‍, കാലത്തെ മറി കടന്ന കലാകാരന്‍, പുതുമ അംഗീകരിക്കുന്ന കഥാകാരന്‍ വിശേഷണങ്ങള്‍ എന്തുമാകാം. പക്ഷെ മലയാള ഭാഷ ഉള്ളിടത്തോളം ഉറൂബിന്റെ സൃഷ്ടികള്‍ നിലനില്കും. കാവ്യാത്മകത തുളുമ്പുന്ന ഭാഷ, പ്രകൃതിയിലെ ഓരോ ജീവജാലങ്ങളെയും വീക്ഷിച്ചു കൊണ്ട് കഥ പറയുന്ന രീതി നമ്മെ കാഴ്ചയുടെ പരമോന്നതിയില്‍ എത്തിക്കാന്‍ കഴിയുന്ന രചനാ പാടവം എല്ലാം വിസ്മയത്തോടെ മാത്രം കാണാനേ നമുക്ക് കഴിയൂ. അറിവിന്റെ നിറവു വായന ആകണമെങ്കില്‍ നല്ല ഭാഷയില്ലുള്ള നന്മ ഉള്ള കൃതികള്‍ വേണം. ഭാഗ്യവശാല്‍ നമുക്ക് അത് ആവശ്യത്തിനുണ്ട്. അങ്ങനെയുള്ള കൃതികളുടെ സൃഷ്ടാവാണ് ഉറുബ് എന്നതില്‍ നമുക്ക് അഭിമാനിക്കാം.

ഓര്‍മ്മകള്‍ അനുഭൂതി നല്കുകന്ന, വായനയുടെ ഇന്ദ്രീയ സുഖം നല്കുന്ന ഉറൂബിന്റെ കൃതികളുടെ പുനര്‍വായന ഈ അവസരത്തില്‍ അനുയോജ്യമാണെന്ന് കരുതുന്നു. മലയാളിയുടെ സംസ്കാരം വളര്‍ത്താന്‍ ഉതകുന്ന ഉറൂബിന്റെ രചനകള്‍ക്ക് മുമ്പില്‍ നമോവാകം.

ഉറൂബ് എന്ന തൂലികാ നാമത്തില്‍ അറിയപ്പെട്ട പി. സി. കുട്ടികൃഷ്ണന്‍ മലയാള നോവലിസ്റ്റും ചെറുകഥാകൃത്തുമാണ്. മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ 1915-ല്‍ അദ്ദേഹം ജനിച്ചു. 1979-ല്‍ ജൂണ്‍ 11 നു അന്തരിച്ചു. കവി, ഉപന്യാസകാരന്‍, അദ്ധ്യാപകന്‍, പത്ര പ്രവര്‍ത്തകന്‍ എന്നീ നിലകളിലും നിസ്തുലമായ സംഭാവനകള്‍ നല്‍കിയ ഇദ്ദേഹം അഖിലേന്ത്യാ റേഡിയോ (AIR) യുടെ കോഴിക്കോട് നിലയത്തില്‍ 25 വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. പല ജനപ്രിയ പരിപാടികളുടെയും നിര്‍മ്മാതാവായിരുന്നു അദ്ദേഹം. പ്രകൃതി സ്നേഹിയും ഗാന്ധിയനുമായിരുന്ന അദ്ദേഹം കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷനായും മലയാള മനോരമയുടെ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേന്ദ്ര കലാ സമിതി അവാര്‍ഡ് (തീ കൊണ്ട് കളിക്കരുത്), കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (ഉമ്മാച്ചു), എം. പി. പോള്‍ പുരസ്കാരം (ഗോപാലന്‍ നായരുടെ താടി) എന്നീ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഉമ്മാച്ചു (1954), മിണ്ടാപ്പെണ്ണ് (1958), സുന്ദരികളും സുന്ദരന്മാരും (1958), അണിയറ (1967), അമ്മിണി (1972), ചുഴിക്കു പിന്‍പേ ചുഴി (1980) എന്നിവയാണ് പ്രധാന നോവലുകള്‍.

സ്വാതന്ത്ര്യ സമര പശ്ചാത്തലത്തില്‍ സ്വാതന്ത്ര്യത്തിന്റെ മുന്‍പുള്ള കേരളീയ സമൂഹത്തെയും സ്വാതന്ത്ര്യത്തിനു ശേഷമുള്ള കേരളീയ സമൂഹത്തിന്റെയും അനുഭവങ്ങളാണ്‌ ഈ നോവലില്‍. വിശ്വനാഥന്‍, കുഞ്ഞിരാമന്‍, രാധ, ഗോപാല കൃഷ്‌ണന്‍, സുലൈമാന്‍, രാമന്‍ മാസ്റ്റര്‍, വേലുമ്മാന്‍, ശാന്ത, കാര്‍ത്തികേയന്‍, ഹസ്സന്‍ തുടങ്ങിയവര്‍ ഇതിലെ പ്രധാന കഥാപാത്രങ്ങളാണ്‌. താമരത്തൊപ്പി (1955), മുഖംമൂടികള്‍ (1966), തുറന്നിട്ട ജാലകം (1973), നിലാവിന്റെ രഹസ്യം (1974), തിരഞ്ഞെടുത്ത കഥകള്‍ (1982), രാച്ചിയമ്മ (1985) എന്നീ ചെറുകഥാ സമാഹാരങ്ങളും, കവി സമ്മേളനം (1969) ഉപന്യാസവും ഇദ്ദേഹത്തിന്റെ കൃതികളാണ്.

കൃഷ്ണകുമാര്‍ തലേക്കാട്ടില്‍

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇമ്മിണി ബല്ല്യ ബഷീര്‍

July 5th, 2011

vaikom-muhammad-basheer-epathram

വിശ്വ സാഹിത്യത്തിലെ ഒരേയൊരു സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മ്മയായിട്ട് 17 വര്‍ഷങ്ങള്‍ പിന്നിടുന്നു. ആ വലിയ മനുഷ്യന്റെ ഓര്‍മ്മക്ക് മുമ്പില്‍ മലയാളത്തിന്റെ ആദരാഞ്ജലികള്‍.

ബഷീറിന്റെ ഏറെ പ്രശസ്തമായ കഥ ഒരു മനുഷ്യന്‍ ഇവിടെ പുന:പ്രസിദ്ധീകരിക്കുന്നു:

ഒരു മനുഷ്യന്‍

നിങ്ങള്‍ക്കു വ്യക്തമായ കാര്യപരിപാടി ഒന്നുമില്ല. ദൂര ദേശങ്ങളില്‍ അലയുകയാണ്. കൈയ്യില്‍ കാശില്ല, ഭാഷ അറിഞ്ഞു കൂടാ. നിങ്ങള്‍ക്ക് ഇംഗ്ലീഷും ഹിന്ദുസ്ഥാനിയും സംസാരിക്കാനറിയാം. എന്നാല്‍, ഇതു രണ്ടും മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ അവിടെ നന്നേ കുറവാണ്. അപ്പോള്‍ നിങ്ങള്‍ പലേ അപകടങ്ങളിലും ചാടും; പലേ സാഹസ പ്രവൃത്തികളും ചെയ്യും.

അങ്ങനെ നിങ്ങള്‍ ഒരാപത്തില്‍ അകപ്പെട്ടു. അതില്‍നിന്ന് അപരിചിതനായ ഒരു മനുഷ്യന്‍ നിങ്ങളെ രക്ഷിച്ചു… കാലം വളരെ കഴിഞ്ഞു പോയെങ്കിലും ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ആ മനുഷ്യനെ നിങ്ങള്‍ ഓര്‍ക്കും… അയാള്‍ എന്തിനങ്ങനെ ചെയ്തു?

ഈ ഓര്‍ക്കുന്ന നിങ്ങള്‍ ഞാനാണെന്നു വിചാരിച്ചേക്കുക. ഞാന്‍ പറഞ്ഞു വരുന്നത് എന്റെ ഒരനുഭവമാണ്. ഞാനുള്‍പ്പെടെയുള്ള മനുഷ്യ വര്‍ഗ്ഗത്തെപ്പറ്റി ഏതാണ്ട് അവ്യക്തമായ ഒരറിവെനിക്കുണ്ട്. എന്റെ ചുറ്റും ഉള്ളവരില്‍ നല്ലവരുണ്ട്, മഹാ ക്രൂരന്മാരും കള്ളന്മാരുമുണ്ട്, സാംക്രമിക രോഗമുള്ളവരുണ്ട്, ഭ്രാന്തന്‍മാരുണ്ട് – പൊതുവില്‍ എപ്പോഴും നല്ല ജാഗ്രതയോടെ ജീവിക്കണം; തിന്‍മയാണ് ഈ ലോകത്തില്‍ അധികവും. എന്നാല്‍, ഇതു നമ്മള്‍ മറന്നു പോകും. അപകടം പറ്റിക്കഴിയുമ്പോഴാണ് നമുക്ക് ബോധം ഉണ്ടാവുക.

ഞാനാ നിസ്സാര സംഭവം ഇവിടെ പറയാം:

ഇവിടെ നിന്ന് ഏതാണ്ട് ഒരു ആയിരത്തിയഞ്ഞൂറ് മൈല്‍ ദൂരെ പര്‍വതത്തിന്റെ താഴ്‌വരയിലുള്ള ഒരു വലിയ നഗരം. അവിടെയുള്ളവര്‍ പണ്ടു കാലം മുതല്‍ക്കേ ദയയ്ക്ക് അത്ര പേരു കേട്ടവരല്ല. ക്രൂരതയുള്ളവരാണ്. കൊലപാതകങ്ങള്‍, കൂട്ടക്കവര്‍ച്ച, പോക്കറ്റടി – ഇതെല്ലാം നിത്യ സംഭവങ്ങളാണ്. പരമ്പരയായി അവിടെയുള്ളവര്‍ പട്ടാളക്കാരാണ്. ബാക്കിയുള്ളവര്‍ പുറം രാജ്യങ്ങളില്‍ പണം പലിശയ്ക്ക് കൊടുക്കുന്നവരായും, മില്ലുകള്‍, വലിയ ആഫീസുകള്‍, ബാങ്കുകള്‍ മുതലായവയുടെ ഗേറ്റ്കീപ്പര്‍മാരായും കഴിയുന്നു.

പണം അവിടെയും വലിയ കാര്യമാണ്. അതിനു വേണ്ടി എന്തും ചെയ്യും; ആരെയും കൊല്ലും!

ഞാന്‍ അവിടെ ഒരു വൃത്തികെട്ട തെരുവില്‍ വളരെ വൃത്തികെട്ടതും വളരെ ചെറിയതുമായ ഒരു മുറിയില്‍ താമസിക്കുകയാണ്. ഉദ്യോഗമുണ്ട്; രാത്രി ഒമ്പതര മണി മുതല്‍ പതിനൊന്നു മണി വരെ കുറെ വിദേശികളായ തൊഴിലാളികളെ ഇംഗ്ലീഷ് പഠിപ്പിക്കുക. അഡ്രസ് എഴുതാന്‍ മാത്രമാണ്. ഈ അഡ്രസ് എഴുതാന്‍ പഠിക്കലും അവിടെ ഒരു വലിയ വിദ്യാഭ്യാസമാണ്.

പോസ്റ്റാഫീസുകളില്‍ ഈ അഡ്രസ് എഴുത്തുകാരെ കാണാം. അവര്‍ക്ക് ഒരഡ്രസ്സിനു രണ്ടണ മുതല്‍ നാലണ വരെ ഫീസാണ്.

അതില്‍നിന്നു രക്ഷ നേടാനും വേണ്ടി വന്നാല്‍ വല്ലതും ചുളുവില്‍ സമ്പാദിക്കുവാനുമാണ് ഈ അഡ്രസ് വിദ്യാഭാസം.

ആ കാലത്തു ഞാന്‍ പകല്‍ നാലു മണിക്കേ ഉണരൂ, ഇതു വേറെ ചിലത് ലാഭിക്കാനാണ്. കാലത്തെ ചായ, ഉച്ചയ്ക്ക് ഊണ്.

അങ്ങനെ പതിവു പോലെ ഞാന്‍ നാലു മണിക്കുണര്‍ന്നു. ദിനകൃത്യങ്ങളെല്ലാം ചെയ്തു. ഊണും ചായയും കഴിക്കാന്‍ വേണ്ടി ഞാന്‍ പുറത്തേക്കിറങ്ങി. ഇറക്കം ഫുള്‍സൂട്ടിലാണെന്നു വിചാരിക്കണം. എന്റെ കോട്ടു പോക്കറ്റില്‍ ഒരു പേഴ്‌സുണ്ട്. അതില്‍ പതിന്നാലു രൂപായുമുണ്ട്. അതാണ് എന്റെ ജീവിതത്തിലെ ആകെ സ്വത്ത്.

ഞാന്‍ ജനക്കൂട്ടത്തിനിടയിലൂടെ തിക്കിതിരക്കി ഒരു ഹോട്ടലില്‍ കയറി. ഊണ്, എന്ന് പറഞ്ഞാല്‍ – വയറു നിറയെ ചപ്പാത്തിയും ഇറച്ചിയും തിന്നു. ഒരു ചായയും കുടിച്ചു. ആകെ ഏതാണ്ട് മുക്കാല്‍ രൂപയോളമായി ബില്ല്. കാലം അതാണെന്നോര്‍ക്കണം.

ഞാന്‍ അതു കൊടുക്കാനായി കോട്ടു പോക്കറ്റില്‍ കയ്യിട്ടു… ഞാന്‍ ആകെ വിയര്‍ത്തു; വയറ്റില്‍ ചെന്നതെല്ലാം ദഹിച്ചു പോയി. എന്താണെന്നുവെച്ചാല്‍ കോട്ടു പോക്കറ്റില്‍ പേഴ്‌സ് ഇല്ല!

ഞാന്‍ വിഷമത്തോടെ പറഞ്ഞു:

‘എന്റെ പേഴ്‌സ് ആരോ പോക്കറ്റടിച്ചു!’

വളരെ ബഹളമുള്ള ഹോട്ടലാണ്. ഹോട്ടല്‍ക്കാരന്‍ എല്ലാവരെയും ഞെട്ടിക്കത്തക്ക സ്വരത്തില്‍ ഒന്ന് ചിരിച്ചു. എന്നിട്ട് എന്റെ കോട്ടില്‍, നെഞ്ചത്തായി പിടിച്ച് ഒന്ന് കുലുക്കിയിട്ടു പറഞ്ഞു:

‘ഇതിവിടെ ചെലവാക്കാന്‍ ഉദ്ദേശിക്കല്ലേ! പണം വച്ചിട്ടു പോ… നിന്റെ കണ്ണു ഞാന്‍ ചുരന്നെടുക്കും. അല്ലെങ്കില്‍ !’

ഞാന്‍ സദസ്സിലേക്കു നോക്കി. ദയയുള്ള ഒരു മുഖവും ഞാന്‍ കണ്ടില്ല. വിശന്ന ചെന്നായ്ക്കളെപ്പോലുള്ള നോട്ടം!

കണ്ണു ചുരന്നെടുക്കുമെന്നു പറഞ്ഞാല്‍ കണ്ണു ചുരന്നെടുക്കും!

ഞാന്‍ പറഞ്ഞു: ‘എന്റെ കോട്ട് ഇവിടെ ഇരിക്കട്ടെ; ഞാന്‍ പോയി പണം കൊണ്ടു വരാം.’

ഹോട്ടല്‍ക്കാരന്‍ വീണ്ടും ചിരിച്ചു.

എന്നോട് കോട്ടൂരാന്‍ പറഞ്ഞു.
ഞാന്‍ കോട്ടൂരി.

ഷര്‍ട്ടും ഊരാന്‍ പറഞ്ഞു.
ഞാന്‍ ഷര്‍ട്ടൂരി.

ഷൂസു രണ്ടും അഴിച്ചു വെക്കാന്‍ പറഞ്ഞു.
ഞാന്‍ ഷൂസു രണ്ടും അഴിച്ചു വെച്ചു.

ഒടുവില്‍ ട്രൗസര്‍ അഴിക്കാന്‍ പറഞ്ഞു.

അങ്ങനെ പരിപൂര്‍ണ നഗ്‌നനാക്കി കണ്ണുകള്‍ ചുരന്നെടുത്തു വെളിയിലയയ്ക്കാനാണു തീരുമാനം.

ഞാന്‍ പറഞ്ഞു:
‘അടിയിലൊന്നുമില്ല.’

എല്ലാവരും ചിരിച്ചു.

ഹോട്ടല്‍ക്കാരന്‍ പറഞ്ഞു:
‘എനിക്ക് സംശയമാണ്. അടിയിലെന്തെങ്കിലും കാണും!’

ഒരു അന്‍പതു പേര്‍ ക്രൂരമായ ചിരിയോടെ പറഞ്ഞു: ‘അടിയിലെന്തെങ്കിലും കാണും!’

എന്റെ കൈകള്‍ അനങ്ങുന്നില്ല. ഞാന്‍ ഭാവനയില്‍ കണ്ടു. രണ്ടു കണ്ണുമില്ലാത്ത നഗ്‌നനായ ഒരുവന്‍ ആള്‍ ബഹളത്തിനിടയില്‍ തെരുവില്‍ നില്‍ക്കുന്നു. അങ്ങനെ ജീവിതം അവസാനിക്കുകയാണ്. അവസാനിക്കട്ടെ… ഓ… പോട്ടെ! ലോകങ്ങളുടെ സ്രഷ്ടാവേ! എന്റെ ദൈവമേ …! ഒന്നും പറയാനില്ല. സംഭവം ശുഭം. ഓ… എല്ലാം ശുഭം… മംഗളം!

ഞാന്‍ ട്രൗസറിന്റെ ബട്ടന്‍ ഓരോന്നായി അഴിക്കാന്‍ തുടങ്ങി. അപ്പോള്‍ ഘനത്തോടെയുള്ള ഒരു ശബ്ദം കേട്ടു.

‘നില്‍ക്കൂ; ഞാന്‍ പണം തരാം!’

എല്ലാവരും ആ ഭാഗത്തേക്കു നോക്കി.

ചുവന്ന തലപ്പാവും കറുത്ത കോട്ടും വെള്ള കാല്‍ശരായിയുമുള്ള ഒരു വെളുത്ത ആറടി പൊക്കക്കാരന്‍. കൊമ്പന്‍ മീശയും നീലക്കണ്ണുകളും…

ഈ നീലക്കണ്ണുകള്‍ അവിടെ സാധാരണമാണ്. അയാള്‍ മുന്നോട്ടു വന്ന് ഹോട്ടല്‍ക്കാരനോടു ചോദിച്ചു:

‘എത്രയുണ്ടെന്നാ പറയുന്നത്?’

‘മുക്കാല്‍ രൂപയോളം!’

അത് അയാള്‍ കൊടുത്തു. എന്നിട്ട് എന്നോടു പറഞ്ഞു:

‘എല്ലാം ധരിക്കൂ.’

ഞാന്‍ ധരിച്ചു.

‘വരൂ.’ അയാള്‍ എന്നെ വിളിച്ചു. ഞാന്‍ കൂടെപ്പോയി. എന്റെ നന്ദി അറിയിക്കാന്‍ വാക്കുകളുണ്ടോ? ഞാന്‍ പറഞ്ഞു:

‘അങ്ങ് ചെയ്തത് വലിയ ഒരു കാര്യമാണ്. ഇത്ര നല്ല ഒരു മനുഷ്യനെ ഞാന്‍ കണ്ടിട്ടില്ല!’

അയാള്‍ ചിരിച്ചു.

‘പേരെന്താ?’ അയാള്‍ ചോദിച്ചു.
ഞാന്‍ പേര്, നാട് ഇതൊക്കെ പറഞ്ഞു.

ഞാന്‍ ആ മനുഷ്യന്റെ പേര് ചോദിച്ചു.
അദ്ദേഹം പറഞ്ഞു: ‘എനിക്ക് പേരില്ല!’

ഞാന്‍ പറഞ്ഞു:
‘എങ്കില്‍… ദയവ് എന്നായിരിക്കും പേര്.’

അയാള്‍ ചിരിച്ചില്ല. ഞങ്ങള്‍ അങ്ങനെ നടന്നു. നടന്നു നടന്ന് വിജനമായ ഒരു പാലത്തില്‍ ചെന്നു ചേര്‍ന്നു.

അയാള്‍ ചുറ്റിനും നോക്കി. മറ്റാരും അടുത്തൊന്നുമില്ല.

അയാള്‍ പറഞ്ഞു:
‘നോക്ക്; തിരിഞ്ഞു നോക്കാതെ പോകണം. എന്നെ ആരെങ്കിലും കണ്ടോ എന്നു ചോദിച്ചാല്‍ കണ്ടില്ലെന്നു തന്നെ പറയണം!’

എനിക്ക് കാര്യം മനസ്സിലായി.
അയാള്‍ രണ്ടു മൂന്നു പോക്കറ്റുകളില്‍ നിന്ന് അഞ്ചു പേഴ്‌സുകള്‍ എടുത്തു! അഞ്ച്…! കൂട്ടത്തില്‍ എന്റേതും.

‘ഇതില്‍ എതാണ് നിങ്ങളുടേത്?’
എന്റേതു ഞാന്‍ തൊട്ടു കാണിച്ചു.

‘തുറന്നു നോക്കൂ.’

ഞാന്‍ തുറന്നു നോക്കി. പണം എല്ലാം ഭദ്രമായി അതിലുണ്ട്. ഞാന്‍ അത് എന്റെ പോക്കറ്റിലിട്ടു.

അയാള്‍ എന്നോടു പറഞ്ഞു:
‘പോ, ദൈവം നിങ്ങളെ രക്ഷിക്കട്ടെ!’

ഞാനും പറഞ്ഞു:
‘ദൈവം… നിങ്ങളെയും… എന്നെയും… എല്ലാവരെയും രക്ഷിക്കട്ടെ!’

മംഗളം!


മുകളിലെ ബഷീറിന്റെ ചിത്രത്തിന് കടപ്പാട് : ശ്രീധരന്‍ ടി. പി.

fineartamerica എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച Basheer The Man എന്ന ഡിജിറ്റല്‍ ചിത്രം.

- ഫൈസല്‍ ബാവ

വായിക്കുക: ,

1 അഭിപ്രായം »

ഇടപ്പള്ളി ഓര്‍മ്മയായിട്ട് 75 വര്‍ഷങ്ങള്‍

July 5th, 2011

edappally-raghavan-pillai-epathram

മലയാള കവിതയില്‍ കാല്പനിക വിപ്ലവം കൊണ്ടു വന്ന ഇടപ്പള്ളി രാഘവന്‍ പിള്ള (1909 ജൂണ്‍ 30 – 1936 ജൂലൈ 5) ഓര്‍മ്മയായിട്ട് 75 വര്‍ഷങ്ങള്‍ പിന്നിടുന്നു. ഇടപ്പള്ളിയുടെ കാവ്യ സപര്യയെ ഓര്‍ത്തു കൊണ്ട് കവിയായ അസ്മോ പുത്തന്‍ചിറ എഴുതിയ ‘ഇടപ്പള്ളി’ എന്ന കവിത.

ഇടപ്പള്ളി

പ്രണയമെന്നുടെ ജീവിത സര്‍വ്വസ്വം
പാടി കോള്‍മയിര്‍ കൊള്ളിച്ച നിന്‍ യൗവ്വനം
വേദന തിന്നു ദുരിതപര്‍വ്വം കടന്ന്
ശാശ്വത സത്യത്തിലെത്തി യോര്‍മ്മയായി.

ചിരിയില്‍ പൊതിഞ്ഞ സ്നേഹ പ്രകടനം
ച്യുതിയിലേക്കു ള്ളറിയാ വഴികളും
പ്രതീക്ഷ നല്‍കി മോഹിപ്പിക്കും വചസ്സും
സാത്വികനാം നിനക്കന്യമേ ജീവിതം.

അകളങ്കഹൃത്തു ക്കളൊന്നുപോലും
തകരാതിരുന്നി ട്ടില്ലീയുലകിലെന്ന്
സത്യം ചെയ്യുന്ന നിന്റെ പ്രവചനങ്ങള്‍
അന്വര്‍ത്ഥമാകുന്നുണ്ടീ നൂറ്റാണ്ടിലും.

പുല്ലാകാം പുസ്തക ജ്ഞാനമെന്നാകിലും
പുലരിതന്‍ പുല്ലാങ്കുഴല്‍ വിളിക്കൊപ്പം
പ്രകൃതി കനിഞ്ഞരുളും സുരഭില
പ്രപഞ്ച സത്യം തൊട്ടറിയിച്ചവന്‍ നീ.

ഇന്നോളവും കേട്ടിതില്ലിതു പോലൊരു
രാഗ വൈഖരിയെന്ന് പരസ്പരം
കണ്മിഴിക്കുന്നു സഹൃദയര്‍ കണ്ടെത്തുന്നു
നവഭാവന സൌന്ദര്യ ശില്പങ്ങള്‍.

വിരഹ വിപഞ്ചിക മീട്ടി മീട്ടി നിന്‍
മരണ മണി നാദം സ്വയം മുഴക്കി
നാടു നീങ്ങി നീ കാല്പനിക മുദ്രയാല്‍
മലയാള കവിതയില്‍ പ്രായശ്ചിത്തം.

അസ്മോ പുത്തന്‍ചിറ

ഇടപ്പള്ളി രാഘവന്‍ പിള്ള തന്റെ മരണ പത്രത്തില്‍ എഴുതി :

ഞാന്‍ ഒന്നുറങ്ങിയിട്ട് ദിവസങ്ങള്‍ അല്ല, മാസങ്ങള്‍ വളരെയായി. കഠിനമായ ഹൃദയ വേദന; ഇങ്ങനെ അല്പാല്പം മരിച്ചു കൊണ്ട് എന്റെ അവസാന ദിനത്തെ പ്രതീക്ഷിക്കുവാന്‍ ഞാനശക്തനാണ്. ഒരു കര്‍മ്മ വീരനാകുവാന്‍ നോക്കി; ഒരു ഭ്രാന്തനായി മാറുവാനാണ് ഭാവം.

സ്വാതന്ത്ര്യത്തിനു കൊതി; അടിമത്തത്തിനു വിധി. മോചനത്തിനു വേണ്ടിയുള്ള ഓരോ മറിച്ചിലും ഈ ചരടിനെ കൊടുമ്പിരി കൊള്ളിക്കുക മാത്രമാണ് ചെയ്യുന്നത്.

എന്റെ രക്ഷിതാക്കള്‍ എനിക്കു ജീവിക്കാന്‍ വേണ്ടുന്നത് സന്തോഷത്തോടും സ്നേഹത്തോടും തരുന്നുണ്ടാകും. പക്ഷേ, ഈ ഔദാര്യമെല്ലാം എന്റെ ആത്മാഭിമാനത്തെ പാതാളം വരെയും മര്‍ദ്ദിച്ചു കൊണ്ടിരിക്കുന്നു. ഇത് മഹാ ഭാരമായിട്ടാണ് തീരുന്നത്. ഞാന്‍ ശ്വസിക്കുന്ന വായു ആകമാനം അസ്വാതന്ത്ര്യത്തിന്റെ വിഷ ബീജങ്ങളാല്‍ മലീമസമാണ്. ഞാന്‍ കഴിക്കുന്ന ആഹാരമെല്ലാം ദാസ്യത്തിന്റെ കല്ലു കടിക്കുന്നവയാണ്. ഞാന്‍ ഉടുക്കുന്ന വസ്ത്രം പോലും പാരതന്ത്ര്യത്തിന്റെ കാരിരുമ്പാണി നിറഞ്ഞതാണ്.

പ്രവര്‍ത്തിക്കുവാന്‍ എന്തെങ്കിലും ഉണ്ടായിരിക്കുക, സ്നേഹിക്കുവാന്‍ എന്തെങ്കിലും ഉണ്ടായിരിക്കുക, ആശിക്കുവാന്‍ എന്തെങ്കിലും ഉണ്ടായിരിക്കുക – ഈ മൂന്നിലുമാണ് ലോകത്തിലെ സുഖം അന്തര്‍ഭവി ച്ചിരിക്കുന്നത്. ഇവയിലെല്ലാം എനിക്ക് നിരാശയാണ് അനുഭവം. എനിക്ക് ഏക രക്ഷാ മാര്‍ഗ്ഗം മരണമാണ്. അതിനെ ഞാന്‍ സസന്തോഷം വരിക്കുന്നു. ആനന്ദപ്രദമായ ഈ വേര്‍പാടില്‍ ആരും നഷ്ടപ്പെടുന്നില്ല; ഞാന്‍ നേടുന്നുമുണ്ട്. മനസാ വാചാ കര്‍മ്മണാ ഇതില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ല. സമുദായത്തിന്റെ സംശയ ദൃഷ്ടിയും നിയമത്തിന്റെ നിശിത ഖഡ്ഗവും നിരപരാധി ത്വത്തിന്റെ മേല്‍ പതിക്കരുതേ!

എനിക്ക് പാട്ടു പാടുവാന്‍ ആഗ്രഹമുണ്ട്; എന്റെ മുരളി തകര്‍ന്നു പോയി – കൂപ്പുകൈ!

ഇടപ്പള്ളി രാഘവന്‍ പിള്ള
കൊല്ലം,
21-11-1111

ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ ആത്മഹത്യയ്ക്ക് തൊട്ടടുത്ത ദിവസം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കപ്പെട്ട അദ്ദേഹത്തിന്റെ കവിതയാണ് ‘മണി നാദം’. കവിതയില്‍ നിന്ന് ഏതാനും വരികള്‍:

മണിനാദം

അനുനയിക്കുവാ നെത്തുമെന്‍ കൂട്ടരോ-
ടരുളിടട്ടെ യെന്നന്ത്യ യാത്രാമൊഴി:

മറവി തന്നില്‍ മറഞ്ഞു മനസ്സാലെന്‍-
മരണ ഭേരിയടിക്കും സഖാക്കളേ!

സഹതപിക്കാത്ത ലോകമേ! -യെന്തിലും
സഹകരിക്കുന്ന ശാരദാകാശമേ!

കവന ലീലയിലെന്നുറ്റ തോഴരാം
കനക തൂലികേ! കാനന പ്രാന്തമേ!

മധുരമല്ലാത്തൊരെന്‍ മൗന ഗാനത്തിന്‍
മദതരളമാം മാമരക്കൂട്ടമേ!

പിരിയുകയാണിതാ, ഞാനൊരധഃകൃതന്‍
കരയുവാനായ് പിറന്നൊരു കാമുകന്‍!

മണലടിഞ്ഞു മയങ്ങിക്കിടക്കട്ടെ
പ്രണയമറ്റതാമീ മണ്‍പ്രദീപകം!

ഇടപ്പള്ളി രാഘവന്‍ പിള്ള

ഇടപ്പള്ളി രാഘവന്‍ പിള്ള യുടെ ജീവിതത്തിലൂടെ:

മലയാളത്തിലെ കാല്പനിക കവികളില്‍ ഒരു കവിയാണ്‌ ഇടപ്പള്ളി. ഇറ്റാലിയന്‍ കാല്പനിക കവിയായ ലിയോപാര്‍ഡിയോട് ഇടപ്പള്ളിയെ നിരൂപകര്‍ തുലനപ്പെടുത്തുന്നു. വിഷാദം, അപകര്‍ഷ വിചാരങ്ങള്‍, പ്രേമ തരളത, മരണാഭിരതി എന്നിവയാണ്‌ ഈ കവിയുടെ ഭാവധാരകള്‍. പകുതി യുഗസൃഷ്ടവും പകുതി സ്വയംഭൂവും ആയ ചേതനയാണ് അദ്ദേഹത്തിന്റേതെന്ന് നിരൂപകര്‍ അഭിപ്രായപ്പെടുന്നു.

1909 ജൂണ്‍ 30ന് ഇടപ്പള്ളി ഇളമക്കരയിലെ പാണ്ടവത്തു വീട്ടില്‍ നീലകണ്ഠപ്പിള്ളയുടെയും വടക്കന്‍ പറവൂര്‍ കോട്ടുവള്ളിയിലെ കിഴക്കേപ്രം മുറിയില്‍ താഴത്തു വീട്ടില്‍ മീനാക്ഷി യമ്മയുടെയും മകനായി ഇടപ്പള്ളി രാഘവന്‍ പിള്ള ജനിച്ചു. 1915-ല്‍ ഇടപ്പള്ളി ചുറ്റുപാടുകര എം. എം. സ്കൂള്‍ ഫോര്‍ ബോയ്സില്‍ വിദ്യാര്‍ത്ഥിയായി ചേര്‍ന്നെങ്കിലും 11 ദിവസത്തെ അദ്ധ്യയനത്തിനു ശേഷം പഠനം നിര്‍ത്തേണ്ടി വന്നു. പിന്നീട് 1919ല്‍ ഇടപ്പള്ളി വടക്കുംഭാഗം ഹയര്‍ഗ്രേഡ് വെര്‍ണാക്കുലര്‍ സ്കൂളില്‍ ചേര്‍ന്ന് 3-ആം സ്റ്റാന്‍ഡേര്‍ഡ് പാസ്സായി ചുറ്റുപാടുകര ഇംഗ്ലീഷ് മിഡില്‍ സ്കൂളില്‍ ചേര്‍ന്നു. ഇടപ്പള്ളി സാഹിത്യ സമാജത്തിലെ അംഗത്വവും മേലങ്ങത്ത് അച്യുത മേനോന്‍‍, ഇടപ്പള്ളി കരുണാകര മേനോന്‍ തുടങ്ങിയ വരുമായുള്ള ബന്ധവും ജന്മ സഹജമായ കവിതാ വാസനയെ പോഷിപ്പിച്ചു. ഇക്കാലത്താണ് ഇടപ്പള്ളി രാഘവന്‍ പിള്ള ചങ്ങമ്പുഴയെ പരിചയപ്പെടുന്നതും. ഇരുവരും ആദ്യം ബദ്ധ ശത്രുക്കളാ യിരുന്നെങ്കിലും പിന്നീട് ഒറ്റ ഹൃദയവും രണ്ടു ശരീരവും പോലെയായി തീര്‍ന്നു.

1927-ല്‍ തേഡ് ഫോറം ജയിച്ച് ഇളമക്കരയിലെ പ്രശസ്തമായ ധനിക കുടുംബത്തില്‍ ട്യൂഷന്‍ മാസ്റ്ററായി. എറണാകുളം മഹാരാജാസ് സ്കൂളില്‍ വിദ്യാര്‍ത്ഥിയായി ചേര്‍ന്ന് സ്കൂള്‍ ഫൈനല്‍ പരീക്ഷ ജയിച്ച അദ്ദേഹം ആ കുടുംബത്തിലെ കാര്യസ്ഥപ്പണിക്ക് നിയോഗിക്കപ്പെട്ടു. ഹൈസ്കൂള്‍ കാലത്തിനിടയില്‍ വളര്‍ന്ന പ്രേമ ബന്ധം ഇടപ്പള്ളി തിരുവനന്തപുരത്തേക്ക് താമസം മാറ്റാന്‍ ഇടയാക്കി. കുറച്ചു കാലം തിരുവനന്തപുരം ഭാഷാഭിവര്‍ദ്ധിനി ബുക്ക് ഡിപ്പോയില്‍ ഗുമസ്തനായി നിന്നു. സുഹൃത്തുക്കളുടെ സഹായത്താല്‍ പ്രതിവാര പത്രമായ ‘ശ്രീമതി’ യില്‍ കണക്കപ്പിള്ളയായി. ‘ശ്രീമതി’ പ്രസിദ്ധീകരണം നിന്നപ്പോള്‍ ‘കേരള കേസരി’യില്‍ ഗുമസ്തനായി. മാതൃഭൂമി ആഴ്ചപ്പതിപ്പ്, മലയാള രാജ്യം ചിത്രവാരിക തുടങ്ങിയവയില്‍ കവിതകള്‍ ഇക്കാലത്ത് ധാരാളം പ്രസിദ്ധീകരിക്കപ്പെട്ടു. മഹാകവി ഉള്ളൂരിനെ പരിചയപ്പെടുന്നതും അദ്ദേഹത്തിന്റെ അവതാരികയോടെ പ്രഥമ കവിതാ സമാഹാരമായ തുഷാര ഹാരം പ്രസിദ്ധീകരിക്കുന്നതും തിരുവനന്തപുരത്തു വെച്ചാണ്. കൊല്ല വര്‍ഷം 1110-ലാണ് ഭാഷാഭിവര്‍ദ്ധിനി ബുക്ക് ഡിപ്പോ ‘തുഷാര ഹാരം’ പ്രസിദ്ധീകരിച്ചത്. ‘കേരള കേസരി’യുടെ പ്രസിദ്ധീകരണം നിലച്ചപ്പോള്‍ പ്രശസ്ത വക്കീലായിരുന്ന വൈക്കം വി. എം. നാരായണ പിള്ളയോടൊപ്പം കൊല്ലത്തെ അദ്ദേഹത്തിന്റെ വസതിയില്‍ താമസമാക്കി. ഭാഷാഭിവര്‍ദ്ധിനി പുസ്തകശാല വഴി തന്നെ ഹൃദയ സ്മിതം, നവ സൗരഭം എന്നീ സമാഹാരങ്ങളും പുറത്തിറങ്ങി.

കൊല്ലത്ത് വൈക്കം നാരായണ പിള്ളയുടെ വീട്ടില്‍ താമസിക്കുന്ന് കാലത്താണ് താന്‍ സ്നേഹിച്ച പെണ്‍കുട്ടിയുടെ വിവാഹ ക്ഷണപത്രം ഇടപ്പള്ളിക്കു കിട്ടുന്നത്. 1936 ജൂലൈ 5-ന് (കൊല്ലവര്‍ഷം 1111 മിഥുനം 21-ആം തീയതി) ശനിയാഴ്ച രാത്രി ഇടപ്പള്ളി രാഘവന്‍ പിള്ള നാരായണ പിള്ളയുടെ വീട്ടില്‍ തൂങ്ങി മരിച്ചു. ആത്മഹത്യ ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായം വെറും 27 വയസായിരുന്നു. ആത്മഹത്യയ്ക്കു മുമ്പായി, മൃതി വിഷയകമായി രാഘവന്‍ പിള്ള രചിച്ച കവിതകളാണ് ‘മണിനാദം’, ‘നാളത്തെ പ്രഭാതം’ എന്നിവ. ‘മണിനാദം’ മാതൃഭൂമി ആഴ്ചപ്പതിപ്പിനും ‘നാളത്തെ പ്രഭാതം’ മലയാള രാജ്യം ചിത്രവാരികയ്ക്കും കൊടുക്കുകയും ഉടന്‍ പ്രസിദ്ധീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു രാഘവന്‍ പിള്ള.

അദ്ദേഹത്തിന്റെ മരണപ്പിറ്റേന്ന് (1936 ജൂലൈ 6-ന്) പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ‘മണിനാദം’ അച്ചടിച്ചു വന്നു. ദിനപ്പത്രങ്ങളില്‍ മരണ വാര്‍ത്ത വന്നതും അതേ ദിവസമായിരുന്നു. ‘നാളത്തെ പ്രഭാത’ വുമായി മലയാള രാജ്യം ജൂലൈ 7-ന് പുറത്തിറങ്ങി. തുഷാര ഹാരം (1935), നവ സുരഭം (1936), ഹൃദയ സ്മിതം (1936), മണിനാദം (1944) എന്നിവയാണ് ഇടപ്പള്ളിയുടെ കൃതികള്‍.

- ഫൈസല്‍ ബാവ

വായിക്കുക: ,

4 അഭിപ്രായങ്ങള്‍ »

21 of 2510202122»|

« Previous Page« Previous « വി.വി. രമേശനെ സി.പി.എം. തരം‌താഴ്‌ത്തി
Next »Next Page » ഇമ്മിണി ബല്ല്യ ബഷീര്‍ »



  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine