മയക്കുവെടിവെച്ച ഡോക്ടറെ ആന കുത്തിക്കൊന്നു

January 12th, 2015

തിരുവല്ല: ഇടഞ്ഞ ആനയെ തളക്കുവാന്‍ ശ്രമിക്കുന്നതിനിടെ മയക്കുവെടി വിദഗ്ദനായ ഡോക്ടര്‍ സി.ഗോപകുമാര്‍ (47) ആനയുടെ കുത്തും ചവിട്ടുമേറ്റ് മരിച്ചു. പത്തനംതിട്ടയിലെ പെരുമ്പട്ടിയില്‍ ഞായറാഴ്ച രാവിലെ ആണ് സംഭവം. കോട്ടാങ്ങല്‍ ഗംഗാപ്രസാദ് എന്ന ആനയാണ് ഡോ.ഗോപകുമാറിനെ കുത്തിയത്. പരിക്കേറ്റ ഡോക്ടറെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ ആയില്ല. ചെമ്മരപ്പള്ളില്‍ രഘുനാഥന്റെ ഉടമസ്ഥതയില്‍ ഉള്ള ആനയാണ് കോട്ടാങ്ങല്‍ ഗംഗാപ്രസാദ്. ഡോക്ടര്‍ സി.ഗോപകുമാര്‍ ആണ് ഈ ആനയെ ചികിത്സിച്ചിരുന്നത്. ആനയിടഞ്ഞതിനെ തുടര്‍ന്ന് തിരുവനന്തപുരത്തു നിന്നും അദ്ദേഹത്തെ വിളിച്ചു വരുത്തുകയായിരുന്നു.

രാവിലെ വായ്പൂര്‍ മഹാദേവന്‍ ക്ഷേത്രത്തിനു സമീപം ആറാട്ടുകടവില്‍ കുളിപ്പിക്കുന്നതിനിടയിലാണ് ആന ഇടഞ്ഞത്. തുടര്‍ന്ന് ചെട്ടിമുക്ക്, കുളത്തൂര്‍മൂഴി വഴി ഓടി വായ്പൂര്‍ ചന്തക്ക് സമീപം എത്തി. ഈ സമയം അവിടെ എത്തിയ ഡോക്ടര്‍ ആനയെ മയക്കുവെടിവച്ചു. എന്നാല്‍ ആന മയങ്ങിയില്ല. തുടര്‍ന്ന് തോട്ടത്തിലേക്ക് കയറിയ ആന ഒരു പശുവിനെ കുത്തിപരിക്കേല്പിച്ചു. ഈ സമയം ഡോക്ടര്‍ ആനയെ പിന്തുടര്‍ന്ന് വെടിവെക്കുവാന്‍ ശ്രമിക്കുകയായിരുന്നു. പാലത്താനം ബിമല്‍ മോഹന്റെ പുരയിടത്തിനു സമീപം വച്ച് ഡോകടര്‍ വീണ്ടും ആനയെ മയക്കുവെടിവാകു. വെടികൊണ്ട ആന പെട്ടെന്ന് പിന്തിരിഞ്ഞ് ഡോക്ടറെ ആക്രമിക്കുവാന്‍ ഒരുങ്ങി. ചുറ്റും തടിച്ചു കൂടിയ ജനക്കൂട്ടത്തിന്റെ ബഹളത്തിനിടയില്‍ ഒരു നിമിഷം ശ്രദ്ധതെറ്റി ഡോക്ടര്‍ താഴെ വീഴുകയായിരുന്നു. തുടര്‍ന്ന് പാഞ്ഞടുത്ത ആന ഡോക്ടറെ ആക്രമിച്ചു. ആനയുടെ ചവിട്ടും കുത്തുമേറ്റ് കിടന്ന ഡോക്ടറുടെ അടുത്തു നിന്നും ആന മാറാതെ നിന്നു. പാപ്പന്മാരും എലിഫെന്റ് സ്ക്വാഡ് അംഗങ്ങളും ചേര്‍ന്ന് ആനയെ സംഭവ സ്ഥലത്തുനിന്നും മാറ്റി. തുടര്‍ന്ന് വടം ഉപയോഗിച്ച് ആനയെ തളച്ചു.

കരുനാഗപ്പള്ളി കുലങ്ങര കാക്കനവീട്ടില്‍ പരേതനായ ചന്ദ്രശേഖരന്‍ നായരുടെ മകനാണ് ഡോക്ടര്‍ ഗോപകുമാര്‍.മല്ലപ്പള്ളി ഗവ.വെറ്റിനറി ആശുപത്രിയിലെ സര്‍ജനും ജില്ലയിലെ എലിഫന്റ് സ്‌ക്വാഡ് കോ-ഓര്‍ഡിനേറ്ററുമായിരുന്നു ഡോക്ടര്‍ സി.ഗോപകുമാര്‍. ആനചികിത്സയുമായി ബന്ധപ്പെട്ട് ഇന്ത്യക്കകത്തും പുറത്തും ഏറെ പ്രശസ്തനാണ് അദ്ദേഹം. ഡോ.ബിന്ദു ലക്ഷ്മി (തിരുവനന്തപുരം ഗവ.ആയുര്‍വേദ കോളേജ്). മകള്‍ ഗോപിക (പ്ലസ്റ്റു വിദ്യാര്‍ഥിനി).

മയക്കുവെടിയേറ്റ ഉടനെ ആനകള്‍ പ്രകോപിതരാകുകയും ആക്രമണകാരിയാകുകയും ചെയ്യുന്ന പതിവുണ്ട്. 2006-ല്‍ ഇത്തരത്തില്‍ മയക്കുവെടിയേറ്റ ആനയെ പിന്തുടരുന്നതിനിടയില്‍ തൃശ്ശൂര്‍ ജില്ലയില്‍ ഡോക്ടര്‍ പ്രഭാകരന്‍ കൊല്ലപ്പെട്ടിരുന്നു. ആനയിടയുമ്പോള്‍ തടിച്ചു കൂടുന്ന ജനങ്ങള്‍ പലപ്പോഴും ആനയെ തളക്കുന്നതിനു പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാറുണ്ട്. പെരുമ്പട്ടിയിലും തടിച്ചുകൂടിയ ജനം ആനയെ കൂടുതല്‍ പ്രകോപിതനാക്കുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ അന്തരിച്ചു

December 4th, 2014

justice-vr-krishnaiyer-epathram

കൊച്ചി: മുന്‍ സുപ്രീം കോടതി ജസ്റ്റിസും മുന്‍ മന്ത്രിയുമായ പത്മഭൂഷണ്‍ വി.ആര്‍.കൃഷ്ണയ്യര്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ആയിരുന്നു അന്ത്യം. രോഗബാധയെ തുടര്‍ന്ന് നവംബര്‍ 24 ന് ആണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയം, വൃക്ക എന്നിവയുടെ പ്രവര്‍ത്തനം മോശമായതോടെ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ആരോഗ്യ നില അതീവ ഗുരുതരമായിരുന്നു. വൈകുന്നേരം ആറുമണിയോടെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ മൃതദേഹം പൊതു ദര്‍ശനത്തിനു വെക്കും. തുടര്‍ന്ന് എറണാകുളത്തെ വ്തിയായ സദ്‌ഗമയിലേക്ക് കൊണ്ടു പോകും.ഭാര്യ പരേതയായ ശാരദാംബാള്‍. രമേശ്, പരമേശ് എന്നിവര്‍ മക്കളാണ്.

നിയമഞ്ജന്‍, മന്ത്രി, സാമൂഹ്യ-മനുഷ്യാവകാശപ്രവര്‍ത്തകന്‍, പ്രഭാഷകന്‍, ഗ്രന്ഥകാരന്‍ തുടങ്ങി ബഹുമുഖ പ്രതിഭയായിരുന്നു ജസ്റ്റിസ് കൃഷ്ണയ്യര്‍. കേരളത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലത്തില്‍ കൃഷ്ണയ്യരുടെ അഭിപ്രായങ്ങളും നിലപാടുകളും എന്നും വേറിട്ടു നിന്നിരുന്നു. സാദാരണക്കാര്‍ക്ക് നീതിലഭിക്കണമെന്ന കൃഷ്ണയ്യരുടെ നിലപാട് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്ക്ക് പല പുതിയ മാറ്റങ്ങള്‍ക്കും വഴിയൊരുക്കി. നിര്‍ണ്ണായകമായ പല വിധികളും അദ്ദേഹം ജഡ്ജിയായിരിക്കെ പുറപ്പെടുവിച്ചിട്ടുണ്ട്. നവംബര്‍ 15 നു അദ്ദേഹത്തിന്റെ നൂറാം പിറന്നാള്‍ ആഘോഷിച്ചിരുന്നു.

1915 നവംബര്‍ 15 നു പാലക്കാട് വൈദ്യനാഥപുര വി.വി.രാമയ്യരുടേയും നാരായണി അമ്മാളുടേയും മകനായാണ് കൃഷ്ണയ്യര്‍ ജനിച്ചത്. അഭിഭാഷകനായ പിതാവിന്റെ പാത പിന്തുടര്‍ന്ന കൃഷ്ണയ്യര്‍ നിയമത്തിന്റെ ലോകത്തെത്തി. അണ്ണാമലൈ യൂണിവേഴ്സിറ്റി, മദ്രാസ് യൂണിവേഴ്സിറ്റി എന്നിവടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി. 1930 കളില്‍ മലബാര്‍ കുടക് കോടതി കളില്‍ അഭിഭാഷകനായി. 1948-ല്‍ ജയില്‍വാസം അനുഷ്ഠിക്കേണ്ടിവന്നിട്ടുണ്ട്. 1968-ല്‍ ഹൈക്കോടതി ജഡ്ജിയായി. 1970-ല്‍ ലോ കമ്മീഷന്‍ അംഗവുമായി. 1973 മുതല്‍ 1980 വരെ സുപ്രീം കോടതിയില്‍ ജഡ്ജിയായി സേവനം അനുഷ്ഠിച്ചു. സാധാരണക്കാരുടേയും, സ്ത്രീകളുടേയും, തൊഴിലാളികളുടേയും അവകാശ സംരക്ഷണത്തിനായി കീഴ്‌വഴക്കങ്ങളെ മാറ്റിമറിച്ച പല വിധിന്യായങ്ങളും അദ്ദേഹത്തില്‍ നിന്നും ഉണ്ടായി. ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് കേസില്‍ കൃഷ്ണയ്യര്‍ നടത്തിയ വിധി പ്രസ്താവം ചരിത്രത്തിന്റെ ഭാഗമായി. തീഹാര്‍ ജയിലിലെ തടവുകാരന്‍ അയച്ച കത്ത് ഹര്‍ജിയായി സ്വീകരിച്ചുകൊണ്ട് തുടര്‍ നടപടികള്‍ക്ക് ഉത്തരവിട്ട സുനില്‍ ബാത്ര കേസ് തടവുകാരുടെ മനുഷ്യാവകാശ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ലോക ശ്രദ്ധ പിടിച്ചുപറ്റി.

1952-ല്‍ മദ്രാസ് നിയമസഭയിലും 1957-ല്‍ കേരളത്തിലെ നിയംസഭയിലും വി.ആര്‍.കൃഷ്ണയ്യര്‍ അംഗമായി. ഇ.എം.എസ് മന്ത്രിസഭയില്‍ ആഭ്യന്തരം, നിയമം, ജയില്‍, വൈദ്യുതി, സാമൂഹ്യ ക്ഷേമം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചു. 65-ല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും വിജയിച്ചില്ല. അതോടെ സജീവ രാഷ്ടീയം ഉപേക്ഷിച്ചു.

‘വാണ്ടറിങ്ങ് ഇന്‍ മെനി വേള്‍ഡ്സ്‘ ആണ് ആത്മകഥ. ‘ലൈഫ് ആഫ്റ്റര്‍ ഡെത്ത്’ ഉള്‍പ്പെടെ നൂറോളം പുസ്തകങ്ങളും നൂറുകണക്കിനു ലേഖനങ്ങളും കൃഷ്ണയ്യര്‍ എഴുതിയിട്ടുണ്ട്. 1999-ല്‍ പത്മവിഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. റഷ്യന്‍ സര്‍ക്കാരിന്റെ ഓര്‍ഡര്‍ ഓഫ് ഫ്രണ്ട്ഷിപ്പ്, സോവിയറ്റ് ലാന്റ് നെഹ്രു അവാര്‍ഡ്, ശ്രീ ജഹാംഗീര്‍ ഗാന്ധി മെഡല്‍ ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ അദ്ദേഹത്തെ തെടിയെത്തിയിട്ടുണ്ട്.1995-ല്‍ ലിവിംഗ് ലജന്‍ഡ് ഓഫ് ലാ എന്ന ബഹുമതി നല്‍കി ഇന്റര്‍നാഷണല്‍ ബാര്‍ കൌണ്‍സില്‍ അദ്ദേഹത്തെ ആദരിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , , , , , , , ,

1 അഭിപ്രായം »

മലപ്പുറത്ത് കുരങ്ങുപനി

December 1st, 2014

മലപ്പുറം: ആയിരക്കണക്കിനു താറാവുകളെ കൊന്നൊടുക്കിക്കൊണ്ട് പക്ഷിപ്പനിയുടെ ഭീതി പടരുന്നതിനിടയില്‍ സംസ്ഥാനത്ത് കുരങ്ങു പനിയും സ്ഥിതീകരിച്ചു. ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ കുരുളായി വനത്തിലാണ് കുരങ്ങുപനിയെ തുടര്‍ന്ന് കുരങ്ങുകള്‍ ചാകുവാന്‍ തുടങ്ങിയിരിക്കുന്നത്. ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്.

കുരങ്ങുപനി മനുഷ്യരിലേക്കും പടരുന്നതാണ്. മാഞ്ചീരി നാഗമലയിലെ കോളനിയില്‍ താമസിക്കുന്ന അറുപത്തൊന്നുകാരന് കുരങ്ങുപനിയാണെന്ന് മണിപ്പാലിലെ കസ്തൂര്‍ബ മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയില്‍ സ്ഥിതീകരിച്ചിട്ടുണ്ട്. നിലമ്പൂരിലെ ഉള്‍ക്കാടുകളില്‍ ഉള്ള മാഞ്ചീരി കോളനിയില്‍ 184 പേരാണ് ഉള്ളത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഡെപ്യൂട്ടി ഡി.എം.ഓയുടെ നേതൃത്തില്‍ സ്ഥലത്തെത്തി പ്രതിരോധ വാക്സിനുകള്‍ നല്‍കിയിരുന്നു. കോളനിയില്‍ ചിലര്‍ക്ക് പനി ബാധയുണ്ടെങ്കിലും കുരങ്ങുപനിയാണോ എന്ന് സ്ഥിതീകരിച്ചിട്ടില്ല.

1955-ല്‍ കര്‍ണാടകയിലെ ഷിമോഗയ്ക്ക് അടുത്തുള്ള കൈസാനൂര്‍ വനമേഘലയിലാണ് ലോകത്ത് ആദ്യമായി കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കൈസാനൂര്‍ ഫോറസ്റ്റ് ഡിസീസ് എന്ന പേരും ഇതിനുലഭിച്ചു. കുരങ്ങുകളുടെ ശരീരത്തിലെ ചെള്ളുകള്‍ വഴിയാണ് രോഗം പകരുന്നത്. ചെള്ളിന്റെ കടിയേറ്റാല്‍ കുരങ്ങിനും മനുഷ്യനും രോഗം പകരും. മറ്റു മൃഗങ്ങള്‍ക്ക് ഇത് പകരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഫലപ്രദമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാനിടയുള്ളതാണ് കുരങ്ങുപനി. ഇതിനു പ്രതിരോധ വാക്സിനുകള്‍ ലഭ്യമാണ്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അതികായന്‍ അരങ്ങൊഴിഞ്ഞു

November 9th, 2014

mv-raghavan-epathram

കണ്ണൂര്‍: സി. എം. പി. കേരള രാഷ്ടീയത്തിലെ അതികായന്‍ എം. വി. രാഘവന്‍ അരങ്ങൊഴിഞ്ഞു. അദ്ദേഹം യാഥാർത്ഥ്യമാക്കിയ പരിയാരം സഹകരണ മെഡിക്കല്‍ കോളേജില്‍ വെച്ച് ഇന്നു രാവിലെ 9.10 നു ആയിരുന്നു അന്ത്യം. പാര്‍ക്കിന്‍സണ്‍സ് രോഗബാധയെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. മൃതദേഹം ഇന്നു വൈകീട്ട് നാലു മണി വരെ പരിയാരം മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് പറശ്ശിനിക്കടവ് ആയുര്‍വ്വേദ മെഡിക്കല്‍ കോളേജിലും പൊതു ദര്‍ശനത്തിനു വെക്കും. പിന്നീട് ബര്‍ണശ്ശേരിയിലെ വീട്ടിലേക്ക് കൊണ്ടു പോകും. നാളെ രാവിലെ സി. എം. പി. കണ്ണൂര്‍ ജില്ലാ കമ്മറ്റി ഓഫീസിലും ടൌണ്‍ സ്ക്വയറിലും പൊതു ദര്‍ശനത്തിനു വെച്ച ശേഷം രാവിലെ 11 മണിക്ക് പയ്യാമ്പലത്ത് സംസ്കരിക്കും.

1933 മെയ് 5നു കണ്ണൂരില്‍ മേലത്ത് വീട്ടില്‍ ശങ്കരന്‍ നമ്പ്യാരുടേയും തമ്പായിയുടേയും മകനായിട്ടാണ് എം. വി. രാഘവന്‍ എന്ന എം. വി. ആറിന്റെ ജനനം. പി. കൃഷ്ണ പിള്ളയുടേയും, എ. കെ. ജി. യുടേയും സ്വാധീനം മൂലം പതിനാറാം വയസ്സില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. തന്റേടവും പ്രവര്‍ത്തന മികവും അദ്ദേഹത്തെ പാര്‍ട്ടിയുടെ ഉന്നത സ്ഥാനങ്ങളിലേക്ക് വളര്‍ത്തി. 1964-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി. പി. എമ്മിനൊപ്പം നിന്നു. ഡി. വൈ. എഫ്. ഐ. യുടെ പ്രവര്‍ത്തനങ്ങളെ കാര്യക്ഷമമാക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചു. മലബാറില്‍ യുവാക്കളേയും തൊഴിലാളികളെയും സംഘടിപ്പിക്കുന്നതില്‍ വലിയ പങ്കു വഹിച്ചു. തനിക്കൊപ്പം പുതിയ ഒരു തലമുറയെ വളര്‍ത്തിക്കൊണ്ടു വരുവാന്‍ എം. വി. ആര്‍. പ്രത്യേകം ശ്രദ്ധിച്ചു. പലരും നക്സലിസത്തിലേക്ക് വഴി മാറിയപ്പോള്‍ അവരെ തിരിച്ച് പാര്‍ട്ടിയിലേക്ക് കൊണ്ടു വരുവാന്‍ പാര്‍ട്ടി നിയോഗിച്ചത് എം. വി. ആറിനെ ആയിരുന്നു. ഇന്ന് സി. പി. എമ്മിന്റെ നേതൃനിരയില്‍ ഉള്ള പലരും രാഘവന്‍ കൈപിടിച്ചുയര്‍ത്തിയവരാണ്.

1964-ല്‍ ചൈനീസ് ചാരന്മാര്‍ എന്ന് ആരോപിച്ച് ജയിലില്‍ അടച്ചവരുടെ കൂട്ടത്തില്‍ എം. വി. രാഘവനും ഉണ്ടായിരുന്നു. രണ്ടു വര്‍ഷത്തോളം ജയില്‍ വാസം അനുഭവിക്കേണ്ടിയും വന്നു. നിരവധി തവണ ക്രൂരമായ പോലീസ് മര്‍ദ്ദനങ്ങള്‍ക്കും ഇരയാകേണ്ടി വന്നിട്ടുണ്ട്. ഒന്നര പതിറ്റാണ്ടിലേറെ പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചു. 1967-ല്‍ സി. പി. എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. 1970-ല്‍ മാടായി മണ്ഡലത്തില്‍ നിന്നും ആദ്യമായി നിയമ സഭയില്‍ എത്തി. 1980ലും 82 ലും കൂത്തുപറമ്പില്‍ നിന്നും പയ്യന്നൂരില്‍ നിന്നും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 1985-ല്‍ ബദല്‍ രേഖ അവതരിപ്പിച്ചതോടെ പാര്‍ട്ടിക്ക് അനഭിമതനായി. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. തുടര്‍ന്ന് നിരന്തരമായ രാഷ്ടീയ വേട്ടയാടലുകള്‍ നേരിടേണ്ടി വന്നു. എന്നാല്‍ അവയെ കരുത്തോടെ നേരിട്ടു.

1986 ജൂലൈ 27 നു കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി (സി. എം. പി.) രൂപീകരിച്ചു. അന്നു മുതല്‍ മരണം വരെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി. സി. പി. എമ്മില്‍ നിന്നും പുറത്താക്കപ്പെട്ടപ്പോള്‍ പുതിയ ഒരു പാര്‍ട്ടി രൂപീകരിച്ച് വിജയം കൈവരിച്ചത് പിന്നീട് ഗൌരിയമ്മക്കും ടി. പി. ചന്ദ്രശേഖരനും കരുത്തു പകര്‍ന്നു. സി. എം. പി. യും, ഗൌരിയമ്മയുടെ പാര്‍ട്ടിയും പിന്നീട് യു. ഡി. എഫിന്റെ ഘടക കക്ഷിയായി.

1987-ലെ തിരഞ്ഞെടുപ്പ് എം. വി. രാഘവന്റെ രാഷ്ടീയ ജീവിതത്തിലെ അവിസ്മരണീയമായ ഒന്നായിരുന്നു. സി. പി. എമ്മിന്റെ കോട്ടയില്‍ തന്റെ രാഷ്ട്രീയ ശിഷ്യന്‍ ഇ. പി. ജയരാജനുമായിട്ടായിരുന്നു ഏറ്റുമുട്ടിയത്. വിജയം എം. വി. രാഘവനായിരുന്നു. തുടര്‍ന്ന് 1991-ല്‍ കഴക്കൂട്ടത്തു നിന്നും വിജയിച്ച് സഹകരണ മന്ത്രിയുമായി. 1996-ല്‍ ആറന്മുളയില്‍ കവി കടമനിട്ടയോടും 2006-ല്‍ പുനലൂരിലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നെന്മാറയിലും പരാജയപ്പെട്ടു.

സഹകരണ മന്ത്രിയായിരിക്കെ മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ പിന്തുണയോടെ പരിയാരം സഹകരണ മെഡിക്കല്‍ കോളേജിനു തുടക്കമിട്ടു. പാപ്പിനിശ്ശേരിയില്‍ വിഷ ചികിത്സാ കേന്ദ്രവും സ്ഥാപിച്ചു. സി. പി. എമ്മില്‍ നിന്നും ശക്തമായ എതിര്‍പ്പുകളെ നേരിടേണ്ടി വന്നു. പാപ്പിനിശ്ശേരിയിലെ വിഷ ചികിത്സ കേന്ദ്രം തകര്‍ത്തും വീടിനു തീ വെച്ചും എതിരാളികള്‍ രാഘവനോടുള്ള രാഷ്ടീയ പക തീര്‍ത്തു. സഹകരണ മന്ത്രിയായിരുന്ന രാഘവനെ തെരുവില്‍ തടയുന്നത് പതിവായി. ഇതൊടുവില്‍ 1994 നവമ്പര്‍ 25 നു കൂത്തുപറമ്പില്‍ നടന്ന വെടിവെപ്പില്‍ അഞ്ച് ഡി. വൈ. എഫ്. ഐ. പ്രവര്‍ത്തകരുടെ മരണത്തിനും ഇടയാക്കി.

എം. വി. ആറിന്റെ ജീവിതം കേരളത്തിലെ വിശിഷ്യ മലബാറിലെ സി. പി. എമ്മിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു അദ്ധ്യായമാണ്. ഒരു ജന്മം എന്ന തന്റെ ആത്മകഥയില്‍ അതിജീവിച്ച പ്രതിസന്ധികളേയും ഒപ്പം കേരള രാഷ്ടീയത്തിലെ നിരവധി വിഷയങ്ങളേയും സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. വേട്ടയാടലുകളെ കരുത്തു കൊണ്ടും ആത്മവിശ്വാസം കൊണ്ടും അതിജീവിച്ച ജ്വലിക്കുന്ന ഓര്‍മ്മയായി എം. വി. ആര്‍. നിലനില്‍ക്കും. ഓര്‍മ്മകള്‍ നഷ്ടമായ അവസാന കാലത്ത് സി. എം. പി. യില്‍ ഉണ്ടായ പിളര്‍പ്പ് ഒരു പക്ഷെ അദ്ദേഹം അറിഞ്ഞിട്ടുണ്ടാകാനിടയില്ല. ഒരു വിഭാഗം യു. ഡി. എഫിനൊപ്പവും മറു വിഭാഗം എല്‍. ഡി. എഫിനൊപ്പവും ചേര്‍ന്നു. പാപ്പിനിശ്ശേരിയിലെ വിഷ ചികിത്സാ കേന്ദ്രവുമായി ബന്ധപ്പെട്ട് മക്കള്‍ ഇരു ചേരിയില്‍ നിലയുറപ്പിച്ച് പരസ്യമായി രംഗത്തെത്തിയിരുന്നു.

സി. വി. ജാനകിയാണ് ഭാര്യ. മക്കള്‍ എം. വി. ഗിരിജ, എം. വി. ഗിരീഷ് കുമാര്‍, എം. വി. രാജേഷ്, എം. വി. നികേഷ് കുമാര്‍ (റിപ്പോര്‍ട്ടര്‍ ടി. വി.). മരുമക്കള്‍ റിട്ട. പ്രൊഫ. ഇ. കുഞ്ഞിരാമന്‍, ജ്യോതി, പ്രിയ, റാണി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യുവ മാദ്ധ്യമ പ്രവര്‍ത്തകന്‍ രഘുനാഥ് വര്‍മ്മ അന്തരിച്ചു

August 4th, 2014

raghunath-varma-epathram

കൊച്ചി: മലയാളം ഈ മാഗസിന്‍.കോം എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ് രഘുനാഥ് വര്‍മ്മ (25) പ്രമേഹ രോഗത്തെ തുടര്‍ന്ന് നിര്യാതനായി. കൊല്ലം ശാസ്താം കോട്ട സ്വദേശിയായ രഘുനാഥ് ഓണ്‍ലൈന്‍ മാധ്യമ രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വം ആയിരുന്നു. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ഒപ്പം നിരവധി പ്രമുഖരുടെ അഭിമുഖങ്ങളും അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ ആയി വിപുലമായ സൌഹൃദ വലയം ഉണ്ടായിരുന്ന അദ്ദേഹം ഇന്ത്യക്ക് അകത്തും പുറത്തുമായി ധാരാളം യാത്രകളും നടത്തിയിട്ടുണ്ട്. ശാസ്താം കോട്ട ഡി. ബി. കോളേജിലും തുടര്‍ന്ന് തിരുനെല്‍‌വേലി യിലുമായിരുന്നു പഠനം. എം. ബി. എ. പഠന ശേഷം മാധ്യമ – ബിസിനസ്സ് രംഗത്തേക്ക് തിരിയുകയായിരുന്നു.

ഫിറ്റ്‌ എനി ബിസിനസ്സ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരില്‍ ഒരാള്‍ കൂടെ ആയിരുന്നു. ഡയബറ്റിക് ഫെഡറേഷന്റെ സജീവ പ്രവര്‍ത്തകന്‍ കൂടെയായിരുന്നു രഘുനാഥ്. ശാസ്താം കോട്ട മനക്കര രമ്യ നിവാസില്‍ റിട്ട. പ്രൊഫസര്‍ രാഘവന്‍ നായരുടെ മകനാണ്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ലൈംഗിക ന്യൂനപക്ഷങ്ങളുടെ സ്വാഭിമാന യാത്ര ശ്രദ്ധേയമായി
Next »Next Page » പന്ന്യന്‍ ‘പാവ’ സെക്രട്ടറി; നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി വെഞ്ഞാറമ്മൂടി ശശി »



  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine