- എസ്. കുമാര്‍
കൊച്ചി: ട്രെയിനുകളിലെ വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ സാമൂഹ്യവിരുദ്ധര്‍ കയറുന്നതിന് കാരണം സ്ത്രീകളുടെ അനാസ്ഥയാണെന്ന് റെയില്‍വെ. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് റെയില്‍വേ ഞെട്ടിക്കുന്ന ഈ അഭിപ്രായപ്രകടനം നടത്തിയത്. 2003ല്‍ വിമലാ കോളേജ് അധ്യാപികയായിരുന്ന ഷെറിന്‍ എന്ന കന്യാസ്ത്രീയ്‌ക്കെതിരെ നടന്ന ആക്രമണം സംബന്ധിച്ച കേസില്‍ നല്‍കിയ എതിര്‍ സത്യാവാങ്മൂലത്തിലാണ് റെയില്‍വേ വീഴ്ചകളുടെ ആരോപണം സ്ത്രീകളുടെ തലയില്‍ കെട്ടിവച്ചിരിക്കുന്നത്. ആ കേസ് നേരത്തെ തന്നെ ഹോക്കോടതി പരിഗണിച്ചിരുന്നതാണ്. എന്നാല്‍ ഷൊര്‍ണ്ണൂര്‍ കേസിലാണ് ഇതിന് പ്രാധാന്യം ഏറുന്നത്.
സ്ത്രീകള്‍ക്ക് സഹാനുഭൂതി കൂടുതലാണ്. ട്രെയിനില്‍ ഭിക്ഷക്കാരും കച്ചവടക്കാരും വനിതാ കമ്പാര്‍ട്ട്‌മെന്റുകളില്‍ കയറുന്നത് സ്ത്രീകള്‍ തടയാറില്ലെന്നും സാമൂഹ്യവിരുദ്ധര്‍ക്കെതിരെ ഉണര്‍ന്നുപ്രവര്‍ത്തിക്കാന്‍ തയ്യാറാകാറില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. മാത്രമല്ല രാത്രിയില്‍ പോലീസുകാരെ നിയോഗിക്കുന്നത് പ്രായോഗികമല്ല. ലേഡീസ് കമ്പാര്‍ട്ടുമെന്റില്‍ പോലീസിനെ നിയോഗിക്കുന്നത് പരിഗണിക്കാനാകില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. വനിതാ പോലീസിന് സുരക്ഷാപ്രശ്‌നങ്ങളുണ്ട്.
പുരുഷ പോലീസിനെ നിയോഗിച്ചാല്‍ അത് വീണ്ടും പ്രശ്‌നങ്ങളുണ്ടാക്കും. ട്രെയിന്‍ ബോഗികളുടെ സുരക്ഷ റെയില്‍വെയുടെ മാത്രം ബാധ്യതയല്ല, സംസ്ഥാന സര്‍ക്കാറിന് കൂടി ബാധ്യതയുണ്ട് എന്നും സത്യവാങ്മൂലത്തില്‍ റെയില്‍വെ മുന്നോട്ടുവെക്കുന്നു.
ഷൊറണൂരിലെ സൗമ്യയുടെ ദാരുണമായ മരണത്തിന്റെ ചൂടാറുംമുന്‍പ് തന്നെ ഇത്തരത്തിലൊരു സത്യവാങ്മൂലം ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത് സകലരെയും ഞെട്ടിച്ചിരിക്കുകയാണ്. റെയില്‍വെ ഇതു സംബന്ധിച്ച് കൂടുതല്‍ വിശദീകരണമൊന്നും നല്‍കിയിട്ടില്ല.
-
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്, കേരള ഹൈക്കോടതി, കോടതി, ചരമം, തട്ടിപ്പ്, പോലീസ്, വിവാദം
തൃശ്ശൂര്‍: സൗമ്യയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി മരണത്തിന് വിട്ടുകൊടുത്ത കേസില്‍ പ്രതിയായ ഗോവിന്ദച്ചാമിക്ക് എതിരെ ശക്തമായ തെളിവുകള്‍. പ്രതിയുടെ കഴുത്തിന് താഴെ നഖം കൊണ്ടുള്ള 21 പോറലുകള്‍ ഉണ്ട്. പെണ്‍കുട്ടിയുടെ നഖത്തിന് അടിയില്‍ നിന്നും ഇയാളുടേതെന്നു കരുതുന്ന തൊലിയും ലഭിച്ചു. പ്രതിയുടെ ശരീരത്തില്‍ സൗമ്യയുടെ രക്തം പുരണ്ടിട്ടുണ്ട്. മാനഭംഗം നടന്നതിനും തെളിവുകള്‍ ശക്തമാണ്. എല്ലാം പരിശോധനകള്‍ക്ക് അയച്ചു.
സംഭവത്തിന് മുന്‍പും ശേഷവും പ്രതിയെ കണ്ടവരുണ്ട്. സൗമ്യയുടെ മൊബൈല്‍ ഫോണ്‍ ഗോവിന്ദച്ചാമി എടുക്കുകയും പാലക്കാട് വെച്ച് പഴനിച്ചാമി എന്നൊരാള്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. ഇത് കണ്ടെത്താനായി ഞായറാഴ്്ച്ച ചേലക്കര പോലീസ് തിരുപ്പൂരില്‍ തിരച്ചില്‍ നടത്തി. എങ്കിലും ഫോണ്‍ കണ്ടുകിട്ടിയില്ല. വൈകാതെ ഫോണ്‍ കണ്ടുകിട്ടുമെന്ന് ഉറപ്പായിട്ടുണ്ട്. എന്തായാലും എത്രയും പെട്ടെന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് വിചാരണക്ക് കേസ് നല്‍കാനാണ് നീക്കം.
-
വായിക്കുക: കുറ്റകൃത്യം, ചരമം, തട്ടിപ്പ്, പോലീസ്
തൃശ്ശൂര്‍: രാത്രിയില്‍ പെണ്‍കുട്ടികള്‍ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ വയ്യാത്ത നാടായി കേരളമെന്നതിന് ഇനി മറ്റൊരു തെളിവു കൂടി. ഷൊര്‍ണൂര്‍ മഞ്ഞക്കാട് മുല്ലയ്ക്കല്‍ ഗണേശന്റെയും സുമതിയുടെയും മകള്‍ സൗമ്യ(23) യാണ് കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രി കൊച്ചി – ഷൊര്‍ണ്ണൂര്‍ പാസഞ്ചറിലെ യാത്രക്കിടയില്‍ ക്രൂരമായി മാനഭംഗ ത്തിനിരയായി ഇന്നലെ വൈകിട്ട് മൂന്നിനു മരണത്തിനു കീഴടങ്ങിയത്.
വിവാഹ സ്വപ്നങ്ങളും മനസില്‍ താലോലിച്ച്, പിറ്റേന്നു നടക്കാനിരുന്ന പെണ്ണു കാണല്‍ ചടങ്ങിനായി ജോലി സ്ഥലത്തു നിന്നു മടങ്ങിയ സൗമ്യ, സ്വപ്നങ്ങളില്ലാത്ത ലോകത്തേയ്ക്കു നിഷ്‌കരുണം വലിച്ചെറിയപ്പെട്ടതു കേരളക്കരയുടെ വിട്ടു മാറാത്ത നടുക്കമായി തുടരും. പാസഞ്ചറിലെ ലേഡീസ് കംപാര്‍ട്ടുമെന്റില്‍ ഒറ്റയ്ക്കായിപ്പോയ സൗമ്യക്ക്, കടന്നു വന്ന കാപാലികനില്‍ നിന്നു രക്ഷ നേടാന്‍ മാര്‍ഗങ്ങളൊന്നു മില്ലായിരുന്നു. എന്നിട്ടും അവള്‍ പരമാവധി ചെറുത്തു. അക്രമിയുടെ ചര്‍മം വരെ പറിച്ചെടുത്തിട്ടും അവള്‍ മോചിതയായില്ല. അവളുടെ നിലവിളി പാസഞ്ചര്‍ ട്രെയിനിന്റെ ചൂളം വിളിയില്‍ കുരുങ്ങി. നിസഹായയായ അവള്‍ ട്രെയിനിനു പുറത്തേക്കു തള്ളിയിടപ്പെട്ടു. ട്രാക്കില്‍ തലയിടിച്ചു ബോധ ശൂന്യയായിട്ടും അവളെ വിട്ടു മാറാന്‍ കണ്ണില്‍ച്ചോരയില്ലാത്ത, ക്രൂരതയുടെ പര്യായമായ നരാധമന്‍ തയാറായില്ല. ഒടുവില്‍ ക്രൂരതയുടെ കൈകള്‍ നീണ്ടു വരാത്ത ലോകത്തേക്ക് അവള്‍ യാത്രയായി.
വീടിന്റെ ഏക ആശ്രയമായിരുന്നു സൗമ്യ. വാടക വീട്ടില്‍ കഴിഞ്ഞിരുന്ന കുടുംബത്തെ ജോലി ചെയ്തു പോറ്റിയത് ഈ പെണ്‍കുട്ടി യായിരുന്നു. ആ വിളക്കു നിര്‍ദയം തല്ലിക്കെടുത്തിയ സംഭവത്തില്‍ നാടെങ്ങും പ്രതിഷേധം ആളിക്കത്തുകയാണ്. അവളുടെ ജീവനു വേണ്ടി പ്രാര്‍ഥിക്കാത്ത സുമനസുകളില്ല. പക്ഷേ, പ്രാര്‍ഥനകള്‍ക്കും വിദഗ്ധ ചികിത്സകള്‍ക്കും സൗമ്യയെ രക്ഷപ്പെടുത്താനായില്ല. ജീവച്ഛവമായി ആശുപത്രിയിലെ പേരറിയാത്ത മെഷിനുകള്‍ക്കും രൂക്ഷ ഗന്ധമുള്ള മരുന്നുകള്‍ക്കും മധ്യേ അഞ്ചു രാപ്പകലുകള്‍. പിന്നെ അവള്‍ അകാലത്തില്‍ മരണത്തെ പുല്കി. തലയുടെ ഇടതു ഭാഗത്തിനേറ്റ ആഘാതം മൂലമുണ്ടായ മസ്തിഷ്‌ക ക്ഷതവും ക്രമേണ ശരീരാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതുമാണ് മരണ കാരണം. ചികിത്സയുടെ ഒരു ഘട്ടത്തിലും ബോധമുണ്ടായില്ല. താടിയെല്ല് തകര്‍ന്നിരുന്നു. ഏഴ് പല്ലുകള്‍ നഷ്ടപ്പെട്ടു. തലച്ചോറില്‍ രക്തം കട്ട കെട്ടി നിന്നു. പ്രത്യേക മെഡിക്കല്‍ ബോര്‍ഡു തന്നെ രൂപീകരിച്ച് വിദഗ്ദ ചികിത്സ നല്‍കിയെങ്കിലും ശ്രമങ്ങളെല്ലാം വിഫലമായി.
റെയില്‍വേയുടെ അനാസ്ഥ, ട്രെയിനുകളിലെ സുരക്ഷാക്കുറവ്, അക്രമികളുടെ വിളയാട്ടം. അധികൃതര്‍ക്ക് നിരത്താന്‍ കാരണങ്ങള്‍ നിരവധി യുണ്ടാകും. നഷ്ടപ്പെട്ടത് അവളുടെ മാനവും, പിന്നെ ജീവിതവുമാണ്. അവളുടെ കുടുംബത്തിന്റെ തീരാ നഷ്ടം നാടിന്റെ വലിയൊരു മുറിവു മായിരിക്ക യാണിന്ന്. ഇനിയൊരു പെണ്‍കുട്ടിക്കും ഈയൊരു ദുരവസ്ഥ ഉണ്ടാവല്ലേ എന്ന പ്രാര്‍ഥനയോടെയാണ് കേരളം സൗമ്യയെന്ന ഹതഭാഗ്യക്ക് യാത്രാമൊഴി ചൊല്ലിയത്.
-
വായിക്കുക: കുറ്റകൃത്യം, കോടതി, ചരമം, പോലീസ്, വിവാദം