കൊച്ചി : ഐ. എസ്. ആർ. ഓ. ചാരക്കേസിൽ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണ്ടെന്ന സർക്കാർ നിലപാടിന് എതിരെ നേരത്തെ കേസിൽ പ്രതി സ്ഥാനത്ത് ഉണ്ടായിരുന്ന ഇന്ത്യൻ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ ഹൈക്കോടതിയിൽ ഹർജി നൽകി. ചാരക്കേസിൽ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കണം എന്ന് സി. ബി. ഐ. ആവശ്യപ്പെട്ടിട്ടും നടപടി എടുക്കില്ല എന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ഈ തീരുമാനം റദ്ദാക്കി ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടാണ് നമ്പി നാരായണം ഹർജി നൽകിയിരിക്കുന്നത്.
1994ൽ ഈ കേസുമായി ബന്ധപ്പെട്ട് നമ്പി നാരായണനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 50 ദിവസം കസ്റ്റഡിയിൽ ക്രൂര മർദ്ദനങ്ങൾക്ക് വിധേയനായ ഇദ്ദേഹത്തെ ഐ. എസ്. ആർ . ഓ. യിൽ ഇദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥൻ ആയിരുന്ന എ. ഇ. മുത്തുനായകത്തിനെതിരെ മൊഴി നൽകാൻ ആവശ്യപ്പെട്ടായിരുന്നു പോലീസ് തല്ലിച്ചതച്ചത്. മർദ്ദനത്തിൽ ബോധരഹിതനായ അദ്ദേഹത്തെ പിന്നീട് പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 1996ൽ സി. നി. ഐ. അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. നമ്പി നാരായണനെ പോലെ ഒരു പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞനെ കുറ്റാരോപിതനാക്കി അപമാനിച്ച കേരള സർക്കാരിനോട് അദ്ദേഹത്തിന് 1 കോടി രൂപ നഷ്ട പരിഹാരം നൽകാൻ 2001ൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.