കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ ജയിലില്‍ ഫേസ്ബുക്കും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നതായി തെളിവുകള്‍ പുറത്ത് വന്നു. ജയിലിനകത്തുള്ള ഫോട്ടോകകള്‍ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തിരിക്കുന്നു. ഇവര്‍ ടീഷര്‍ട്ടുകളാണ് അണിഞ്ഞിരിക്കുന്നത് ബര്‍മുഡൌം കൂളിങ്ങ് ഗ്ലാസുകളും ഉപയോഗിക്കുന്നുണ്ട്. കൊടിസുനി, കിര്‍മാണി മനോജ്, മുഹമ്മദ് ഷാഫി എന്നിവരുടെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇവര്‍ മുന്തിയ തരം മൊബൈല്‍ ഫോണുകളും ഉപയോഗിക്കുന്നതായി സൂചനയുണ്ട്.
സംഭവത്തില്‍ ആഭ്യന്തര വകുപ്പിനെതിരെ കണ്ണൂരിലെ കോണ്‍ഗ്രസ്സ് എം.പി. കെ.സുധാകരന്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ജയിലിലെ ചട്ടലംഘനത്തിനു തിരുവഞ്ചൂര്‍ മറുപടി പറയണമെന്നും ആഭ്യന്തര മന്ത്രിയുടെ അറിവോടെ ആണൊ ഇതെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രതികളുമായി ജയില്‍ വകുപ്പ് ഒത്തുകളിക്കുന്നതായി ആര്‍.എം.പി നേതാവും ടി.പി.ചന്ദ്രശേഖരന്റെ ഭാര്യയുമായ രമ വ്യക്തമാക്കി. ടി.പി.വധക്കെസിലെ പ്രതികള്‍ ശിക്ഷിക്കപ്പെടില്ലെന്ന് ആശങ്ക തോന്നുന്നതായി കെ.മുരളീധരന്‍ എം.എല്‍.എ പ്രതികരിച്ചു. ജയില്‍ വകുപ്പ് ഭരിക്കുന്നത് പിണറായി വിജയന്‍ ആണോ എന്ന് ആര്‍.എം.പി നേതാവ് ഹരിഹരന്‍ ചോദിച്ചു. സി.പി.ഐ എമ്മും കോണ്‍ഗ്രസ്സും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണ് പ്രതികള്‍ക്ക് ജയിലില്‍ സുഖവാസം ഒരുക്കുന്നതെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ ആരോപിച്ചു.
കോളിളക്കം സൃഷ്ടിച്ച ടി.പിവധക്കേസ് പ്രതികള്‍ ജയിലില്‍ സുഖജീവിതം നയിക്കുന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നതോടെ മുഖം രക്ഷിക്കുവാനുള്ള ശ്രമത്തിലാണ് ആഭ്യന്തരമന്ത്രി. നാളെ കോഴിക്കോട് ജയില്‍ സന്ദര്‍ശിക്കുമെന്നും സംഭവം സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് ലഭിച്ചാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.