മലപ്പുറം: മലപ്പുറം ജില്ലയിലെ പെരിന്തല്‍ മണ്ണ പട്ടിക്കാടിനടുത്ത് മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടര്‍ന്ന് 14 പേര്‍ മരിച്ചു. മരിച്ചവരില്‍ 11 പേര്‍ സ്ത്രീകളും രണ്ടു പേര്‍പുരുഷന്മാരുമാണ്. മേല്‍ക്കുളങ്ങര സ്വദേശി ചെറിയക്കന്‍ (55), ഫസീന (17) മറിയ (60),സരോജിനി,നീതു (18) എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മൌലാന ആശുപത്രിയില്‍ 9 പേരുടെ മൃതദേഹങ്ങള്‍സൂക്ഷിച്ചിരിക്കുകയാണ്. മരിച്ചവരില്‍ പലരും വിദ്യാര്‍ഥികളാണ്. 6 പേരുടെ നില അതീവ ഗുരുതരമാണ്. മരണ സംഖ്യ ഉയരുവാന്‍ സാധ്യതയുണ്ട്. ബസ്സിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും മൌലാന, അല്‍ശിഫ തുടങ്ങിയ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
പെരിന്തല്‍ മണ്ണയില്‍ നിന്നും മേല്‍ക്കുളങ്ങരയിലേക്ക് പോയ ഫ്രണ്ട്സ് ബസ്സാണ് ഇന്ന് ഉച്ചക്ക് രണ്ടരയോടെ ആണ് അപകടത്തില്‍ പെട്ടത്. ഒരു വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട ബസ്സ് മരത്തിലിടിച്ച് താഴേക്ക് മറിയുകയായിരുന്നു. പൂര്‍ണ്ണമായും തകര്‍ന്ന ബസ്സില്‍ നിന്നും നാട്ടുകാരാണ് ആളുകളെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്. ഈ പ്രദേശത്ത് ഇടുങ്ങിയ റോഡാണ് ഉള്ളത്. കാലപ്പഴക്കം ചെന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. വാഹന സൌകര്യം കുറഞ്ഞ മേല്‍ക്കുളങ്ങരയിലേക്കുള്ള ഈ ബസ്സില്‍ അപകടം നടക്കുമ്പോള്‍ തിങ്ങി നിറഞ്ഞാണ് യാത്രക്കാര്‍ ഉണ്ടായിരുന്നത്. ഒരാഴ്ച മുമ്പാണ് മലപ്പുറം ജില്ലയില്‍ കുട്ടികളടക്കം എട്ടുപേര്‍ മറ്റൊരു അപകടത്തില്‍ മരിച്ചത്. ജനപ്രതിനിധികലും കളക്ടര്‍ ഉള്‍പ്പെടെ ഉള്ള ഉദ്യോഗസ്ഥരും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ട്.
അപകടം നടക്കുമ്പോള്‍ അമ്പതോളം ആളുകള്‍ ബസ്സില്‍ ഉണ്ടയിരുന്നതായി കരുതപ്പെടുന്നു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബസ്സ് അമിതവേഗതയില്‍ ആയിരുന്നു എന്നാണ് മന്ത്രി ആര്യാടന്‍ മുഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞത്. അപകടങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ശക്തമായ നടപടികള്‍ എടുക്കുമെന്ന് ഋഷിരാജ് സിങ്ങ് ഐ.പി.എസ് പറഞ്ഞു.