എറണാകുളം : മകര ജ്യോതി മനുഷ്യ സൃഷ്ടിയാണോ എന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി ബഞ്ച് ആവശ്യപ്പെട്ടു. നൂറിലധികം പേരുടെ മരണത്തിന് ഇടയാക്കിയ പുല്ലുമേട് ദുരന്തത്തിന്റെ കേസില്‍ വാദം കേള്‍ക്കുന്നതിന് ഇടയിലാണ് ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ഉള്ള ഹൈക്കോടതി ബഞ്ച് ദേവസ്വം ബോര്‍ഡിനോട് ഇതു സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ വ്യക്തമാക്കുവാന്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ അത് വിശ്വാസത്തിന്റെ പ്രശ്നമാണെന്ന് ബോര്‍ഡിന്റെ ഭാഗത്തു നിന്നും മറുപടി പറഞ്ഞപ്പോള്‍ ചില സമയങ്ങളില്‍ വിശ്വാസത്തിന്റെ കാര്യത്തിലും ഇടപെടേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി. പൊന്നമ്പല മേട്ടില്‍ ആര്‍ക്കും പ്രവേശനം ഇല്ലെങ്കില്‍ അവിടെ എങ്ങിനെ മനുഷ്യര്‍ എത്തുന്നു എന്നും കോടതി ചോദിച്ചു. വേണ്ടത്ര സുരക്ഷാ സന്നാഹങ്ങളും അടിസ്ഥാന സൌകര്യങ്ങളും ഒരുക്കാന്‍ ആകില്ലെങ്കില്‍ തീര്‍ഥാടകരെ പുല്ലുമേട്ടിലേക്ക് കടത്തി വിടാതിരുന്നു കൂടെ എന്നും കോടതി ചോദിച്ചു.
മാനദണ്ഡങ്ങള്‍ പാലിക്കാതെ പുല്ലുമേട്ടിലേക്ക് തീര്‍ഥാടകരേയും വാഹനങ്ങളേയും കടത്തി വിട്ടതും, കടകള്‍ക്ക് അനുമതി നല്‍കിയതും എങ്ങിനെയെന്നും കോടതി ചോദിച്ചു. പുല്ലുമേട് ദുരന്തം സംബന്ധിച്ച് പോലീസും, വനം വകുപ്പും, ദേവസ്വം ബോര്‍ഡും റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടുകളില്‍ പൊരുത്തക്കേടുള്ളതായും സൂചനയുണ്ട്.
– എസ്. കുമാര്‍
തീ കൊളുത്തുന്ന സിമന്റ് തറ
മകര വിളക്കിന് തീ കത്തിക്കുന്നത് മുകളില്‍ കാണുന്ന സിമന്റ് തറയിലാണ് എന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ചിട്ടുള്ള സിനോഷ് പുഷ്പരാജന്‍ തന്റെ ബ്ലോഗില്‍ വിവരിക്കുന്നത് ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം.
കൈരളി ടി. വി. ക്യാമറാ സംഘത്തോടൊപ്പം 2000ല്‍ പൊന്നമ്പലമേട് സന്ദര്‍ശിച്ച മനോജ് കെ. പുതിയവിളയുടെ വീഡിയോ റിപ്പോര്‍ട്ട് താഴെ കാണാം:
ശബരിമലയിലെ മകരവിലക്ക് മനുഷ്യന്‍ തെളിയിക്കുന്നത് ആണെന്നും ഇതില്‍ അത്ഭുതകരമായി ഒന്നുമില്ല എന്നും ഇടതു പക്ഷ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ശബരി മലയില്‍ മകര വിളക്ക് സമയത്ത് സന്നിഹിതനായിരുന്ന താന്‍ ഇത് നേരിട്ട് കണ്ടു ബോദ്ധ്യപ്പെട്ടതാണ് എന്ന് ദേവസ്വം മന്ത്രി ജി സുധാകരന്‍ പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ മകര വിളക്ക് തെളിയുന്നത് തങ്ങളുടെ നിയന്ത്രണത്തില്‍ അല്ലാത്ത വനത്തിലാണ് എന്നും അതിനാല്‍ ഇതില്‍ തങ്ങള്‍ക്ക് പങ്കില്ല എന്നുമാണ് ഇതേ പറ്റി ദേവസ്വം ബോര്‍ഡിന്റെ നിലപാട്.
മകരവിളക്ക് അവിടെ തീ ഇട്ട് തെളിയിക്കുന്നതാണ് എന്ന് ശബരി മല തന്ത്രിയുടെ ചെറുമകന്‍ രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കുന്നത് താഴെ ഉള്ള വീഡിയോയില്‍ കാണാം:
പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തകന്‍ ടി. എന്‍. ഗോപകുമാര്‍ കേരളകൌമുദിയില്‍ വ്യാജാഗ്നി എന്ന പേരില്‍ എഴുതിയ പ്രസിദ്ധമായ ലേഖനം ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം.