ലോനപ്പന്‍ നമ്പാടന്‍ അന്തരിച്ചു

June 5th, 2013

lonappan-nambadan-epathram

കൊച്ചി: മുന്‍ മന്ത്രിയും എം. പി. യുമായിരുന്ന ലോനപ്പന്‍ നമ്പാടന്‍ (78) അന്തരിച്ചു. ഇന്ന് ഉച്ചക്ക് ഒന്നരയോടെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇടതും വലതും മുന്നണികളുടെ ഭാഗമായി കാല്‍ നൂറ്റാണ്ട് കാലം നിയമസഭയിലും അഞ്ച് വര്‍ഷം ലോക്‍സഭയിലും ജന പ്രതിനിധിയായി ഇരുന്നിട്ടുണ്ട്. പഞ്ചായത്തംഗം മുതല്‍ പാര്‍ളമെന്റ് അംഗം വരെ ആയിരുന്നിട്ടുള്ള അപൂര്‍വ്വം രാഷ്ടീയ നേതാക്കളില്‍ ഒരാളാണ് നമ്പാടന്‍ മാഷ്. 14 ആം ലോക്‍സഭയില്‍ ഏറ്റവും അധികം ദിവസം ഹാജരായ കേരളത്തില്‍ നിന്നും ഉള്ള എം. പി. യും അദ്ദേഹമായിരുന്നു.

1935-ല്‍ തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടിയ്ക്കടുത്ത് പേരാമ്പ്രയില്‍ മാളിയേക്കല്‍ നമ്പാടന്‍ വീട്ടില്‍ കുര്യപ്പന്റേയും പ്ലാമേനയുടേയും മകനായി ജനിച്ചു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം പേരാമ്പ്ര സെന്റ് ആന്റണീസ് യു. പി. സ്കൂളില്‍ അധ്യാപകനായി ജോലി നോക്കി. 1963-ല്‍ കൊടകര പഞ്ചായത്ത് അംഗമായി തിരഞ്ഞെടുപ്പ് രാഷ്ടീയത്തിലേക്ക് കടന്നു. 1964-ല്‍ കേരള കോണ്‍ഗ്രസ്സ് രൂപീകരിച്ചപ്പോള്‍ അതില്‍ ചേര്‍ന്നു. 1965-ല്‍ കൊടകരയില്‍ നിന്നും നിയമ സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1977-ല്‍ ആദ്യമായി നിയമ സഭയിലേക്ക് കൊടകരയില്‍ നിന്നും യു. ഡി. എഫ്. സ്ഥാനാര്‍ഥിയായി തിരഞ്ഞെടുക്കപ്പെട്ടു. 1980-ല്‍ ഗതാഗത വകുപ്പ് മന്ത്രിയായി. പിന്നീട് 1987-ല്‍ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രിയുമായി. 2001-ല്‍ കൊടകര മണ്ഡലത്തില്‍ നിന്നും നിയമ സഭയിലേക്ക് മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസ്സിലെ കെ. പി. വിശ്വനാഥനോട് പരാജയപ്പെട്ടു.

കേരള രാഷ്ടീയത്തിലെ ഭീഷ്മാചാര്യന്‍ എന്നറിയപ്പെടുന്ന കെ. കരുണാകരന്റെ മന്ത്രിസഭയെ മറിച്ചിട്ടു കൊണ്ട് കേരള രാഷ്ടീയത്തില്‍ നമ്പാടന്‍ തന്റെ കരുത്ത് തെളിയിച്ചു. 1982-ല്‍ മാര്‍ച്ച് പതിനഞ്ചാം തിയതി സ്പീക്കറുടെ കാസ്റ്റിങ്ങ് വോട്ടിന്റെ ഭൂരിപക്ഷവുമായി നിലനിന്നിരുന്ന മന്ത്രിസഭ നമ്പാടന്റെ തീരുമാനത്തെ തുടര്‍ന്ന് നിലം പൊത്തി. പിതാവ് കരുണാകരനെ തറ പറ്റിച്ച നമ്പാടനു മുമ്പില്‍ 2004-ലെ തിരഞ്ഞെടുപ്പില്‍ മകള്‍ പത്മജയും മുട്ടു കുത്തി. മുകുന്ദപുരം മണ്ഡലത്തില്‍ പത്മജയെ പരാജയപ്പെടുത്തുമ്പോള്‍ ഒരു ലക്ഷത്തില്‍ അധികം വോട്ടുകള്‍ നമ്പാടന്‍ മാഷ് നേടിയിരുന്നു.

സഞ്ചരിക്കുന്ന വിശ്വാസി, നമ്പാടന്റെ നമ്പറുകള്‍ തുടങ്ങിയ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ആനിയാണ് ഭാര്യ. ഷേര്‍ളി, സ്റ്റീഫന്‍, ഷീല എന്നിവര്‍ മക്കളാണ്.

മൃതദേഹം പൊതു ദര്‍ശനത്തിനു ശേഷം നാളെ പേരാമ്പ്രയില്‍ സംസ്കരിക്കും.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നമ്പറുകള്‍ ബാക്കിയാക്കി നമ്പാടന്‍ യാത്രയായി

June 5th, 2013

കേരള രാഷ്ടീയത്തിലെ “നമ്പറുകളുടെ” ആശാനായിരുന്നു നമ്പാടന്‍ മാഷ്. നാക്കിന്‍ തുമ്പില്‍ സദാ വിളയാടിയിരുന്ന നര്‍മ്മത്തിന്റെ മേമ്പൊടിയോടെ നമ്പാടന്‍ നടത്തുന്ന പ്രസംഗങ്ങള്‍ കുറിക്കു കൊള്ളുന്നവ തന്നെയായിരുന്നു. സുഹൃത്തുക്കളും രാഷ്ടീയ എതിരാളികളുമെല്ലാം നമ്പാടിന്റെ കഥകളില്‍ എത്തി. സ്വകാര്യ സദസ്സുകള്‍മുതല്‍ നിയമസഭയില്‍ വരെ നമ്പാടന്റെ നമ്പറുകള്‍ ചിരിപടര്‍ത്തി. പരസ്പരം ആരോപണ പ്രത്യാരോപണങ്ങളാല്‍ നിയമസഭ പ്രക്ഷുബ്ദമാക്കുമ്പോള്‍ നമ്പാടന്റെ നമ്പറുകള്‍ കേട്ട് ആവോളം ചിരിച്ച സന്ദര്‍ഭങ്ങളും ഉണ്ട്. എ.കെ.ആന്റണി ഭരിക്കുമ്പോള്‍ ക വെച്ചുള്ള വ്യവസായങ്ങള്‍ക്ക് കഷ്ടകാലമാണെന്ന് പറഞ്ഞ് കല്ലൊരയേയും, കയറിനേയും, കള്ളിനേയുമെല്ലാം പറഞ്ഞ കൂട്ടത്തില്‍ കെ.കരുണാകരന്റെ പേരും പറഞ്ഞപ്പോള്‍ കേട്ടിരുന്നവര്‍ ചിരിച്ചു പോയി. ചിരിക്കൊപ്പം ഗ്രൂപ്പ് പോരില്‍ പരാജിതനായി നില്‍ക്കുന്ന കരുണാകരന്റെ അന്നത്തെ അവസ്ഥയേയും കൊണ്ടു വരുവാന്‍ നമ്പാടനുള്ള കഴിവിനെ പ്രശംസിച്ചവര്‍ നിരവധി. കറണ്ടില്ലാത്തതിനെ പറ്റിയും നമ്പാടന്‍ നര്‍മ്മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ച് കയ്യടി വാങ്ങിയിട്ടുണ്ട്. മഴയുള്ള ഒരു ദിവസം പവര്‍ക്കട്ട് നേരത്ത് കോണ്‍ഗ്രസ്സിലെ ഒരു പ്രമുഖ നേതാവും മന്ത്രിയുമായ വ്യക്തി നിയമ സഭാമന്ദിരത്തിന്റെ സമീപത്തുക്കൂടെ റെയിന്‍ കോട്ടിട്ട് കുലുങ്ങി കുലുങ്ങി നടന്നു വരിയായിരുന്നുത്രെ. അപ്പോല്‍ അതുവഴി പോയ രണ്ടു പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ മന്ത്രിക്ക് ഒരു പെറ്റികൊടുത്തു.
അര്‍ദ്ധരാത്രി ഹെഡ് ലൈറ്റിടാതെ ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചതിനായിരുന്നുത്രേ ചര്‍ജ്ജ്!!
പവര്‍ കട്ടിനേയും മന്ത്രിയുടെ തടിയേയും ഒപ്പം പോലീസുകാരുടെ പെറ്റിക്കേസ് ചാര്‍ജ്ജ് ചെയ്യലിനേയും എല്ലാം ഒറ്റ കഥയില്‍ നമ്പാടന്‍ ശ്രദ്ധയില്‍ പെടുത്തി.

കേരള രാഷ്ടീയത്തിലെ ഭീഷ്മാചാര്യന്‍ എന്ന് അറിയപ്പെട്ടിരുന്ന കെ.കരുണാകന്‍ മന്ത്രിസഭയെ മറിച്ചിടുവാനും നര്‍മ്മത്തിന്റെ തമ്പുരാനു മടിയില്ലായിരുന്നു 1982-ല്‍ നമ്പാടന്റെ ആ പൊടികൈപ്രയോഗത്തില്‍ കെ.കരുണാകരനു അടിതെറ്റി. ഒരു പക്ഷെ കരുണാകരന്‍ എന്ന കരുത്തന്റെ രാഷ്ടീയ കളത്തിലെ പതനങ്ങളുടെ തുടക്കവും അതാകാം. ഇതു കൊണ്ട് ഒക്കെ തന്നെയാകാം പി.പി.തങ്കച്ചന്‍ നാലു “ന” കളെ സൂക്ഷിക്കണമെന്ന് പറഞ്ഞത്. നമ്പൂതിരി, നായനാര്‍, നമ്പാടന്‍, നവാബ്. നാലു “ന” കളും കേരളത്തിന്റെ രാഷ്ടീയ ചരിത്രത്തിലെ അനശ്വര നക്ഷത്രങ്ങളായി നിലകൊള്ളുന്നു.

നമ്പാടന്റെ നമ്പറുകള്‍ എന്ന പേരില്‍ ഡി.സി.ബുക്സ് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നമ്പറുകള്‍ ബാക്കിയാക്കി നമ്പാടന്‍ മാഷ് യാത്രയാകുമ്പോള്‍ നഷ്ടമാകുന്നത് നായനാരും സീതിഹായിയും ബാക്കിവെച്ച് പോയ കേരള രാഷ്ടീയത്തിലെ നര്‍മ്മത്തിന്റെ തീനാളമാണ്. ചിന്തയുടേയും ചിരിയുടേയും അടയാളങ്ങളായി നമ്പാടന്‍ മാഷുടെ നമ്പറുകള്‍ മലയാളി മനസ്സില്‍ എന്നെന്നും നിലനില്‍ക്കും.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

സി.പി.എം. യൂസഫലിക്ക് എതിരല്ലെന്ന് പിണറായി വിജയന്‍

June 2nd, 2013

pinarayi-vijayan-epathram

തിരുവനന്തപുരം: സി. പി. എം. യൂസഫലിക്ക് എതിരല്ലെന്നും അദ്ദേഹം കയ്യേറ്റക്കാരന്‍ അല്ലെന്നും സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. നിക്ഷേപ സാധ്യത ഉള്ള ഒരു പദ്ധതിയേയും സി. പി. എം. എതിര്‍ക്കില്ലെന്നും ബോള്‍ഗാട്ടി പദ്ധതിയില്‍ നിന്നും യൂസഫലി പിന്മാറേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ലുലു മാളിനു അനുമതി നല്‍കിയതില്‍ തെറ്റില്ലെന്നും ഇടപ്പള്ളി തോട് യൂസഫലി കയ്യേറിയിട്ടില്ലെന്നും പറഞ്ഞ പിണറായി യൂസഫലി ഇനിയും നിക്ഷേപങ്ങള്‍ നടത്തണമെന്നും ആവശ്യപ്പെട്ടു.

ലേലത്തില്‍ പങ്കെടുത്താണ് യൂസഫലി ഭൂമി സ്വന്തമാക്കിയതെന്നും ബോള്‍ഗാട്ടി പദ്ധതിയില്‍ ചട്ടലംഘനം നടന്നിട്ടുണ്ടോ എന്ന് പോര്‍ട്ട് ട്രസ്റ്റ് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലുലു മാളുമായും ബോള്‍ഗാട്ടി പ്രോജക്ടുമായും ബന്ധപ്പെട്ട് സി. പി. എം. നേതാക്കളായ എം. എം. ലോറന്‍സ്, ദിനേശ് മണി എന്നിവരുടെ ഭാഗത്തു നിന്നും ഉയര്‍ന്ന പരാമര്‍ശങ്ങളുടെ പേരില്‍ വലിയ വിവാദമാണ് ഉണ്ടായത്. ലുലുവിനേയും യൂസഫലിയേയും അനുകൂലിച്ച് പ്രതിപക്ഷ നേതാവ് വി. എസ്. അച്ച്യുതാനന്ദന്‍ രംഗത്തെത്തിയിരുന്നു. വിവാദം ചൂട് പിടിച്ചപ്പോള്‍ ഇതു സംബന്ധിച്ച് പരസ്പര വിരുദ്ധമായ നിലപാടുകളാണ് ലോറന്‍സും വി. എസും സ്വീകരിച്ചത്. എം. എം. ലോറന്‍സ് അച്ച്യുതാനന്ദന്റെ നിലപാടിനെ തള്ളിക്കൊണ്ട് ഗുരുതരമായ ആരോപണങ്ങളാണ് യൂസഫലിക്കെതിരെയും പോര്‍ട് ട്രസ്റ്റിനെതിരെയും ഉന്നയിച്ചത്. എന്നാല്‍ അപ്പോളൊന്നും പിണറായി വിജയന്‍ പരസ്യമായി പ്രതികരിച്ചിരുന്നില്ല.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകം; കൊട്ടേഷന്‍ സംഘം അറസ്റ്റില്‍

June 2nd, 2013

തൃശ്ശൂര്‍: തൃശ്ശൂരില്‍ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയെ വെട്ടിക്കൊന്ന സംഭവത്തില്‍ കൊട്ടേഷന്‍ സംഘാംഗങ്ങളായ നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു.
തൃശ്ശൂര്‍ അയ്യന്തോളിലെ കോണ്‍ഗ്രസിന്റെ മണ്ഡലം സെക്രട്ടറി ഈച്ചരത്ത് വീട്ടില്‍ മധുവിനെ ആണ് കാര്‍ത്യായനി ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞു
മടങ്ങുമ്പോള്‍ ഭാര്യയുടെ മുമ്പില്‍ വച്ച് ക്ഷേത്രമുറ്റത്തിട്ട് വെട്ടികൊലപ്പെടുത്തിയത്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കിന്റേയും വ്യക്തി വൈരാഗ്യത്തിന്റേയും
പേരിലാണ് മധുവിനെ കൊലപ്പെടുത്തിയതെന്ന് കരുതുന്നു. നേരത്തെ തൃശ്ശൂരിലെ യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രേംലാലിനെ വെട്ടിയ കെസിലെ പ്രതിയായ മധു കഴിഞ്ഞ ദിവസമാണ് ജാമ്യത്തില്‍ ഇറങ്ങിയത്.

മധുവിനെ കൊലപ്പെടുത്തിയ കേസില്‍ അടാട്ട് പ്ലാച്ചല്‍ വീട്ടില്‍ മാര്‍ട്ടിന്‍ (32), അയ്യന്തോള്‍ സ്വദേശികളായ പുത്തന്‍ വീട്ടില്‍ സുരേഷ്, അടക്കേ കുന്നമ്പത്ത് പ്രവീണ്‍, ചാവക്കാട് സ്വദേശി മാങ്ങാട്ട് ഷീനോജ് എന്നിവരെ സി.ഐ എ രാമചന്ദ്രന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് അറസ്റ്റുചെയ്തത്. ക്ഷേത്രപരിസരത്ത് ഓട്ടോയില്‍ എത്തിയ ഗുണ്ടാസംഘം മധുവിനെ ഓട്ടോകൊണ്ട് ഇടിച്ചിടുകയായിരുന്നു. ക്ഷേത്രത്തിന്റെ കല്‍‌വിളക്കിനു സമീപത്തേക്ക് വീണ മധുവിനെ കഴുത്തിലും തലയ്ക്കും തുരുതുരാ വെട്ടി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ ആയില്ല. സംഭവം നടക്കുമ്പോള്‍ മധുവിന്റെ ഭാര്യ ജ്യോതിയും ഒപ്പം ഉണ്ടായിരുന്നു. നിരവധി കേസില്‍ പ്രതിയായ മാര്‍ട്ടിനും മധുവുമായും വൈരാഗ്യം ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

മഞ്ജു, മിഥുന്‍ എന്നിവരാണ് മധുവിന്റെ മക്കള്‍. സംസ്കാരം പുഴക്കല്‍ ശാന്തി തീരത്ത് നടത്തും.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കലഞ്ഞൂരിലെ പാറമടകള്‍ സന്ദര്‍ശിക്കരുതെന്ന് വി.എസിനു വിലക്ക്

June 1st, 2013

പത്തനംതിട്ട: പാറപൊട്ടിക്കലിനെതിരെ ജനകീയ പ്രക്ഷോഭം നടക്കുന്ന പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരിലെ പാറമടകള്‍ സന്ദര്‍ശിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്തനോട് പത്തനം ജില്ലാകമ്മറ്റി. ഇത് സംബന്ധിച്ച് ജില്ലാ നേതൃത്വം വി.എസിനു കത്തു നല്‍കിയതായാണ് സൂചന. കൊല്ലം-പത്തനം തിട്ട അതിര്‍ത്തി പ്രദേശമായ കലഞ്ഞൂരിലെ പാറഘനനത്തിനെതിരെ ജനകീയ സമര സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രദേശ വാസികള്‍ സമരം നടത്തി വരികയാണ്. എന്നാല്‍ മുഖ്യധാരാ രാഷ്ടീയ പാര്‍ട്ടികള്‍ ഈ സമരത്തൊട് അനുഭാവം കാണിക്കാതെ ഖനനത്തിനു അനുകൂല നിലപാടാണ് സ്വീകരിച്ചു വരുന്നത്. സമീപ ദിവസങ്ങളില്‍ വി.എസ് കലഞ്ഞൂര്‍ സന്ദര്‍ശിക്കുവാന്‍ ഇടയുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് പാര്‍ട്ടി ജില്ലാ നേതൃത്വം തടസ്സവുമായി രംഗത്തെത്തിയത്. നൂറുകണക്കിനു തൊഴിലാളികള്‍ ഇവിടെ പണിയെടുക്കുന്നു എന്നാണ് പ്രകൃതിക്കും പരിസര വാസികള്‍ക്കും ഭീഷണിയാ‍യി മാറിയ ഖനനത്തെ അനുകൂലിക്കുന്നവരുടെ നിലപാട്. യാതൊരു തത്വദീക്ഷയുമില്ലാതെ നടക്കുന്ന പാറഖനനം ഗുരുതരമായ പ്രത്യാഘാതമാണ് സൃഷ്ടിക്കുന്നതെന്ന് പരിസരവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും പറയുന്നു. ഈ ഖനനത്തിനെതിരെ വി.എസ്.രംഗത്ത് വരണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വിശ്വസ്ഥര്‍ മൂവ്വരും പടിയിറങ്ങി; വി.എസിനു മൌനം
Next »Next Page » യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകം; കൊട്ടേഷന്‍ സംഘം അറസ്റ്റില്‍ »



  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine