തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി. എസ്. അച്ച്യുതാനന്ദന്റെ വിശ്വസ്ഥരായ മൂന്ന് പേസണല്‍ സ്റ്റാഫുകള്‍ ഇന്നലെ പടിയിറങ്ങി. പ്രസ് സെക്രട്ടറിയായിരുന്ന കെ. ബാലകൃഷ്ണന്‍, പേഴ്സണല്‍ അസിസ്റ്റന്റ് എ. സുരേഷ്, അഡീഷ്ണല്‍ പ്രൈവറ്റ് സെക്രട്ടറി വി. കെ. ശശിധരന്‍ എന്നിവരാണ് തങ്ങളുടെ സേവനം ഔദ്യോഗികമായി അവസാനിപ്പിച്ചത്. പാര്‍ട്ടി അച്ചടക്ക ലംഘനം ആരോപിച്ച് മൂന്ന് പേരെയും സി. പി. എം. പുറത്താക്കിയിരുന്നു. ഇതേ തുടര്‍ന്ന് മൂവ്വരും തങ്ങളുടെ രാജി സമര്‍പ്പിക്കുകയായിരുന്നു. ഇവരുടെ അപേക്ഷ പ്രതിപക്ഷ നേതാവ് വഴി സര്‍ക്കാരിലേക്ക് നല്‍കി. തുടര്‍ന്ന് ഇന്നലെ പൊതു ഭരണ വകുപ്പ് ഇത് അംഗീകരിച്ചു ഉത്തരവിറക്കി.
തന്റെ ചിറകരിയാനാണ് ഇവരെ പുറത്താക്കുന്നതിലൂടെ ശ്രമിക്കുന്നതെന്ന് മൂവ്വര്‍ക്കെതിരെ ഉള്ള പാര്‍ട്ടി നടപടിയെ പറ്റി വി. എസ്. നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവരെ പുറത്താക്കുന്നതിനെതിരെ പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തിന് വി. എസ്. കത്ത് നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാന ഘടകത്തിന്റെ ശക്തമായ സമ്മര്‍ദ്ദത്തെ അതിജീവിക്കുവാന്‍ വി. എസിന്റെ നീക്കങ്ങള്‍ക്ക് ആയില്ല. ഇവര്‍ മൂവ്വരേയും പുറത്താക്കുവാനുള്ള ഔദ്യോഗിക നേതൃത്വത്തിന്റെ നീക്കം വിജയിച്ചപ്പോള്‍ വിശ്വസ്ഥരെ സംരക്ഷിക്കാന്‍ കഴിയാത്ത നേതാവെന്ന ആക്ഷേപം ഒരിക്കല്‍ കൂടെ വി. എസിനു കേള്‍ക്കേണ്ടിയും വന്നു. ഇവരെ പുറത്താക്കിയതു സംബന്ധിച്ച് വി. എസ്. ഇനിയും പ്രതികരിച്ചിട്ടില്ല.
പാര്‍ട്ടി പുറത്താക്കിയാലും തങ്ങള്‍ പാര്‍ട്ടി വിരുദ്ധര്‍ക്കൊപ്പം ചേര്‍ന്ന് പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിക്കില്ലെന്ന് ഇവര്‍ വ്യക്തമാക്കി. തങ്ങളെ പുറത്താക്കിയാലും വി. എസ്. നടത്തുന്ന പോരാട്ടങ്ങള്‍ അവസാനിപ്പിക്കുവാന്‍ ആകില്ലെന്ന് വികാരഭരിതനായി എ. സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. ഐസ്ക്രീം പാര്‍ളര്‍ പെണ്‍വാണിഭ കേസുള്‍പ്പെടെ വി. എസ്. നടത്തിയ നിരവധി നിയമ പോരാട്ടങ്ങളിലും മറ്റു ജനകീയ പ്രക്ഷോഭങ്ങളിലും ഇവര്‍ മൂവ്വരുമാണ് ശക്തമായ പിന്തുണ നല്‍കിയിരുന്നത്. ഇവര്‍ക്ക് പകരക്കാരെ പാര്‍ട്ടി ചര്‍ച്ച ചെയ്ത് പിന്നീട് നിശ്ചയിക്കും.