സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന എയര്‍ സ്ട്രിപ്പിനുള്ള സ്ഥലമെടുപ്പുമായി പ്രധിഷേധം ശക്തമാകുന്നു. മാതമംഗലം, നമ്പിക്കൊല്ലി പ്രദേശത്ത് ഏറെ പാരിസ്ഥിതിക പ്രശനങ്ങള്‍ക്ക് വഴിവെക്കുന്ന ഈ പദ്ധതിക്കെതിരെ പ്രദേശവാസികള്‍ കടുത്ത ആശങ്കയിലാണ്. ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമാണ് നമ്പിക്കൊല്ലിവയല്‍ അടക്കമുള്ള പ്രദേശങ്ങള്‍, ഇവിടെയാണ് വിമാനത്താവളത്തിന് വേണ്ടി നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. സുഗന്ധ-നാടന്‍ നെല്ലിനങ്ങള്‍ പതിവായി കൃഷിചെയ്യുന്ന വയനാട്ടിലെ ഏറ്റവും പ്രമുഖ നെല്ലുല്‍പാദന കേന്ദ്രമാണിത്. കൂടാതെ ഈ പാടശേഖരത്തോട് ചേര്‍ന്നു കിടക്കുന്ന ചിറക്കമ്പം, തിണ്ണൂര്‍, തേലമ്പറ്റ, മാതമംഗലം, ബിച്ചാരം തുടങ്ങിയ പ്രദേശങ്ങളും വിമാനത്താവളത്തിന് വേണ്ടി ഒഴിപ്പിക്കപ്പെടും. 250 ഏക്കര്‍ സ്ഥലമാണ് ആകെ വേണ്ടത്. മാതമംഗലം മുതല്‍ നമ്പിക്കൊല്ലി വരെ രണ്ടര കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന ഇരുപ്പൂവയലിലേക്ക് തിണ്ണൂര്‍, തേലമ്പറ്റ, ചിറക്കമ്പം, ബിച്ചാരം കുന്നുകള്‍ ഇടിച്ചുനിരത്തി വിമാനത്താവളത്തിന് സ്ഥലം കണ്ടെത്താനാണ് നീക്കം. ഇരുപ്പൂ പാടത്തേക്ക് കുന്നുകള്‍ ഒന്നടങ്കം ഇടിച്ചു നിരത്തുമ്പോഴുണ്ടാവുന്ന പാരിസ്ഥിതിക പ്രത്യാഘാതവും കണക്കിലെടുത്ത് പദ്ധതിക്ക് അനുമതി നല്‍കരുതെന്ന് മാതമംഗലത്ത് ചേര്‍ന്ന പതിയ സമുദായ ജനറല്‍ ബോഡി യോഗത്തില്‍ പദ്ധതിയില്‍ നിന്നും മാതമംഗലം, നമ്പിക്കൊല്ലി പ്രദേശങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപെട്ടു. പതിയ സമുദായ പ്രസിഡന്‍റ് സി.എന്‍. വേലായുധന്‍റെ അധ്യക്ഷനായിരുന്നു. ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു. നൂല്‍പുഴ പഞ്ചായത്തിലെ മാതമംഗലം, നമ്പിക്കൊല്ലി പ്രദേശങ്ങള്‍ വിമാനത്താവളത്തിന് വേണ്ടി ഏറ്റെടുക്കരുതെന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആവേത്താന്‍ സുരേന്ദ്രന്‍ കലക്ടര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഏറ്റെടുക്കല്‍ നടപടിയുമായി മുമ്പോട്ടുപോയാല്‍ മുന്നൂറില്‍പരം കുടുംബങ്ങളിലായി ആകെ രണ്ടായിരത്തോളം മാത്രം ജനസംഖ്യയുള്ള പതിയ സമുദായത്തിലെ പകുതിയിലധികം ആളുകള്‍ കുടിയൊഴിയേണ്ടിവരും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പതിയ സമൂഹമാണ് ഇവര്‍. ജനകീയ മുന്നേറ്റത്തിലൂടെ പദ്ധതി തടയുമെന്നും അദ്ദേഹം അറിയിച്ചു.