കാസര്‍ഗോഡ്: ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ വി.വി.രമേശന്റെ മകള്‍ക്ക് പരിയാരം മെഡിക്കല്‍ കോളജില്‍ എംബിബിഎസ് പ്രവേശനം നേടിയത് വന്‍ വിവാദമായ സാഹചര്യത്തില്‍ രമേശന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ സിപിഎം പ്രവര്‍ത്തകര്‍ ചെങ്കൊടി നാട്ടി. കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടുള്ള 40 സെന്റ് ഭൂമിയിലാണ് ചെങ്കൊടി നാട്ടിയത്. ഈ ഭൂമി രമേശന്‍ വില്‍ക്കാന്‍ ശ്രമിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് ചെങ്കൊടി നാട്ടിയത്. രാവിലെ തന്നെ കൊടി ആരോ മാറ്റുകയും ചെയ്‌തു. ഒരു ഡി.വൈ.എഫ്. ഐ നേതാവിന്റെ മകള്‍ക്ക് 50 ലക്ഷം മുടക്കി സീറ്റ് നേടി എന്നത് പാര്‍ട്ടി അണികളെ ഏറെ ആശയക്കുഴപ്പത്തി ലാക്കിയിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്കെതിരായ സമരത്തിന്റെ ഭാഗമായി അഞ്ചു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പോലീസിന്റെ വെടിയേറ്റു മരിച്ചിരുന്നു. ഇന്ന് അതേ സംഘടനയുടെ സംസ്ഥാന നേതാവ് പരിയാരം മെഡിക്കല്‍ കോളേജില്‍ അമ്പതു ലക്ഷത്തോളം വിലവരുന്ന മെഡിക്കല്‍ സീറ്റ് എന്‍.ആര്‍.ഐ കോട്ടയുടെ മറവില്‍ കൈക്കലാക്കിയത് ഒരു വിഭാഗം പ്രവര്‍ത്തകരെ രോഷാകുലരാക്കിയിട്ടുണ്ട്. സ്വാശ്രയ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ പാര്‍ട്ടി അണികള്‍ സമരം നടത്തുമ്പോള്‍ നേതാക്കന്മാരുടെ മക്കള്‍ സ്വാശ്രയ കോളേജുകളില്‍ പേയ്‌മെന്റ് സീറ്റില്‍ പ്രവേശനം നേടുന്നത് പൊതു സമൂഹത്തില്‍ പാര്‍ട്ടിയുടെ മുഖം നഷ്ടപ്പെടുത്തുമെന്ന് നേരത്തെ തന്നെ അഭിപ്രായം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് രമേശന്‍ മകളുടെ സീറ്റ് ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചു എങ്കിലും രമേശന്‍ ലക്ഷങ്ങള്‍ മുടക്കി മകള്‍ക്ക് സീറ്റ് തരപ്പെടുത്തിയതിനെതിരേ ഡിവൈഎഫ്‌ഐ നേതൃത്വം തന്നെ പരസ്യമായി രംഗത്തു വന്നിരുന്നു. തുടര്‍ന്നാണ് സി.പി.എം പ്രവര്‍ത്തകര്‍ രമേഷന്റെ ഭൂമിയില്‍ ചെങ്കൊടി നാട്ടിയത്