കണ്ണൂര്‍: പാര്‍ട്ടി വിലക്ക് ലംഘിച്ച് പതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ബെര്‍ളിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട് സന്ദര്‍ശിച്ചു. വിവിധ പരിപാടികളുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ എത്തിയ വി. എസ്. അസുഖ ബാധിതനായി കിടക്കുന്ന ബെര്‍ളിന്‍ കുഞ്ഞനന്തന്‍ നായരെ സന്ദര്‍ശിക്കും എന്ന് നേരത്തെ വ്യക്തമാക്കിയിരിന്നു. അടുത്ത സുഹൃത്തായ വി. എസിനെ ബെര്‍ളിന്‍ ഉച്ച ഭക്ഷണത്തിനായി ക്ഷണിക്കുകയും ചെയ്തു. ഉച്ച ഭക്ഷണം കഴിക്കുവാനുള്ള ക്ഷണം വി. എസ്. സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ പാര്‍ട്ടി പുറത്താക്കിയ വ്യക്തിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കുന്നതിനോട് കണ്ണൂര്‍ ജില്ല്ലാ കമ്മറ്റി എതിര്‍പ്പ് പ്രകടിപ്പിച്ചു. തുടര്‍ന്ന് സംസ്ഥാന നേതൃത്വവും വി. എസിനെ വിലക്കി എന്നാണ് അറിയുന്നത്. എന്നാല്‍ ഒരു വായനശാലയുടെ ഉല്‍ഘാടനം കഴിഞ്ഞ് അതിനടുത്തുള്ള കുഞ്ഞനനന്തന്‍ നായരുടെ വീട്ടിലേക്ക് വി. എസ്. ചെല്ലുകയായിരുന്നു. വിലക്കു ലംഘിച്ചും തന്നെ സന്ദര്‍ശിച്ച സുഹൃത്തിനെ കുഞ്ഞനന്തന്‍ നായര്‍ ആഹ്ലാദപൂര്‍വ്വം സ്വീകരിക്കുകയും ചെയ്തു. വി. എസിന്റെ സന്ദര്‍ശനം തനിക്ക് ഊര്‍ജ്ജം പകരുന്നതായി ബെര്‍ളിന്‍ കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞു. ഭക്ഷണം കഴിക്കുന്നതിനേ വിലക്കുള്ളൂ എന്നും വെള്ളം കുടിക്കാമെന്നും വി. എസ്. തമാശയായി പറഞ്ഞു. മറ്റൊരിക്കല്‍ ഊണു കഴിക്കുവാന്‍ എത്തുമെന്നും പറഞ്ഞ് വി. എസ്. മടങ്ങി.
ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ സി. പി. എമ്മിന്റെ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുത്തവരാണ് ബെര്‍ളിന്‍ കുഞ്ഞനന്തന്‍ നായരും വി. എസ്. അച്യുതാനന്ദനും. കമ്യൂണിസ്റ്റു പ്രവര്‍ത്തകര്‍ എന്ന നിലയില്‍ അടുത്ത സുഹൃത്തുക്കളായ ഇരുവരും ഇന്നും അത് കാത്തു സൂക്ഷിക്കുന്നു. ആദ്യ കാലത്ത് കമ്യൂണിസ്റ്റു പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച ആളായിരുന്നു കുഞ്ഞനന്തന്‍ നായര്‍. താത്വികമായ അവലോകനങ്ങളും ഒപ്പം കമ്യൂണിസ്റ്റു രാജ്യങ്ങളില്‍ നടക്കുന്ന സംഭവ വികാസങ്ങളും ബെര്‍ളിന്‍ കുഞ്ഞനന്തന്‍ നായര്‍ തന്റെ ലേഖനങ്ങളിലൂടെ മലയാളിക്ക് പരിചയപ്പെടുത്തി. ഇടക്കാലത്ത് പാര്‍ട്ടിയോടുള്ള വിയോജിപ്പ് തന്റെ ലേഖനങ്ങളിലൂടെ അദ്ദേഹം വെളിപ്പെടുത്തി. ഇത്തരം ചില ലേഖനങ്ങളിലെ പരാമര്‍ശങ്ങള്‍ ഏറെ വിവാദങ്ങള്‍ക്ക് വഴി വെക്കുകയും ചെയ്തു. പ്രത്യയ ശാസ്ത്രപരമായ അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് 2005 മാര്‍ച്ചില്‍ സി. പി. എം. അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ബെര്‍ളിന്‍ കുഞ്ഞനന്തന്‍ നായര്‍ അസുഖ ബാധിതനായി കിടക്കുമ്പോള്‍ വി. എസ്. സന്ദര്‍ശിച്ചിരുന്നു. അന്നും അത് ഏറെ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു. പാര്‍ട്ടി പുറത്താക്കുന്ന പ്രമുഖരെ സഖാക്കള്‍ സന്ദര്‍ശിക്കുന്നത് ആദ്യമായൊന്നുമല്ല. കെ. ആര്‍. ഗൌരിയമ്മയെ പല പ്രമുഖ നേതാക്കളും സന്ദര്‍ശിച്ചിരുന്നു.