തിരുവനന്തപുരം: കോടതിയലക്ഷ്യ കേസില്‍ കഠിന തടവിനു ശിക്ഷിക്കപ്പെട്ട സി.പി.എം സംസ്ഥാന സമിതി അംഗവും മുന്‍ എം.എല്‍.എയുമായ എം.വി.ജയരാജനെ വൈകീട്ട് ആറുമണിക്ക് മുമ്പായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു. സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്ത് അദ്ദേഹത്തെ പ്രത്യേക മുറിയില്‍ ആയിരിക്കും പാര്‍പ്പിക്കുക. ഉച്ചക്ക് കൊല്ലം ജില്ലാ ജയിലില്‍ നിന്നുമായിരുന്നു ഭക്ഷണം കഴിച്ചത്. ജയിലില്‍ യാത്രാമധ്യേ വിവിധ പ്രദേശാങ്ങളില്‍ സി.പി.എം പ്രവര്‍ത്തകര്‍ വാഹനം തടയുകയും അദ്ദേഹത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു. ചിലയിടങ്ങളില്‍ പ്രവര്‍ത്തകര്‍ പോലീസ് വാഹനത്തെ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി. ജയിലിനു മുമ്പിലും പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി കാത്തുനിന്നിരുന്നു.
പാതയോരത്ത് പൊതുയോഗം നിരോധിച്ചതിന് എതിരെ 2010 ജൂണില്‍ കണ്ണൂരില്‍ നടത്തിയ പ്രസംഗത്തിനിടെ ജഡ്ജിമാര്‍ക്കെതിരെ ശുംഭന്‍ പ്രയോഗം നടത്തിയത് ഏറെ വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. തുടര്‍ന്ന് കേസ് വിസ്താരത്തിനിടെ ശുംഭന്‍ എന്നതിനു പ്രകാശം പരത്തുന്നവന്‍ എന്ന് അര്‍ഥമുണ്ടെന്ന് സമര്‍ഥിക്കുവാന്‍ ജയരാജന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ജയരാജന്റെ വാദങ്ങളെ കോടതി തള്ളുകയായിരുന്നു. ശുംഭന്‍ എന്ന പ്രയോഗത്തിലൂടെ ജഡ്ജിമാരെയും നീതിപീഠത്തേയും ജയരാജന്‍ അവഹേളിക്കുകയായിരുന്നു എന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ വി.രാംകുമാര്‍, പി.ക്യു ബര്‍ക്കത്തലി എന്നിവരടങ്ങുന്ന ബഞ്ച് ജയരാജന് ആറുമാസം തടവും 2000 രൂപ പിഴയും വിധിച്ചു. വിധി നടപ്പാക്കുന്നത് തല്‍ക്കാലം നിര്‍ത്തി വെക്കണമെന്ന ജയരാജന്റെ അപേക്ഷ നിരസിച്ച കോടതി അദ്ദേഹത്തെ പൂജപ്പുര ജയിലിലെക്ക് അയക്കുവാന്‍ നിര്‍ദ്ദേശം നല്‍കി.
വിധി ദൌര്‍ഭാഗ്യകരമായെന്ന് സി. പി. എം നേതാക്കള്‍ വിലയിരുത്തി. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് അവര്‍ സൂചിപ്പിച്ചു.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, കേരള ഹൈക്കോടതി