ആലപ്പുഴ: ചരിത്രത്തില്‍ ഇടം പിടിച്ച നിരവധി സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ആലപ്പുഴ ഇന്ന് മറ്റൊരു ചരിത്ര മുഹൂര്‍ത്തത്തിനു കൂടെ സാക്ഷ്യം വഹിച്ചു.ആലപ്പുഴ മാമ്മൂട്ടിലെ ബിവറേജ് ഔട്‌ലെറ്റ് അടച്ചു പൂട്ടുന്നതിനെതിരെ മദ്യപര്‍ നടത്തിയ സമരം. ആരംഭിച്ച് അധികം കഴിയും മുമ്പ് തന്നെ സമരം വിജയിക്കുകയും ചെയ്തു. പ്രദേശത്തെ കുടിയന്മാരുടെ പ്രധാന ആശ്രയമായിരുന്ന ബീവറേജ് ഔട്ട് ലെറ്റ് കഴിഞ്ഞ ദിവസം അടച്ചു പൂട്ടിയിരുന്നു. അടച്ചു പൂട്ടിയ സ്ഥാപനത്തില്‍ നിന്നും ഉണ്ടായിരുന്ന സ്റ്റോക്ക് കൊണ്ടു പൊകുവാന്‍ വാഹനവുമായി ഇന്നു രാവിലെ ചില ഉദ്യോഗസ്ഥര്‍ എത്തി. സ്ഥാപനം തുറന്നതാണെന്ന് കരുതി പ്രദേശത്തെ മദ്യപര്‍ എത്തി എന്നാല്‍ തങ്ങള്‍ അവിടെ ഉള്ള സ്റ്റോക്ക് കൊണ്ടു പോകുവാന്‍ എത്തിയതാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതോടെ മദ്യപര്‍ മുദ്രാവാക്യം വിളികളുമായി ഉദ്യോഗസ്ഥരെ തടഞ്ഞു. പ്രതിഷേധ സമരക്കാരില്‍ ഒരാള്‍ ഇതിനിടയില്‍ മദ്യക്കുപ്പികള്‍ കൊണ്ടു പോകാനായി എത്തിയ ലോറിയുടെ ടയറുകള്‍ക്കിടയില്‍ പ്ലക്കാഡുമായി കുത്തിയിരുന്നു. പ്രശ്നം രൂക്ഷമായതോടെ ബിവറേജ് കോര്‍പ്പറേഷന്‍ എം.ഡി. ഇടപെടുകയും തല്‍ക്കാലം സ്ഥാപനം അടച്ചു പൂട്ടേണ്ട എന്ന് തീരുമാനിക്കുകയുമായിരുന്നു. മദ്യവിരുദ്ധ സമിതി കളുടെ നിരവധി സമരം കണ്ടിട്ടുള്ള ആലപ്പുഴക്കാര്‍ക്ക് മദ്യപന്മാരുടെ സമരം തികച്ചു പുതുമയാര്‍ന്നതായി. അസംഘടിതരായിരുന്നിട്ടും ഒരു സമരം വിജയിച്ചതിന്റെ ആഹ്ലാദത്തിലാണ് പ്രദേശത്തെ മദ്യപാനികള്‍. പുഷ്കരന്‍, ലാലിച്ചന്‍ തുടങ്ങിയവര്‍ സമരത്തിനു നേതൃത്വം നല്‍കി.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, പോലീസ്, പോലീസ് അതിക്രമം