കൊല്ലം: ബിഹാര്‍ സ്വദേശി സത്നം സിങ് മാന്‍ (24) മരിച്ചതില്‍ അസ്വാഭാവികതയുണ്ടെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. മരണവുമായി ബന്ധപെട്ട് ഏറെ ദുരൂഹതകള്‍ ഉണ്ടെന്ന വാര്‍ത്ത വന്നതിനു തൊട്ടു പിറകെയാണ് ഈ റിപ്പോര്‍ട്ട്. മാതാ അമൃതാനന്ദമയി മഠത്തില്‍ ദര്‍ശന വേദിയിലേക്ക് ഓടിക്കയറിയതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയും ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്ന കാരണത്താല്‍ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയുമാണ് ഉണ്ടായത്. എന്നാല്‍ അവിടെ ചികിത്സയിലിരിക്കെ ദുരൂഹ സാഹചര്യത്തില്‍ മരണ മടയുകയായിരുന്നു. ശരീരമാസകലം മര്‍ദ്ദനമേറ്റതിന്റെയും മുറിവേറ്റതിന്റെയും പാടുകള്‍ ഉണ്ടായിരുന്നതായി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ഇന്‍ക്വസ്റ്റിനു ശേഷം കണ്ടെത്തിയിരുന്നു. അസ്വാഭാവിക മരണത്തിന് പേരൂര്‍ക്കട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മൃതദേഹം ഇന്നു പോസ്റ്റ്മോര്‍ട്ടം ചെയ്യും. സത്നം സിങ് ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്നും ഉന്നതതല അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.