തിരുവനന്തപുരം: ജനനായകന്‍ വി.എസ്. അച്ച്യുതാനന്ദന് ഇന്ന് തൊണ്ണൂറാം പിറന്നാള്‍. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സഹപ്രവര്‍ത്തകരുടേയും സാന്നിധ്യത്തില്‍ കന്റോണ്മെന്റ് ഹൌസില്‍ കേക്ക് മുറിച്ചു. വി.എസിനു പിറന്നാള്‍ ആശംസ നേരുവാന്‍ നിരവധി പേര്‍ എത്തിയിരുന്നു. അഴിമതിയ്ക്കെതിരായ പോരാട്ടം തുടരുമെന്നും ആരോഗ്യപരമായ കാരണങ്ങളാല്‍ ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വി.എസ് എന്ന രണ്ടക്ഷരം കേരളജനതയുടെ ആവേശമാകുന്നത് വിട്ടുവീഴ്ചയില്ലാതെ ജനപക്ഷത്തു നിന്നു കൊണ്ട് നടത്തിയ പോരാട്ടങ്ങളിലൂടെയാണ്.തൊണ്ണൂറിലും വിപ്ലവവീര്യത്തിനൊട്ടും കുറവില്ലെന്ന് അദ്ദേഹം നടത്തുന്ന പോരാട്ടങ്ങളും വാക്കുകളും സാക്ഷ്യപ്പെടുത്തുന്നു. പിറന്നാള്‍ ആഘോഷവേളയിലും അദ്ദേഹത്തിനു പറയുവാനുണ്ടായിരുന്നത് അഴിമതിയ്ക്കെതിരായുള്ള പോരാട്ടം തുടരും എന്ന് തന്നെയാണ്. സോളാര്‍ കേസ് തേച്ച് മാച്ചു കളയുവാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ രാജിവെപ്പിക്കാതെ പിന്നോട്ടില്ലെന്നായിരുന്നു.
1923- ഒക്ടോബര്‍ 20 നാണ് വി.എസ്. ജനിച്ചത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമരങ്ങളില്‍ ഒന്നായ പുന്നപ്ര വയലാര്‍ സമരത്തില്‍ പങ്കെടുത്തു. അതു പകര്‍ന്ന സമരവീര്യം ഇന്നും അണയാതെ സൂക്ഷിക്കുന്നു. ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്തും അഴിമതിയ്ക്കും പെണ്‍വാണിഭത്തിനും എതിരായ പോരാട്ടങ്ങള്‍ക്ക് ഇറങ്ങിയപ്പോള്‍ വി.എസിനു പാര്‍ട്ടിയുമായി പലപ്പോഴും വിയോജിക്കേണ്ടി വന്നിട്ടുണ്ട്. പാര്‍ട്ടിഅച്ചടക്കം ലംഘിക്കപ്പെട്ടു എന്നതിന്റെ പേരില്‍ പല തവണ നടപടിക്ക് വിധേയനാകേണ്ടിവന്നു. ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് എടുത്ത നിലപാടിന്റെ ഭാഗമായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗത്വം നഷ്ടപ്പെടുകയും ചെയ്തു. പാര്‍ട്ടിക്കകത്ത് പലര്‍ക്കും വി.എസിനോട് അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും തിരഞ്ഞെടുപ്പ് കാലത്ത് ഈ ജനകീയ നേതാവിന്റെ ഫോട്ടോ വച്ച് തന്നെ തങ്ങളുടെ മത്സര വിജയം ഉറപ്പു വരുത്തി. രണ്ടു തവണ സംസ്ഥാന ഘടകം മത്സരിക്കുവാന്‍ സീറ്റു നിഷേധിച്ചെങ്കിലും ജനങ്ങളുടെ ഭാഗത്തുനിന്നുമുണ്ടായ ഇടപെടലിനെ കേന്ദ്ര നേതൃത്വത്തിനു കണ്ടില്ലെന്ന് വെക്കുവാനായില്ല.
വി.എസ് നവതി ആഘോഷിക്കുമ്പോള്‍ വര്‍ഷങ്ങളായി സന്തത സഹചാരിയായിരുന്ന സുരേഷ് പേഴ്സണല്‍ സ്റ്റാഫില്‍ ഇല്ല എന്നത് ശ്രദ്ധേയം. പാര്‍ട്ടിയില്‍ നിന്നും അച്ഛടക്ക നടപടിയുടെ പേരില്‍ പുറത്താക്കിയതോടെ സുരേഷ് ഉള്‍പ്പെടെ മൂന്ന് വിശ്വസ്ഥരെ വി.എസിനു വിട്ടു പിരിയേണ്ടതായി വന്നു.