തിരുവനന്തപുരം: കേരള നിയമ സഭാ സ്പീക്കറും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ജി. കാര്‍ത്തികേയന്‍ (66) അന്തരിച്ചു. കരളില്‍ അര്‍ബുദ രോഗ ബാധയെ തുടര്‍ന്ന് ബാംഗ്ലൂരുവിലെ എച്ച്. സി. ജി. ആശുപത്രിയില്‍ ഇന്ന് രാവിലെ പത്തരയോടെ ആയിരുന്നു അന്ത്യം. 17 ദിവസമായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട്. ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ഓങ്കോളൊജി വിഭാഗത്തിലെ വെന്റിലേറ്ററില്‍ ആയിരുന്നു. ഭാര്യ ഡോ. സുലേഖയും മക്കളായ അനന്ത പത്മനാഭന്‍, ശബരീനാഥ് എന്നിവരും അടുത്ത ബന്ധുക്കളും മന്ത്രിമാര്‍ അടക്കമുള്ള പ്രമുഖ രാഷ്ടീയ നേതാക്കളും മരണ സമയത്ത് ആശുപത്രിയില്‍ ഉണ്ടായിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ ബാംഗ്ലുരുവിലെക്ക് പുറപ്പെട്ടു.
മൃതദേഹം പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടു വരും. സ്പീക്കറുടെ ഔദ്യോഗിക വസതിയില്‍ പൊതു ദര്‍ശനത്തിനു വെക്കും. തുടര്‍ന്ന് ദര്‍ബാര്‍ ഹാള്‍, കെ. പി. സി. സി. ആസ്ഥാനം എന്നിവിടങ്ങളില്‍ പൊതു ദര്‍ശനത്തിനു വച്ച ശേഷം ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തി കവാടത്തില്‍ ഞായറാഴ്ച വൈകീട്ട് 6.30ന് സംസ്കരിക്കും.
1949-ല്‍ വര്‍ക്കലയില്‍ എന്‍. പി. ഗോപാല പിള്ളയുടേയും വനജാക്ഷി അമ്മയുടേയും മകനായാണ് രാഷ്ടീയ മണ്ഡലങ്ങളില്‍ ജി. കെ. എന്നറിയപ്പെടുന്ന ജി. കാര്‍ത്തികേയന്‍ ജനിച്ചത്. കെ. എസ്. യു. യൂണിറ്റ് പ്രസിഡണ്ടായി വിദ്യാര്‍ഥി രാഷ്ടീയത്തില്‍ കടന്നു വന്ന അദ്ദേഹം പിന്നീട് സംസ്ഥാന പ്രസിഡണ്ട്, കേരള സര്‍വ്വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറി തുടങ്ങി വിവിധ പദവികള്‍ വഹിച്ചു. എല്‍. എല്‍. ബി. പഠന ശേഷം സജീവ രാഷ്ടീയത്തിലേക്ക് കടന്നു. യൂത്ത് കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ടായ അദ്ദേഹം സംസ്ഥാന സെക്രട്ടറി, പ്രസിഡണ്ട് തുടങ്ങിയ ഭാരവാഹിത്വങ്ങള്‍ വഹിച്ചിട്ടുണ്ട്.
1980-ല്‍ ആണ് കാര്‍ത്തികേയന്‍ ആദ്യമായി നിയമ സഭയിലേക്ക് മത്സരിക്കുന്നത്. സി. പി. എമ്മിലെ കരുത്തനായ വര്‍ക്കല രാധാകൃഷ്ണനോട് പരാജയപ്പെട്ടു. തുടര്‍ന്ന് 1982-ല്‍ തിരുവനന്തപുരം നോര്‍ത്തില്‍ സി. പി. എമ്മിലെ കെ. അനിരുദ്ധനെ തോല്പിച്ച് നിയമസഭയില്‍ എത്തി. തുടര്‍ന്ന് 1987-ല്‍ സി. പി. എമ്മിലെ തന്നെ എം. വിജയ കുമാറിനോട് മത്സരിച്ച് പരാജയപ്പെട്ടു. പിന്നീട് 1991-ല്‍ ആര്യനാട് മണ്ഡലത്തില്‍ എത്തിയ കാര്‍ത്തികേയന്‍ അവിടെ നിന്നും 2006-വരെ തുടര്‍ച്ചയായി വിജയിച്ചു. ആര്യനാട് മണ്ഡലം പിന്നീട് അരുവിക്കരയായി മാറിയെങ്കിലും ജി. കാര്‍ത്തികേയന്‍ വിജയിച്ചു. 1995-ല്‍ വൈദ്യുതി മന്ത്രിയായും 2001-ല്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയായും സേവനം അനുഷ്ടിച്ചു. ഇത്തവണ കോണ്‍ഗ്രസ്സ് അധികാരത്തിൽ എത്തിയപ്പോള്‍ മന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കിലും സഭാ നാഥനാകുവാനായിരുന്നു കാര്‍ത്തികേയന്റെ നിയോഗം.
സിനിമ, സ്പ്പോര്‍ട്സ്, വായന, യാത്ര എന്നിവയില്‍ കാര്‍ത്തികേയനു പ്രത്യേക താല്പര്യം ഉണ്ടായിരുന്നു. സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ സാമൂഹിക രാഷ്ടീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. മികച്ച ഒരു പാര്‍ളമെന്റേറിയനെയാണ് അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ കേരളത്തിനു നഷ്ടമായത്.