എരുമേലി: സ്കൂളില്‍ ഒരുക്കിയ വിരുന്നില്‍ പന്നിയിറച്ചി വിളമ്പിയതിന്റെ പേരില്‍ പ്രധാന അധ്യാപകനും എന്‍. സി. സി. യുടെ ചുമതലയുള്ള അധ്യാപകനും സസ്പെന്‍ഷന്‍. എരുമേലി സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്കൂളിലെ പ്രധാനാധ്യാപകനായ തോമസ് വര്‍ഗീസ്, രാജു ജോസഫ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സ്റ്റാഫ് റൂം മാറ്റുന്നതിന്റെ ഭാഗമായി ഒരുക്കിയ വിരുന്നില്‍ പന്നിയിറച്ചിയും കപ്പയും ഒരുക്കിയിരുന്നു. ഇതില്‍ ബാക്കി വന്നത് എന്‍. സി. സി. ക്യാമ്പിലെ കാഡറ്റുകള്‍ക്കും നല്‍കി.
സ്കൂളില്‍ പന്നിയിറച്ചി വിളമ്പിയതിനെ ഒരു വിഭാഗം ആളുകള്‍ എതിര്‍ത്തു. മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ എരുമേലി – കാഞ്ഞിരപ്പള്ളി പാത മൂന്നു മണിക്കൂറോളം ഉപരോധിക്കുകയും ചെയ്തു. ഇതിനിടയില്‍ സ്കൂളിലേക്ക് അതിക്രമിച്ചു കയറിയ ഒരു സംഘം അധ്യാപകരെ മര്‍ദ്ദിച്ചതായും സ്കൂള്‍ അധികൃതര്‍ ആരോപിക്കുന്നു.
സംഭവ സ്ഥലത്ത് പോലീസെത്തി സ്ഥിതി ഗതികള്‍ നിയന്ത്രണ വിധേയമാക്കി. എന്‍. സി. സി. യുടെ ചുമതലയുള്ള അധ്യാപകനെ പോലീസ് സംഭവ സ്ഥലത്തു നിന്നും മാറ്റി. സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ജെസി ജോസഫ് സ്ഥലത്തെത്തി അന്വേഷണം നടത്തി. തുടര്‍ന്ന് അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കുകയായിരുന്നു.
പന്നിയിറച്ചി കഴിക്കുന്ന ധാരാളം കുട്ടികള്‍ സ്കൂളില്‍ ഉണ്ട്. എന്നാല്‍ മുസ്ലിം കുട്ടികളോട് പന്നിയിറച്ചി കഴിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയതായും സ്കൂള്‍ അധികൃതര്‍ പറഞ്ഞു. മുസ്ലിം കുട്ടികള്‍ പന്നിയിറച്ചി കഴിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
കപ്പയും ബീഫും എന്നതു പോലെ കപ്പയും പന്നിയിറച്ചിയും നാട്ടില്‍ സാധാരണമാണ്. മുസ്ലിം മത വിശ്വാസികള്‍ പന്നിയിറച്ചി കഴിക്കാറില്ല എന്നതു പോലെ തന്നെ ഒരു വിഭാഗം ഹിന്ദു മത വിശ്വാസികള്‍ ബീഫും കഴിക്കാറില്ല എന്നിരിക്കെ ഒരു വിഭാഗം നടത്തിയ പ്രതിഷേധത്തിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെടുകയാണ്.
- എസ്. കുമാര്‍