വരുമൊരിക്കല്‍
എന്റെ ആ നിദ്ര നിശബ്ദമായി…
മനസും ആത്മാവും നിന്നെ ഏല്പിച്ച്,
വെറും ജഡമായി…,
ചുറ്റുമുള്ളതൊന്നും കാണാതെ, കേള്‍ക്കാതെ,
നശ്വരമാം ബന്ധങ്ങളിലെ വേദന എന്തെന്നറിയാതെ…,
പ്രണയിക്കുവാന്‍ കാമിനിയില്ലെന്നു പരിഭവിക്കാതെ…,
പ്രതീക്ഷിക്കുവാന്‍ ഏതുമില്ലാതെ…,
പ്രകൃതിയുടെ ഞരക്കം പോലും തട്ടിയുണര്‍ത്താതെ…
നീ ഒന്നു വേഗം വന്നുവെങ്കില്‍…!!!
“ഉണരാത്ത നിദ്ര” എന്ന കവിതയിലെ ഈ വരികള്‍ കുറിച്ചിട്ട രമ്യാ ആന്‍റണി യാത്രയായി… ശലഭങ്ങള്‍ ഇല്ലാത്ത ലോകത്തേയ്ക്ക്. ശൈശവത്തില്‍ പോളിയോ വന്നു കാലുകള്‍ തളര്‍ന്ന രമ്യ, വായിലെ ക്യാന്‍സറിനു തിരുവനന്തപുരം ആര്‍. സി. സി. യില്‍ ചികില്‍സ യിലായിരുന്നു. രോഗത്തിന്റെ കാഠിന്യത്തിലും മനസ്സ് തളരാതെ ഓണ്‍ലൈന്‍ ലോകത്ത്, ഓര്‍ക്കുട്ടിലും, ഫേസ്ബുക്കിലും, കൂട്ടം എന്ന മലയാളി സോഷ്യല്‍ നെറ്റ്വര്‍ക്കിലും ഒക്കെ സജീവമായിരുന്നു രമ്യ. രോഗക്കിടക്കയില്‍ ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍ രമ്യയുടെ സഹായത്തിനും കൂട്ടിനും എപ്പോഴും ഓടിയെത്തിയിരുന്നു. സജീവമായ ബ്ലോഗിങ്ങിനോപ്പം ചിത്ര രചനയും കവിതാ രചനയും നടത്തിയ രമ്യ പലപ്പോഴായി തന്റെ ഡയറിയില്‍ കുറിച്ചിട്ട കവിതകള്‍ എല്ലാം ചേര്‍ത്ത് പ്രസിദ്ധീകരിച്ച ‘ശലഭായനം’ വളരെയധികം ജനശ്രദ്ധ നേടിയിരുന്നു. ശലഭായന ത്തിലെ കവിതകള്‍, തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജ് വിദ്യാര്‍ത്ഥികള്‍ ചിത്രാവിഷ്കാരം നടത്തിയതും ശ്രദ്ധിക്ക പ്പെട്ടിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെ 02:30 നു തിരുവനന്തപുരം ആര്‍. സി. സി. യില്‍ വെച്ചാണ് മരണം സംഭവിച്ചത്.
തിരുവനന്തപുരം തിരുമല മാങ്കാട്ടു കടവ് സ്വദേശി ആന്‍റണി – ജാനറ്റ് ദമ്പതികളുടെ മകളാണ് ഇരുപത്തി അഞ്ചു കാരി യായ രമ്യ. നാലാം വയസ്സില്‍ പോളിയോ ബാധിച്ച് കാലുകള്‍ തളര്‍ന്ന രമ്യ, പഠിച്ചു മുന്നേറി കോവളത്തെ ഒരു നക്ഷത്ര ഹോട്ടലില്‍ ജോലി നേടി. ധന്യ, സൗമ്യ എന്നിവര്‍ സഹോദര ങ്ങളാണ്. വെള്ളിയാഴ്ച വൈകുന്നേരം മാങ്കാട്ടു കടവി നടുത്ത് ഈഴക്കോട് പൊറ്റയി ലില്‍ സംസ്കരിച്ചു.