കോട്ടയം : സിറിയന്‍ ക്രിസ്ത്യന്‍ സമുദായത്തില്‍ സ്ത്രീകള്‍ക്ക് കുടുംബ സ്വത്തില്‍ തുല്യ പങ്കാളിത്തം ആവശ്യപ്പെട്ട് കൊണ്ട് കാല്‍ നൂറ്റാണ്ടു കാലം നിയമ യുദ്ധം നടത്തി ചരിത്രത്തില്‍ ഇടം നേടിയ മേരി റോയിക്ക് അവസാനം തന്റെ സ്വത്ത് കൈവശമായി. കേസില്‍ മേരി റോയിക്ക് അനുകൂലമായി 2008 ഡിസംബറില്‍ അന്തിമ വിധി വന്നിരുന്നു. എന്നാല്‍ തര്‍ക്കത്തിന് കാരണമായ വീട്ടില്‍ റോയിയുടെ സഹോദരന്‍ ജോര്‍ജ്ജ് ഐസക് താമസമായിരുന്നു. തനിക്ക് അനുകൂലമായ വിധി ലഭിച്ചിട്ടും അത് നടപ്പിലാകുന്നില്ലെന്ന് കാണിച്ച് 2009 ജനുവരിയില്‍ അന്തിമ വിധി നടപ്പിലാക്കണം എന്ന് മേരി റോയ് കോട്ടയം സബ് കോടതിയില്‍ ഹരജി നല്‍കി. ഈ കേസിലാണ് ഇന്നലെ കോടതി നടപടി സ്വീകരിച്ചത്. ഇതോടെ വീടിന്റെ പൂര്‍ണ അവകാശം മേരി റോയിക്ക് ലഭിക്കും.
26 വര്‍ഷമായി താന്‍ നീതിക്കായി പൊരുതുന്നു എന്നും സ്വത്തിലുള്ള തങ്ങളുടെ പങ്ക് അവസാനം തനിക്കും സഹോദരിക്കും ലഭിച്ചതില്‍ സന്തോഷം ഉണ്ടെന്നും കോട്ടയത്തെ ഇവര്‍ സ്ഥാപിച്ച പ്രശസ്തമായ “പള്ളിക്കൂടം” സ്ക്കൂള്‍ വളപ്പിലെ സ്വവസതിയില്‍ വെച്ച് മേരി റോയ് അറിയിച്ചു.
പിതൃ സ്വത്തില്‍ ആണ്‍ മക്കളുടെ പങ്കിന്റെ വെറും കാല്‍ ഭാഗമോ അയ്യായിരം രൂപയോ ഇതില്‍ ഏതാണോ കുറവ് അതിനു മാത്രം അവകാശമുള്ള 1916 ലെ തിരുവിതാംകൂര്‍ പിന്തുടര്‍ച്ചാ നിയമവും 1921 ലെ കൊച്ചി പിന്തുടര്‍ച്ചാ നിയമവും പിന്തുടര്‍ന്ന് വന്ന സിറിയന്‍ ക്രിസ്ത്യന്‍ സമുദായത്തിലെ സ്ത്രീകള്‍ക്ക് സ്വത്തില്‍ തുല്യ പങ്ക് ലഭ്യമാക്കിയ ചരിത്ര പ്രധാനമായ വിധി 1986 ലാണ് മേരി റോയ് സുപ്രീം കോടതിയില്‍ നിന്നും നേടിയെടുത്തത്.
ബുക്കര്‍ പുരസ്ക്കാര ജേതാവും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അരുന്ധതി റോയിയുടെ അമ്മയാണ് മേരി റോയ്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, കോടതി, പ്രതിരോധം, വിദ്യാഭ്യാസം, സാമൂഹ്യ പ്രവര്‍ത്തനം, സ്ത്രീ