- എസ്. കുമാര്‍
കണ്ണൂര്‍: സംസ്ഥാന പൈക്ക വനിതാ കായികമേള സമാപിച്ചു. കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെയും സംസ്ഥാന സര്‍ക്കാറിന്‍റെയും ആഭിമുഖ്യത്തിലാണ് പൈക്ക കായിക മേള നടന്നത്. വോളിബാളില്‍ കണ്ണൂരിനെ തോല്‍പിച്ച് കൊല്ലം വിജയിച്ചു. വയനാടിനാണ് മൂന്നാം സ്ഥാനം നേടി. കബഡിയില്‍ തിരുവനന്തപുരം ചാമ്പ്യന്മാരായി തൃശൂരിനെയാണ് ഇവര്‍ നേരിട്ടത്. കോട്ടയം മൂന്നാം സ്ഥാനത്തെത്തി. ഖോഖോയില്‍ മലപ്പുറത്തെ പരാജയപ്പെടുത്തി തിരുവനന്തപുരം ജേതാക്കളായി. തൃശൂരിനാണ് മൂന്നാം സ്ഥാനം.
സമാപനചടങ്ങില്‍ കണ്ണൂര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ഒ.കെ. വിനീഷ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.
-
കൊച്ചി: ഗോസിപ്പുകള്‍ കേട്ട് മടുത്തു. ബന്ധുക്കള്‍ എനിക്ക് വേണ്ടി വിവാഹം ആലോചിക്കുന്നുണ്ട്. പറയുന്നത് മറ്റാരുമല്ല, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ കേരള സാന്നിധ്യമായ താരം ശ്രീശാന്താണ്. വധു ആരെന്ന അടുത്ത ചോദ്യത്തിന്, കൊച്ചി ടസ്‌കേഴ്‌സ് കേരളയുടെ ബ്രാന്‍ഡ് അംബാസഡറായ ബോളിവുഡ് നടി റിയാ സെന്‍ ആണെന്ന് കേള്‍ക്കാന്‍ കൊതിക്കുന്നവര്‍ക്ക് നിരാശ. റിയ തന്റെ നല്ല സുഹൃത്ത് മാത്രമാണ് എന്ന് ശ്രീശാന്ത് ഉറപ്പിച്ചു പറയുന്നു. തങ്ങള്‍ തമ്മില്‍ പ്രണയത്തിലാണ് എന്ന വാര്‍ത്തയില്‍ യാതൊരു കഴമ്പുമില്ല എന്ന് ശ്രീശാന്ത് പറയുന്നു. മാധ്യമങ്ങള്‍ തനിക്ക് വേണ്ടി ഒത്തിരി പ്രണയങ്ങള്‍ സൃഷ്ടിച്ചു കഴിഞ്ഞു. ഇനിയും ഇത്തരം കഥകള്‍ കേള്‍ക്കാന്‍ തന്റെ വീട്ടുകാര്‍ക്ക് താല്പര്യമില്ല എന്ന് ശ്രീ വ്യക്തമാക്കി. ദക്ഷിണേന്ത്യന്‍ സംസ്കാരം അനുസരിച്ച് വീട്ടുകാരാണ് നമ്മുക്ക് വേണ്ടി ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുക. താന്‍ കുടുംബ ബന്ധങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്നവനാനെന്നും, അച്ഛനും അമ്മയും തെരഞ്ഞെടുക്കുന്ന ഏതു പെണ്‍കുട്ടിയെയും മനസ്സുതുറന്നു സ്നേഹിക്കാന്‍ കഴിയുമെന്നും ശ്രീ പറയുന്നു.
മലയാളത്തിലെയും ഹിന്ദിയിലേയും പല നായികമാരുടെ പേരിലും ശ്രീശാന്തിനെ ചേര്‍ത്തുള്ള നിരവധി ഗോസിപ്പുകള്‍ വന്നിട്ടുണ്ട്. അവ ഹിന്ദി സീരിയല്‍ നടിയായ സുര്‍വീന്‍ ചൗള മുതല്‍ മലയാളത്തിന്റെ പ്രിയ നടിയായ ലക്ഷ്മി റായ് വരെ എത്തി. ഇപ്പോള്‍ റിയ സെന്‍ കൊച്ചിന്‍ ടസ്‌കേഴ്‌സിന്റെ കളി കാണാന്‍ ഏതു സ്‌റ്റേഡിയത്തിലും ഉണ്ടാവും എന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. ശ്രീശാന്ത് ഓരോ പന്തെറിയുമ്പോഴും റിയ തികഞ്ഞ പ്രാര്‍ഥനയില്‍ ആണെന്നാണ് ഒരു വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇവയെല്ലാം പച്ചക്കള്ളമാണെന്നാണ് അനന്തഭദ്രത്തില്‍ കലാഭവന്‍ മണിയുടെ സഹോദരിയായി അഭിനയിച്ച ഈ ബംഗാളി സുന്ദരിയുടെ നിലപാട്
- ലിജി അരുണ്‍
റാഞ്ചി: ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് ഒളിമ്പ്യന്‍ സുരേഷ് ബാബു (58) റാഞ്ചിയില്‍ അന്തരിച്ചു. ഹൃദയാഘാത ത്തെത്തുടര്‍ന്നാ യിരുന്നു അന്ത്യം. റാഞ്ചിയിലെ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. ദേശീയ ഗെയിംസില്‍ മത്സരിക്കുന്ന കേരള ടീമിന്റെ സംഘ ത്തലവനായിട്ടാണ് റാഞ്ചിയില്‍ എത്തിയത്.
ഇന്ന് രാവിലെ ശാരീരിക അസ്വാസ്ഥ്യ മുണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തെ റാഞ്ചി ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശി പ്പിക്കുകയായിരുന്നു. ഉച്ചയോടെ അദ്ദേഹത്തിന്റെ സ്ഥിതി ഗുരുതരമാകുകയും രണ്ടരയോടെ മരണം സംഭവിക്കുകയുമായിരുന്നു.
തുടര്‍ച്ചയായ രണ്ട് ഏഷ്യന്‍ ഗെയിംസുകളില്‍ പങ്കെടുത്ത് വ്യത്യസ്ത ഇനങ്ങളില്‍ മെഡല്‍ നേടിയിട്ടുള്ള അപൂര്‍വ താരങ്ങളില്‍ ഒരാളാണ് സുരേഷ് ബാബു. 1974 ലില്‍ തെഹ്‌റാന്‍ ഏഷ്യന്‍ ഗെയിംസില്‍ ഡെക്കാത്തലാണില്‍ വെങ്കലവും 78 ല്‍ ബാങ്കോക്ക് ഗെയിംസില്‍ സ്വര്‍ണ മെഡലും നേടി.
1953 ല്‍ കൊല്ലത്തായിരുന്നു സുരേഷ് ബാബു ജനിച്ചത്. 1973 ല്‍ ഹൈജംപില്‍ ദേശീയ ചാമ്പ്യനായി. പിന്നീട് തുടര്‍ച്ചയായി ആറ് വര്‍ഷക്കാലവും ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തി.
കേരളം കണ്ട എക്കാലത്തേയും മികച്ച പുരുഷ അത്‌ലറ്റുകളില്‍ ഒരാളായ സുരേഷ് ബാബു ഇന്ത്യന്‍ ദേശീയ ടീമിന്റെ പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മൃതദേഹം ഹെലികോപ്റ്ററില്‍ ദില്ലിയിലോ കൊല്‍ക്കത്തിയിലോ എത്തിച്ച ശേഷം അവിടെ നിന്നും ഇന്നു തന്നെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്.
- ലിജി അരുണ്‍
തിരുവനന്തപുരം : സംസ്ഥാന സ്കൂള്‍ കായിക മേളയുടെ ട്രാക്കിലെ കുതിപ്പില്‍ റിക്കോര്‍ഡിട്ട് സ്വര്‍ണ്ണവുമായി സുജിത് കുട്ടന്‍ തിരഞ്ഞെടുക്കപ്പെട്ടു. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ 10.9 സെക്കന്റില്‍ ഓടിയെത്തിയ സുജിത് കുട്ടന്റെ ആഹ്ലാദം പക്ഷെ അധിക സമയം നീണ്ടു നിന്നില്ല. മകന്റെ ഓരോ കുതിപ്പിലും പ്രോത്സാഹനമായി നിന്നിരുന്ന തന്റെ പിതാവിന്റെ മരണ വിവരം ആയിരുന്നു അവനെ കാത്തിരുന്നത്.
ഇന്ത്യയുടെ അന്തര്‍ ദേശീയ താരങ്ങളായ മുരളി കുട്ടന്റേയും ഒളിമ്പ്യന്‍ മേഴ്സി കുട്ടന്റേയും മകനായ സുജിത്തിന്റെ ട്രാക്കിലെ ആദ്യത്തെ റിക്കോര്‍ഡായിരുന്നു ഇന്ന് കുറിച്ചത്. ഇന്നു പുലര്‍ച്ചയോടെ മുരളിക്കുട്ടന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണ മടഞ്ഞുവെങ്കിലും സംഘാടകരും മാധ്യമങ്ങളും മറ്റു ബന്ധുക്കളും വിവരം സുജിത്തിനെ അറിയിച്ചിരുന്നില്ല. സുജിത്ത് കുട്ടന്റെ കായിക ജീവിതത്തിലെ ഒരു നിര്‍ണ്ണായകമായ മത്സരം എന്ന നിലയ്ക്കായിരുന്നു അവര്‍ അത് മറച്ചു വെച്ച് സുജിത്തിനെ മത്സരത്തിനായി ഇറക്കിയത്.
1975 മുതല്‍ 1981 വരെ വിവിധ മത്സരങ്ങളില്‍ സ്വര്‍ണ്ണമുള്‍പ്പെടെ നിരവധി മെഡലുകള്‍ മുരളിക്കുട്ടന്‍ നേടിയിരുന്നു. റിലേ യിലായിരുന്നു തന്റെ മികവ് പ്രകടിപ്പിച്ചിരുന്നത്. അന്താരാഷ്ട്ര മത്സരങ്ങളില്‍ പല തവണ പങ്കെടുക്കുകയും തുടര്‍ന്ന് തന്റെ കഴിവും അനുഭവ പരിചയവും വരും തലമുറയ്ക്ക് പകര്‍ന്നു നല്‍കുകയും ചെയ്ത മുരളിക്കുട്ടന്റെ അകാല വിയോഗം കായിക രംഗത്തിനു കനത്ത നഷ്ടമാണ് വരുത്തി യിരിക്കുന്നത്.
- എസ്. കുമാര്‍
വായിക്കുക: കായികം