ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടന കേസിലെ പ്രതി പി.ഡി.പി നേതാവ് അബ്‌ദുള്‍ നാസര്‍ മഅ്‌ദനിയുടെ ജാമ്യാപേക്ഷ തളളി. കര്‍ണ്ണാടക ഹൈക്കോടതിയാണ് അപേക്ഷ തളളിയത്. മഅ്‌ദനിക്കെതിരെയുളള കേസ് അങ്ങേയറ്റം ഗൗരവമുളളതാണെന്നും പ്രഥമദൃഷ്‌ട്യ കേസ് നിലനില്‍ക്കുന്നതാണെന്നും കോടതി പറഞ്ഞു. ഇത്തരം കേസുകളില്‍ പ്രതിയായവര്‍ക്ക് ഈ സമയത്ത് ജാമ്യം നല്‍കാവാന്‍ കഴിയില്ലെന്നും ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് വി. ജഗനാഥന്‍ ഉത്തരവിട്ടു. അതോടൊപ്പം മഅദനിക്ക് ജയിലില്‍ മികച്ച ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് സര്‍ക്കാറിനു നിര്‍ദേശം നല്കിയിട്ടുണ്ട്.
ബാംഗ്ലൂര്‍ സെഷന്‍സ് കോടതി സപ്തംബര്‍ 13നു ജാമ്യഹര്‍ജി തള്ളിയതിനെത്തുടര്‍ന്ന് ഡിസംബര്‍ 13നാണ് മഅദനി കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയത്. അതേസമയം, ജാമ്യഹര്‍ജി തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മഅദനിയുടെ അഭിഭാഷകന്‍ പി. ഉസ്മാന്‍ പറഞ്ഞു. രണ്ട് മണിക്കൂര്‍ നീണ്ട വിധി പ്രഖ്യാപനത്തില്‍ സുപ്രീം കോടതിയടക്കം വിവിധ കോടതികളുടെ സമാന്തര ഉത്തരവുകള്‍ ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് വി. ജഗനാഥന്‍ ജാമ്യഹര്‍ജി തള്ളിയത്. ജാമ്യത്തിനെതിരെ പ്രോസിക്യൂഷന്‍ ഉന്നയിച്ച വാദങ്ങള്‍ അംഗീകരിച്ച ഹൈക്കോടതി രാജ്യസുരക്ഷയ്‌ക്കെതിരെ നടന്ന ഗൂഢാലോചനയില്‍ മഅദനിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് വിലയിരുത്തി. ബാംഗ്ലൂര്‍ സ്‌ഫോടനം ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ല. കേസിലെ പ്രതികള്‍ രാജ്യത്തുണ്ടായ മറ്റു സ്‌ഫോടനങ്ങളിലും പ്രതികളാണ്. സ്‌ഫോടന ഗൂഢാലോചനയില്‍ മഅദനിക്കുള്ള പങ്ക് വ്യക്തമാക്കുന്നതിനുള്ള തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണസംഘത്തിനു കഴിഞ്ഞിട്ടുണ്ട്.
കേസില്‍ ഒന്നാം പ്രതിയായ തടിയന്റവിട നസീറുമായി സ്‌ഫോടനത്തിനു മുമ്പും ശേഷവും മഅദനി ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട് . രാജ്യ ദ്രോഹപരമായ കുറ്റകൃത്യം അറിഞ്ഞിട്ടും അത് വെളിപ്പെടുത്താതിരിക്കുന്നവര്‍ കുറ്റകൃത്യം നടപ്പാക്കുന്നവരെപ്പോലെതന്നെ കുറ്റവാളികളാണെന്ന് മുന്‍കാല സുപ്രീംകോടതി ഉത്തരവുകള്‍ പരാമര്‍ശിച്ച് കോടതി വിലയിരുത്തി. മഅദനിക്ക് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന് പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. കേസിലെ പ്രധാന സാക്ഷികളായ റഫീക്ക്, യോഗാനന്ദ എന്നിവരെ സ്വാധീനിക്കാന്‍ ശ്രമിച്ച തെഹല്‍ക്ക കേരള പ്രതിനിധി ഷാഹിനയ്‌ക്കെതിരെ നിയമ വിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമപ്രകാരം കേസെടുത്ത കാര്യം കോടതി പ്രത്യേകം ചൂണ്ടിക്കാട്ടി . ജയിലില്‍ കഴിയുമ്പോള്‍ മഅദനി പ്രധാന സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനു തെളിവുണ്ട്. മാത്രമല്ല, കേസിലെ പ്രധാന പ്രതികളുമായി മഅദനി നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടുണ്ട്.
2007 ജൂലായ് മുതല്‍ 2008 ജൂണ്‍ വരെ മഅദനി നടത്തിയ ഫോണ്‍വിളികള്‍ സംബന്ധിച്ച വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം പിഴവില്ലാത്തതാണെന്നും മഅദനിക്കെതിരെ തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷനു വേണ്ടി സംസ്ഥാന അഡ്വക്കേറ്റ് ജനറല്‍ അശോക് ഹരനഹള്ളിയായിരുന്നു ഹാജരായത്. ബാംഗ്ലൂരിലെ പ്രമുഖ നിയമ ഗ്രൂപ്പായ ഹെഗ്‌ഡെ അസോസിയേറ്റ്‌സിലെ അഭിഭാഷകരായ ഉസ്മാനും മുതിര്‍ന്ന അഭിഭാഷകനായ ബി.വി. ആചാര്യയോടൊപ്പം കോടതിയില്‍ ഹാജരായിരുന്നു.