തിരുവനന്തപുരം : ചേകന്നൂര്‍ മൌലവി വധക്കേസില്‍ ഒന്നാം പ്രതി വി. വി. ഹംസയെ പ്രത്യേക കോടതി ഇരട്ട ജീവപര്യന്തം കഠിന തടവിനു ശിക്ഷിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും. കൂടാതെ പ്രതി ഒരു ലക്ഷം രൂപ പിഴയും ഒടുക്കണം. ഈ തുക മൌലവിയുടെ ഭാര്യമാര്‍ക്ക് വീതിച്ചു നല്‍കണം എന്നും കോടതി വ്യക്തമാക്കി. മത പണ്ഡിതനും ഗ്രന്ഥകാര നുമായിരുന്ന ചേകന്നൂര്‍ മൌലവി മുസ്ലീം സമുദായത്തിലെ അന്ധ വിശ്വാസങ്ങള്‍ക്കും മത മൌലിക വാദത്തിനും എതിരെ ശക്തമായി പോരാടിയ വ്യക്തിയായിരുന്നു എന്നും, അദ്ദേഹത്തെ കൊലപ്പെടു ത്തിയവരോട് യാതൊരു ദയവും കാണിക്കരുതെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു. ശിക്ഷ വിധിച്ചു കൊണ്ട് എന്തെങ്കിലും പറയാനുണ്ടോ എന്ന് പ്രതിയായ വി. വി. ഹംസയോട് ചോദിച്ചപ്പോല്‍ തന്റെ കുടുംബത്തെ സംരക്ഷിക്കുന്നത് താനാണെന്നും ഭാര്യയും അഞ്ചു മക്കളും തനിക്കുണ്ടെന്നും പ്രതി പറഞ്ഞു. മലപ്പുറം ആലങ്കോട് വലിയ വീട്ടില്‍ കുടുംബാംഗമാണ് പ്രതിയായ വി. വി. ഹംസ.
പതിനേഴ് വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. തികഞ്ഞ മത പണ്ഡിതനും പുരോഗമന വാദിയുമായിരുന്ന ചേകന്നൂര്‍ മൌലവിയുടെ പ്രസംഗങ്ങളും പുസ്തകങ്ങളും അക്കാലത്ത് ഒരു വലിയ ചര്‍ച്ചാ വിഷയം ആയിരുന്നു. യാഥാസ്ഥിതിക വിഭാഗങ്ങള്‍ക്ക് മതപരമായ പല കാര്യങ്ങളിലും മൌലവിയുടെ നിരീക്ഷണങ്ങളൊട് വിയോജി പ്പുണ്ടായിരുന്നു. ഒരു മത പ്രഭാഷണത്തിനെന്ന പേരില്‍ മൌലവിയെ ഏതാനും പേര്‍ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. പിന്നീട് മൌലവിയെ കാണാതായെന്നും പറഞ്ഞ് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. സംസ്ഥാന പോലീസിന്റെ അന്വേഷണത്തില്‍ തൃപ്തരല്ലാത്തതിനെ തുടര്‍ന്ന് നിരവധി പ്രക്ഷോഭങ്ങളും ഈ കേസുമായി ബന്ധപ്പെട്ട് ഉണ്ടായി. ഒടുവില്‍ കേസ് സി. ബി. ഐ. ക്ക് വിടുകയായിരുന്നു.
കേസില്‍ ഒന്നാം പ്രതി ശിക്ഷിക്കപ്പെട്ടു എങ്കിലും മൌലവിയുടെ മൃതദേഹം ഇനിയും കണ്ടെടുത്തിട്ടില്ല. സാഹചര്യ തെളിവുകളും മറ്റുള്ളവരുടെ മൊഴികളും ആണ് ഈ കേസില്‍ നിര്‍ണ്ണയാകമായത്. വി. വി. ഹംസയെ ഒഴികെ മറ്റു പ്രതികളെ സംശയത്തിന്റെ ആനുകൂല്യത്തില്‍ വിട്ടയച്ചു.