തൃശൂര്‍ : കേരളത്തിലെ അമേച്വര്‍ നാടക രംഗം നേരിടുന്ന നിരവധി വെല്ലുവിളികളില്‍ ഒന്നാണ് അതിന്റെ നിര്മാണത്തിനും അവതരണത്തിനും വേണ്ടി വരുന്ന ഭീമമായ ചിലവുകള്‍. തീരെ അഭികാമ്യമല്ലാത്ത പ്രവണതകളിലൂടെ, പ്രവര്‍ത്തന അവതരണ ചിലവുകളെ ഉയര്‍ത്തി, ഈ കലാ രൂപത്തെ മുക്കി കൊല്ലുവാനാണ് ചില താല്‍പ്പര കക്ഷികളുടെ ശ്രമം. കോര്‍പറേറ്റ് പ്രായോജകരുടെ കടന്നു കയറ്റവും, ചില നാടക പ്രവര്‍ത്തകരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങളോട് കൂടിയ പ്രവര്‍ത്തന ശൈലിയും സാധാരണ നാടക പ്രവര്‍ത്തകര്‍ക്ക് അപ്രാപ്യ മായ തലത്തിലേക്ക് ഈ കലാ രൂപത്തെ കൊണ്ടു ചെന്നെത്തി ച്ചിരിക്കുന്നു.
നമ്മുടെ കലാ സാംസ്കാരിക മേഖലയില്‍ പൊതുവെ കണ്ടു വരുന്ന പ്രവണതകളുടെ കൂടെ പിറപ്പായി ഇതിനെ കണ്ടു കൊണ്ട് പിന്‍വലിഞ്ഞു നില്‍ക്കുക നാടകങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിട്ടുള്ള ഒരാള്‍ക്കും അഭികാമ്യമല്ല. വളരെയധികം പ്രസക്ത മായ ഈ പ്രതിസന്ധിയെ മുന്‍നിര്‍ത്തി, നാടകം എല്ലാവര്ക്കും പ്രാപ്യമായ തലത്തിലേക്ക് പുന പ്രതിഷ്ഠിച്ചു കൊണ്ട് തിരിച്ചു വരുവാനും, അതിന്റെ നിര്മാണത്തിലും അവതരണത്തിലും വരുന്ന ഭീമമായ ചിലവുകള്‍ കുറച്ചു കലാ മൂല്യമുള്ള നാടകങ്ങള്‍ ആസ്വാദകരിലേക്ക് എത്തിക്കുവാനും ഉതകുന്ന തരത്തില്‍ വളരെ പ്രസക്തമായ ഒരു ചുവടു വെയ്പ്പ് നടത്താന്‍ കേരളത്തിലെ ഒരു പറ്റം നാടക പ്രവര്‍ത്തകര്‍ കൈ കോര്‍ക്കുകയാണ്.
കേരളത്തിലെ കലാലയങ്ങളില്‍ പ്രവര്‍ത്തനങ്ങളിലും അവതരണത്തിലും ഉന്നത നിലവാരം പുലര്‍ത്തി സജീവമായിരുന്ന ഒരു കാമ്പസ് തിയേറ്റര്‍ സംസ്കാരം കേരളത്തില്‍ നിലനിന്നിരുന്നു എന്നത് അഭിമാന പുരസരം നമുക്ക് പറയാന്‍ കഴിയും. കലാ സാംസാരിക പ്രവര്‍ത്തകരില്‍ നിന്നും, പത്ര മാധ്യമങ്ങളില്‍ നിന്നും പ്രശംസ പിടിച്ചു പറ്റിയ നാടകങ്ങളും മറ്റു ദൃശ്യ കലാ രൂപങ്ങളും അവതരിപ്പിക്കുവാന്‍ കാമ്പസ് തിയേറ്ററുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് ചെറിയ കാര്യമല്ല. ശ്രദ്ധേയമായ ഈ നേട്ടങ്ങള്‍ക്ക് പിന്നില്‍ ശശിയേട്ടന്‍ എന്ന് ക്യാമ്പസുകളില്‍ അറിയപ്പെട്ടിരുന്ന ശശിധരന്‍ നടുവില്‍ പകര്‍ന്ന ഊര്‍ജം വളരെ വലുതായിരുന്നു.
തീര്‍ത്തും ദുര്‍ബലമായ ജീവിത സാഹചര്യങ്ങളില്‍ നിന്നും വളര്‍ന്നു വന്ന ശശിധരന്‍ നടുവില്‍ ഉപജീവനത്തിനായി മറ്റു തൊഴില്‍ ചെയ്തു കൊണ്ടാണ് തന്റെ ജീവിതം നാടക രംഗത്തിനായി നീക്കി വച്ചിരിക്കുന്നത്. വെറും വണ്ടി കാശു മാത്രം വാങ്ങി ബസ്സ് കയറി പോകുന്ന ശശിയേട്ടന്റെ രൂപം ഇന്നും ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവും.
മാര്‍ച്ച് മാസം 20 മുതല്‍ 30 വരെ ശശിധരന്‍ നടുവില്‍ സംവിധാനം ചെയ്യുന്ന പത്തു നാടകങ്ങളാണ് കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരില്‍ അരങ്ങേറുന്നത്. ഈ പത്തു നാടകങ്ങളുടെ അരങ്ങേറ്റത്തിലൂടെ ഇദ്ദേഹം തന്റെ 350 നാടകങ്ങള്‍ പൂര്‍ത്തിയാക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി പത്തു സമിതികള്‍ ഇതുമായി സഹകരിക്കുന്നുണ്ട്.
റിഹേഴ്സലിനും അവതരണ ത്തിനുമായി പരമാവധി 25,000 രൂപയാണ് ഒരു നാടകത്തിനു കണക്കാക്കിയിരിക്കുന്നത്. ഇന്ന് രണ്ട് ലക്ഷം മുതല്‍ മൂന്നു ലക്ഷം രൂപ വരെ എത്തി നില്‍ക്കുന്ന ചിലവുകള്‍ ക്കിടയിലാണ് ഈ ഉദ്യമം നടക്കുന്നത് എന്നറിയുമ്പോള്‍ അത് മുന്നോട്ടു വയ്ക്കുന്ന ആശയം എത്ര മാത്രം പ്രസക്തമാണെന്നു മനസ്സിലാക്കാന്‍ കഴിയും.
കേരളത്തിലെ മുഴുവന്‍ നാടക സ്നേഹികളും ഈ ഉദ്യമത്തില്‍ സഹകരിക്കണം എന്ന് ക്യാമ്പസ് തിയേറ്റര്‍ പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിക്കുന്നു. ഫെബ്രുവരി മാസം 5 മുതല്‍ റിഹേഴസല്‍ ക്യാമ്പ് ആരംഭിക്കുന്നതിനാല്‍ പണം അടിയന്തിരമായി തന്നെ സംഘാടകരെ ഏല്‍പ്പിക്കേണ്ടതുണ്ട്. നാടകത്തെ സ്നേഹിക്കുന്ന ഏവരും തുറന്ന മനസ്സോടു കൂടി സഹകരിക്കും എന്ന് പ്രതീക്ഷിക്കുന്നു.
പണം അയക്കേണ്ട വിലാസം:
A/C No: 00201050033732,
HDFC BANK,
RAVIPURAM,
KOCHI,
IFSC: HDFC0000020
(A/c. Holder : Biju R.)