മുംബൈ: മണപ്പുറം ഫിനാസ് ലിമിറ്റഡോ മണപ്പുറം അഗ്രോ ഫാംസോ (മാഗ്രോ) പൊതുജനങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിക്കുന്നതും നിക്ഷേപം പുതുക്കുന്നതും കുറ്റകരമാണെന്ന് റിസര്‍വ്വ് ബാങ്കിന്റെ മുന്നറിയിപ്പ്. മണപ്പുറത്തില്‍ പൊതുജനങ്ങള്‍ നിക്ഷേപം നടത്തുന്നത് സ്വന്തം റിസ്കില്‍ ആയിരിക്കുമെന്നും ഇതില്‍ സൂചിപ്പിക്കുന്നു. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് അനുസരിച്ച് പൊതുജനങ്ങളില്‍ നിന്നും നിക്ഷേപങ്ങള്‍ വാങ്ങുന്നതിന് അനുമതിയില്ലെന്ന് ആര്‍. ബി. ഐ പറയുന്നു. മണപ്പുറം ഫിനാന്‍സ് പൊതുജനങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിക്കുകയും പകരമായി “മാഗ്രോ” യുടെ പേരിലുള്ള റസീപ്റ്റാണ് നല്‍കുന്നതെന്നും ആര്‍. ബി. ഐയുടെ വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നത്. മണപ്പുറം ചെയര്‍മാന്‍ വി. പി നന്ദകുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് “മാഗ്രോ”.
നേരത്തെ മണപ്പുറം ജനറല്‍ ഫിനാന്‍സ് ആന്റ് ലീസിങ്ങ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കമ്പനി പിന്നീട് നോണ്‍ ഡിപ്പോസിറ്റ് ടേക്കിങ്ങ്, നോണ്‍ ബാങ്കിങ്ങ് ഫിനാന്‍ഷ്യല്‍ കമ്പനി എന്ന കാറ്റഗറിയിലേക്ക് മാറ്റുകയായിരുന്നു. റിസര്‍വ്വ് ബാങ്കിന്റെ ഉത്തരവ് വന്നതോടെ ഓഹരി വിപണിയില്‍ തകര്‍ച്ച നേരിട്ടു. മണപ്പുറത്തിന്റെ ഓഹരിവിലയില്‍ ഇരുപതു ശതമാനത്തോളം ഇടിവുണ്ടായി.
മണപ്പുറത്തിനു സ്വര്‍ണ്ണത്തിന്റെ ഈടിന്മേല്‍ പണം പലിശക്ക് നല്‍കുന്നതിന് തല്‍ക്കാലം വിലക്ക് ബാധകമല്ല. തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മണപ്പുറം ഫിനാന്‍സ് ദക്ഷിണെന്ത്യയിലെ പ്രമുഖ ഗോള്‍ഡ് ലോണ്‍ കമ്പനികളില്‍ ഒന്നാണ്. വന്‍കിട സിനിമാതാരങ്ങളാണ് ഇവരുടെ സ്വര്‍ണ്ണ പണയ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പ്രമുഖ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങള്‍ക്ക് വന്‍ തുകയാണ് വര്‍ഷം തോറും സ്ഥാപനം ചിലവിടുന്നത്. അതുകൊണ്ടു തന്നെയാകണം മണപ്പുറത്തിനെതിരായ റിസര്‍വ്വ് ബാങ്കിന്റെ മുന്നറിയിപ്പ് വലിയ വാര്‍ത്താ പ്രാധാന്യം ലഭിക്കുകയുണ്ടായില്ല.