ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെ.എസ്.എഫ്.ഡി.സി) ചെയര്‍മാനായി രാജ്‌മോഹന്‍ ഉണ്ണിത്താനെ നിയമിച്ച സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഷാജി കൈലാസ്, മണിയന്‍ പിള്ള രാജു, സിദ്ദിഖ്, എസ്.കുമാര്‍ എന്നിവര്‍ രാജിയ്ക്കൊരുങ്ങുന്നു. തിങ്കളാഴ്ച കെ.എസ്.എഫ്.ഡി.സി എം.ഡി. ദീപ ഡി.നായര്‍ക്ക് ഇവര്‍ രാജിക്കത്ത് നല്‍കും എന്നാണ് അറിയുന്നത്.
ഉണ്ണിത്താനെ കൂടാതെ വനിതാ എം.എല്‍.എ മാരായ ബിജിമോള്‍, ജമീല പ്രകാശം എന്നിവര്‍ക്കെതിരെ അധിക്ഷേപകരമായ പ്രസ്ഥാവന നടത്തിയതിന്റെ പേരില്‍ മാപ്പു പറയേണ്ടിവന്ന കോഴിക്കോട് ഡി.സി.സി പ്രസിഡണ്ട് കെ.സി.അബുവിനേയും കോര്‍പ്പറേഷന്‍ അംഗം ആക്കിയിട്ടുണ്ട്. ഇതും പ്രതിഷേധത്തിനു കാരണമായി. ജോഷി മാത്യ, ദിലീപ്, സലിം കുമാര്‍, ഇടവേള ബാബു, കാലടി ഓമന, സഞ്ജയ് ചെറിയാന്‍, എം.എം.ഹംസ, ശാസ്ത മംഗലം മോഹന്‍, സുരേഷ് ഉണ്ണിത്താന്‍ എന്നിവരാണ് നിലവില്‍ കോര്‍പ്പറേഷനിലെ മറ്റ് അംഗങ്ങള്‍. ഇവര്‍ രാജിവെക്കുമോ എന്ന കാര്യം ഇനിയും വ്യക്തമാക്കിയിട്ടില്ല.
ഉണ്ണിത്താന്റെ നിയമനനം കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചല്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മുമ്പും ഇത്തരത്തില്‍ രാഷ്ടീയ നിയമനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും സംഘടനാ പാടവവും കഴിവും കണക്കിലെടുത്താണ് ഉണ്ണിത്താനെ നിയമിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു. സിനിമാ മേഘലയില്‍ രാഷ്ടീയം കലര്‍ത്തുവാനുള്ള ശ്രമത്തോടാണ് എതിര്‍പ്പെന്ന്‍ പറഞ്ഞ മണിയന്‍ പിള്ള രാജു തങ്ങള്‍ രാജിവെക്കുന്ന ഒഴിവിലേക്ക് രാഷ്ടീയക്കാരെ നിയമിക്കാമെന്ന് പരിഹസിച്ചു.സിനിമയുമായി അടുത്ത് ബന്ധം ഇല്ലാത്ത രാഷ്ടീയക്കാരെ നിയമിക്കുന്നതില്‍ ശക്തമായ വിയോജിപ്പുണ്ടെന്ന് സംവിധായകനും തിരക്കഥാ കൃത്തുമായ ബി.ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.
സാബു ചെറിയാന്റെ കാലാവധി തീരുന്നു എന്ന് പറഞ്ഞാണ് പുതിയ നിയമനം എന്നാല്‍ സാബു വന്നതിനു ശേഷം കോര്‍പ്പറേഷനില്‍ ധാരാളം പദ്ധതികള്‍ നടപ്പിലാക്കുകയും കോര്‍പ്പറേഷനു കീഴില്‍ ഉള്ള തീയേറ്ററുകളില്‍ നിന്നും വരുമാനം വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ട്. കോര്‍പ്പറേഷനെ പുരോഗമനത്തിന്റെ പാതയില്‍ കൊണ്ടുവന്ന സാബുവിനെ മാറ്റി രാഷ്ടീയ നിയമനം നടത്തുന്നതിനോട് വലിയ എതിര്‍പ്പാണ് ഉയര്‍ന്നുവന്നിട്ടുള്ളത്.