ബാംഗ്ലൂര്‍: ബാങ്ക് ഉദ്യോഗസ്ഥയായ മലയാളിയായ യുവതിയെ എ.ടി.എം കൌണ്ടറിനുള്ളില്‍ അജ്ഞാതന്‍ അതിക്രമിച്ച് കടന്ന് വെട്ടിപ്പരിക്കേല്പിക്കുകയും പണം കവരുകയും ചെയ്തു. കോര്‍പ്പറേഷന്‍ ബാങ്കില്‍ മാനേജരായ ജ്യോതി ഉദയ് ആണ് ഇന്നലെ രാവിലെ 7.10 നു ആക്രമണത്തിന് ഇരയായത്. ഗുരുതരമായി പരിക്കേറ്റ ഇവരെ നിംഹാന്‍സ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടു. എ.ടി.എമ്മില്‍ നിന്നും പണമെടുക്കുവാന്‍ കൌണ്ടറിനുള്ളില്‍ കയറിയതായിരുന്നു ജ്യോതി. പുറകെ വന്ന അക്രമി അകത്ത് കടന്ന് ഷട്ടര്‍ താഴ്ത്തി. തന്റെ കൈവശം ഉണ്ടായിരുന്ന ബാഗ് തുറന്ന് അയാള്‍ വടിവാളും തോക്കും പുറത്തെടുത്തു. തുടര്‍ന്ന് വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. വിസ്സമ്മതിച്ചപ്പോള്‍ കഴുത്തില്‍ പിടിച്ച് മര്‍ദ്ദിച്ചു. തുടര്‍ന്ന് ജ്യോതി എതിര്‍പ്പൊന്നും കൂടാതെ പണം നല്‍കി. പണം കൈവശപ്പെടുത്തിയെ ശേഷം യുവതിയെ എ.ടി.എം കൌണ്ടറിന്റെ മൂലയില്‍ ഇട്ട് ഇയാള്‍ തുടരെ തുടരെ വെട്ടി. തലയ്ക്കും കഴുത്തിലും പരിക്കേറ്റ് ഇവര്‍ നിലത്ത് വീണു.
ആക്രമണത്തിനു ശേഷം അക്രമി ടവല്‍ ഉപയോഗിച്ച് വാളിലേയും കൈകളിലേയും രക്തം തുടച്ച് കളഞ്ഞു. യുവതിയുടെ ആഭരണങ്ങള്‍ അഴിച്ചെടുത്തശേഷം ഷട്ടര്‍ തുറന്ന് പുറത്ത് പോയി. പണമെടുക്കുവാന്‍ എ.ടി.എം കൌണ്ടറില്‍ കയറിയ മറ്റൊരാളാണ് വെട്ടേറ്റ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന യുവതിയെ കണ്ടത്. സി.സി.ടി.വി ദൃശ്യങ്ങളില്‍ അക്രമിയുടെ മുഖം വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഇയാളെ പിടികൂടുവാന്‍ ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.തിരുവനന്തപുരം സ്വദേശിയായ ജ്യോതിയുടെ ഭര്‍ത്താവ് ഉദയ് ബാംഗ്ലൂരില്‍ വ്യാപാരിയാണ്.