തിരുവനന്തപുരം: പ്രവാസി വിവാഹങ്ങള്‍ക്ക് കേരള പോലിസിന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍. വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരെയും വിദേശ പൌരത്വമുള്ള ഇന്ത്യന്‍ വംശജരെയും വിവാഹം കഴിക്കുന്ന ഇന്ത്യന്‍ വനിതകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് പോലീസ് നിര്‍ദ്ദേശിക്കുന്നത്.
ഇതില്‍ മുഖ്യമായത്, തിടുക്കത്തില്‍ ഒരു വിവാഹത്തിനു മുതിരുവാന്‍ പാടില്ല എന്നുള്ളതാണ്. കുടുംബക്കാരുടെ സമ്മര്‍ദം മൂലമോ, വിദേശത്ത് പോകുവാനുള്ള ആഗ്രഹം മൂലമോ ആയിരിക്കരുത് ഒരു വിവാഹം. വധൂ വരന്മാരുടെ കുടുംബങ്ങള്‍ തമ്മില്‍ നേരില്‍ കണ്ടു മാത്രമായിരിക്കണം ഒരു വിവാഹം ഉറപ്പിക്കേണ്ടത്. ഫോണില്‍ കൂടെയോ ഇമെയില്‍ സന്ദേശങ്ങള്‍ വഴിയോ നേരില്‍ കാണാതെയുള്ള രീതികളില്‍ വിവാഹമുറപ്പിക്കല്‍ പാടില്ല.
വിവാഹ ദല്ലാളന്മാരോ ബ്യുറോക്കാരോ പറയുന്നത് കണ്ണടച്ച് വിശ്വസിച്ചു, എല്ലാം ഭദ്രമാണ് എന്ന് വിശ്വസിക്കാന്‍ പാടില്ല. വരനെ കുറിച്ചും വീട്ടുകാരെ കുറിച്ചും കല്യാണ വെബ്സൈറ്റുകളും ബ്രോക്കര്‍മാരും വിവരങ്ങള്‍ നല്‍കുമെങ്കിലും ഇവ സത്യമാണോ എന്ന് അന്വേഷിക്കേണ്ടത് അത്യാവശ്യമാണ്. വരന്റെ കുടംബക്കാരുമായോ സുഹൃത്തുക്കളുമായോ തിരക്കിയാല്‍ അയാളെ കുറച്ചുള്ള വസ്തുതകള്‍ എത്രത്തോളം ശരിയാണ് എന്ന് മനസിലാക്കാം.
വിദേശത്ത് കൊണ്ട് പോയി വിവാഹം കഴിക്കാം എന്ന നിലപാടിനോട് ഒരു കാരണവശാലും ഒരു സ്ത്രീ സമ്മതിക്കാന്‍ പാടില്ല. വിവാഹബന്ധം വേര്‍പ്പെടുത്താന്‍ ഭര്‍ത്താവില്‍ നിന്നോ കുടുംബക്കാരില്‍ നിന്നോ സമ്മര്‍ദം ഉണ്ടായാല്‍ ഉടന്‍ തന്നെ അത് പോലീസിനെ അറിയിക്കുക. ഭര്‍ത്താവ് ഉപേക്ഷിക്കുകയോ ഏതെങ്കിലും വിധത്തില്‍ ഭര്‍തൃഗൃഹത്തില്‍ പീഡനം അനുഭവിക്കേണ്ടി വരികയോ ചെയ്താല്‍ അത് പോലീസില്‍ അറിയിക്കാന്‍ ഭാര്യയ്ക്ക് അവകാശമുണ്ട്. നിയമവിരുദ്ധമായ ഏതൊരു നടപടിക്കും തന്നെ നിര്‍ബന്ധിച്ചാല്‍ ഒരു സ്ത്രീയ്ക്ക് അതും പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാം. പുറംരാജ്യത്ത് വച്ച് നടക്കുന്ന ഏതൊരു പീഡനങ്ങള്‍ക്കും ഒരു സ്ത്രീയ്ക്ക് ഇന്ത്യയില്‍ കേസ് ഫയല്‍ ചെയ്യാം. മറ്റേതൊരു രാജ്യത്തെ വച്ച് നോക്കിയാലും വിവാഹമോചന കേസുകളില്‍ ഇന്ത്യയിലെ നിയമം കൂടുതലും സ്ത്രീകള്‍ക്ക് അനുകൂലമാണ്. ഇന്ത്യയില്‍ കല്യാണം കഴിച്ച ദമ്പതികള്‍ വിദേശത്ത് താമസിക്കുമ്പോള്‍, ഭര്‍ത്താവ് വിവാഹമോചനം നേടിയാലും, അതിനു ഇന്ത്യന്‍ നിയമസാധുതയില്ല. ഭാര്യയും കൂടി കോടതിയില്‍ ഹാജരായെങ്കില്‍ മാത്രമേ കേസ് പരിഗണിക്കുകയുള്ളൂ.
ഏതൊരു ഗാര്‍ഹിക പീഡന കേസുകളിലും സ്ത്രീകള്‍ നിയമപരമായ മാര്‍ഗങ്ങളിലൂടെ മാത്രം ഭര്‍ത്താവിനെതിരെയുള്ള പരാതികള്‍ വെളിപ്പെടുത്താം. ഇതിനായി പോലീസ്, അഭിഭാഷകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, കോടതി എന്നിവയുടെ സഹായം തേടാം.