ട്രിപ്പോളി: ലിബിയന്‍ ഏകാധിപതി മുവമ്മര്‍ ഗദ്ദാഫി പൊതുജനമധ്യത്തില്‍ പ്രത്യക്ഷപ്പെട്ട് അനുയായികളെ അഭിസംബോധന ചെയ്തു. ട്രിപ്പോളിയ്‌ക്കു സമീപം ഗദ്ദാഫിയുടെ വസതിയിലാണ് നൂറുകണക്കിനു അനുയായികളുടെ മധ്യത്തില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടത്.
സഖ്യസേന ബോംബ് വര്‍ഷം നടത്തിയ ബാബ് അല്‍ അസീസിയയിലെ വസതിയിലാണ് ഗദ്ദാഫി അനുയായികള്‍ക്കിടയില്‍ എത്തിയത്. വസതിയുടെ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെട്ട ഗദ്ദാഫി അനുയായികളെ അഭിസംബോധന ചെയ്‌തു സംസാരിച്ചു. മിനിറ്റുകള്‍ മാത്രം നീണ്ടു നിന്ന പ്രസംഗത്തിനിടെ സഖ്യസേനയെ ഉടന്‍ പരാജയപ്പെടുത്തുമെന്നു അദ്ദേഹം പ്രഖ്യാപിച്ചു. അന്തിമവിജയം തങ്ങള്‍ക്കായിരിക്കുമെന്ന നിലപാടില്‍ ഗദ്ദാഫി ഉറച്ചു നിന്നു. ഐക്യ രാഷ്ട്ര സഭയുടെ നിലപാടിനെ അദ്ദേഹം അപലപിച്ചു. ലോകത്തെ ഇസ്‌ലാമിക ശക്തികളെല്ലാം ലിബിയയെ പിന്തുണക്കണമെന്നും തന്റെ പ്രസംഗത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്‌ലാമിനെതിരേ കുരിശു യുദ്ധത്തിനാണ് പാശ്ചാത്യരാഷ്ട്രങ്ങള്‍ ശ്രമിക്കുന്നതെന്ന് ഗദ്ദാഫി ആരോപിച്ചു. സഖ്യസേനയോടും പ്രക്ഷോഭകരോടും പൊരുതാന്‍ അദ്ദേഹം തന്റെ അനുയായികളോടു ആഹ്വാനം ചെയ്‌തു.
തുടര്‍ച്ചയായ വ്യോമാക്രമണത്തേത്തുടര്‍ന്നു ഗദ്ദാഫിയുടെ സൈനിക പ്രതിരോധം ദുര്‍ബലമായെങ്കിലും പ്രക്ഷോഭകരുടെ നിയന്ത്രണത്തിലുള്ള നഗരങ്ങള്‍ പിടിച്ചടക്കാനുള്ള നീക്കത്തില്‍ അയവുവന്നിട്ടില്ല. തലസ്‌ഥാനമായ ട്രിപോളി ഉടന്‍ സഖ്യസേനയുടെ നിയന്ത്രണത്തിലാകുമെന്നാണു സൂചന.