ടോക്യോ: ഭൂകമ്പവും സുനാമിയും അനേക മനുഷ്യ ജീവനുകള്‍ കവര്‍ന്ന ജപ്പാനില്‍, ഇപ്പോള്‍ ആണവ ഭീതിയും. രാജ്യത്തെ രണ്ടു ആണവോര്‍ജ്ജ ഉത്പാദന കേന്ദ്രങ്ങളിലെ ശീതീകരണ സംവിധാനം തകരാറിലായി എന്ന് വിദഗ്ധര്‍ സ്ഥിരീകരിച്ചു. ഇവയില്‍ ഒന്നില്‍ ചെറിയ തോതില്‍ ചോര്‍ച്ചയും കണ്ടെത്തിയിട്ടുണ്ട്. ടോക്യോയുടെ 160 കിലോമീറ്റര്‍ വടക്ക് സ്ഥിതി ചെയ്യുന്ന ഒരു പ്രധാന ആണവോര്‍ജ്ജ ഉത്പാദന കേന്ദ്രമായ ഫുകുഷിമ ദൈചിയിലെ 5 ആണവ റിയാക്ടറുകളില്‍ ഒന്നില്‍ നിന്നും ആണവ ഇന്ധനം ചോര്‍ച്ച ഉണ്ടായി. ഈ റിയാക്ടറിലും ഇചിരോ ഫുജിസാകി എന്ന മറ്റൊരു ആണവ നിലയത്തിലും ശീതീകരണ സംവിധാനം തകരാറിലായി എന്ന് അമേരിക്കയിലെ ജപ്പാന്‍ അംബാസഡര്‍ അഭിപ്രായപ്പെട്ടു. ഇവയില്‍ ഒന്നിലെ ശീതീകരണ പ്രക്രിയയ്ക്ക് ഉപയോഗിക്കുന്ന വെള്ളത്തിന്റെ താപനില 100 ഡിഗ്രിക്ക് മേലെ ആയി. ഈ ആണവ നിലയങ്ങളുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന ജനങ്ങളോട് ഒഴിഞ്ഞു പോകുവാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജപ്പാനില്‍ ആണവ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഈ ആണവ നിലയങ്ങളിലെ റിയാക്ടറുകളിലെ സമ്മര്‍ദം വര്‍ധിച്ചതിനാല്‍ ഇവയിലെ വാല്‍വുകള്‍ തുറക്കുവാന്‍ ജപ്പാന്‍ ആണവ സുരക്ഷ ഏജന്‍സി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവയിലെ അധിക താപനില കാരണം വെള്ളം തിളയ്ക്കുകയും, അധികമായ സമ്മര്‍ദ്ദം ഉണ്ടാവുകയും ചെയ്തു. റിയാക്ടറുകളിലെ പ്രധാന കണ്ട്രോള്‍ മുറികളില്‍ അണു പ്രസരണം സാധാരണ അണു പ്രസരണത്തില്‍ നിന്നും ആയിരം മടങ്ങ് വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആണവ നിലയങ്ങള്‍ അടച്ചാലും അവയിലെ ആണവ ഇന്ധനം ഉടന്‍ തന്നെ നിര്‍വീര്യം ആകുന്നില്ല. എന്നാല്‍ ഇത് വരെ ആണവ അപകടങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈ ആണവ നിലയങ്ങളുടെ പ്രവര്‍ത്തനം നിലച്ചതോടെ പത്തു ലക്ഷത്തില്‍ അധികം ആളുകള്‍ വൈദ്യുതി ഇല്ലാതെ ബുദ്ധിമുട്ടില്‍ ആയി.
ജപ്പാനില്‍ തന്നെ ഹിരോഷിമയും നാഗസാക്കിയും ഈ ഊര്‍ജ്ജ രൂപത്തിന്റെ നശീകരണ ശേഷി ലോകത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അത്യന്തം വികിരണ ശേഷി ഉള്ളതായ ഈ പ്രക്രിയ ഇത്തരം ഒരു പ്രകൃതി ദുരന്തത്തില്‍ എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കാമെന്നുള്ളത് ഇപ്പോഴും ഒരു സമസ്യയായി തുടരുന്നു.