
ഫ്ലോറിഡ : അമേരിക്കയിലെ സൌന്ദര്യ മല്‍സരങ്ങളില്‍ ഏറെ പ്രശസ്തമായ പെര്‍ഫെക്റ്റ് ടീന്‍ മല്‍സരത്തില്‍ ഇന്ത്യന്‍ വംശജയായ അനിഷ പനേസര്‍ ഒന്നാം സമ്മാനം നേടി. രണ്ടായിരം ഡോളറും പതിനെണ്ണായിരം ഡോളറിന്റെ സ്കോളര്‍ഷിപ്പും ആണ് സമ്മാനമായി അനിഷയ്ക്ക് ലഭിക്കുക. എന്നാല്‍ അനിഷ ബ്രിട്ടീഷ് പൌരയാണ് എന്നത് മത്സരിച്ച മറ്റു പെണ്‍കുട്ടികളുടെ മാതാ പിതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. ഈ കാര്യം ചൂണ്ടിക്കാട്ടി അനിഷയെ മല്‍സരത്തില്‍ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ടു ചിലര്‍ രംഗത്ത് വന്നിട്ടുമുണ്ട്.

എന്നാല്‍ ഇതെല്ലാം ചിരിച്ചു കൊണ്ട് അനിഷ തള്ളിക്കളയുന്നു. മറ്റുള്ളവര്‍ വിജയിക്കാത്ത അരിശം കൊണ്ടാണ് ഇത്തരം വാദങ്ങളൊക്കെ ഉന്നയിക്കുന്നത് എന്നാണ് അനിഷ പറയുന്നത്. അവധിക്കാലം ചിലവഴിക്കാന്‍ ബ്രിട്ടനില്‍ നിന്നും ഫ്ലോറിഡയില്‍ എത്തിയതായിരുന്നു അനിഷ. വെറുതെ ഒരു തമാശയ്ക്ക് പങ്കെടുത്ത സൌന്ദര്യ മല്‍സരത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു. അവധി കഴിഞ്ഞു തിരികെ ബ്രിട്ടനില്‍ എത്തിയ ഈ കൊച്ചു സുന്ദരി തന്റെ പഠനം പൂര്‍ത്തിയാക്കിയ ശേഷം സമ്മാനമായി ലഭിച്ച സ്കോളര്‍ഷിപ്പ് ഉപയോഗിച്ച് അമേരിക്കയില്‍ പഠനം തുടരാനാണ് ഉദ്ദേശിക്കുന്നത്.
നേരത്തെ അനിഷയ്ക്ക് സ്വദേശമായ ഗ്ലാമോര്‍ഗാനിലെ സൌന്ദര്യ മല്‍സരത്തില്‍ മിസ് ടീന്‍ വെയില്‍ ഓഫ് ഗ്ലാമോര്‍ഗാന്‍, മിസ് വെയില്‍സ്, മിസ് ടീന്‍ യൂറോപ്പ് എന്നീ സൌന്ദര്യ റാണി പട്ടങ്ങളും ലഭിച്ചിട്ടുണ്ട്.



ജര്‍മ്മനി: ജര്‍മ്മന്‍ വിദേശ കാര്യ മന്ത്രിയും ഡെപ്യൂട്ടി ചാന്‍സിലറുമായ ഗൈവഡോ വെസ്റ്റര്‍ വെല്ലെ സ്വവര്‍ഗ്ഗ പങ്കാളിയെ വിവാഹം ചെയ്തു. മിഖായേല്‍ മ്രോണ്‍സ് എന്ന ബിസിനസ്സു കാരനാണ് വെസ്റ്റര്‍ വെല്ലെയുടെ പങ്കാളി. ഇരുവരും ഏഴു വര്‍ഷത്തോളം പ്രണയത്തില്‍ ആയിരുന്നു. വെള്ളിയാഴ്ച ബോണില്‍ വച്ച് രജിസ്റ്റര്‍ വിവാഹത്തിലൂടെ ഇരുവരും ഒന്നിച്ചു. വിവാഹ ശേഷം ഹോട്ടലില്‍ സല്‍ക്കാരവും നടത്തി. ഇതോടെ ജര്‍മ്മനിയില്‍ ആദ്യത്തെ സ്വവര്‍ഗ്ഗ വിവാഹിതനായ രാഷ്ടീയക്കാരന്‍ എന്ന പദവി വെസ്റ്റര്‍ വെല്ലെക്ക് സ്വന്തമായി.

വാഷിംഗ്ടണ്‍ : സെപ്റ്റംബര്‍ പതിനൊന്നിന് വേള്‍ഡ് ട്രേഡ് സെന്ററിനു നേരെ നടന്ന ഭീകരാക്രമണത്തിനു ശേഷം അമേരിക്ക നേരിടേണ്ടി വന്ന പ്രതിസന്ധിയെ ഒറ്റക്കെട്ടായി നേരിട്ടത് രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തി പിടിക്കുന്നു എന്ന് 9/11ഭീകരാക്രമണത്തിന്റെ ഒന്‍പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് വൈറ്റ് ഹൌസില്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് ഒബാമ പറഞ്ഞു. രാജ്യം നേരിടുന്ന ഭീഷണികളെ പറ്റി സംസാരിക്കു കയായിരുന്നു അദ്ദേഹം. എന്നാല്‍ ഭീകരാക്രമണ വാര്‍ഷിക ദിനത്തില്‍ ഖുര്‍ആന്‍ കത്തിച്ചു കൊണ്ട് പ്രതിഷേധിക്കുമെന്ന പാസ്റ്ററുടെ പ്രസ്താവന അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ രാജ്യത്തെ പറ്റി മോശം ധാരണ പരത്താനേ സഹായിക്കുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാബൂള്‍: താലിബാന്‍ നേതാവ് മുല്ല ഒമറിനെ അഫ്ഗാനിസ്ഥാന്‍ പ്രസിഡണ്ട് ഹമീദ് കര്‍സായി സമാധാന ചര്‍ച്ചയ്ക്ക് വിളിച്ചു. ഏറ്റുമുട്ടലിന്റെ പാത അവസാനിപ്പിച്ച് സമാധാന ചര്‍ച്ചയില്‍ പങ്കാളിയാകാന്‍ തയ്യാറാകണമെന്ന് കര്‍സായി അഭ്യര്‍ത്ഥിച്ചു. കുട്ടികളെയും സ്ത്രീകളെയും അടക്കം നിരപരാധികളായ ജനങ്ങളെ ആക്രമിക്കുന്നത് അവസാനി പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ വിജയത്തിന് അരികിലാണെന്ന മുല്ല ഒമറിന്റെ പ്രസ്താവനയ്ക്ക് തൊട്ടു പിറകെയാണ് കര്‍സായിയുടെ ക്ഷണം എന്നതിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
ന്യൂഡല്‍ഹി : ഇന്ത്യന്‍ സഹായം സ്വീകരിക്കാന്‍ മടി കാണിച്ച പാക്കിസ്ഥാന്‍ ഒടുവില്‍ ഐക്യ രാഷ്ട്ര സഭ വഴി സഹായം സ്വീകരിക്കാന്‍ തയ്യാറായി. 50 ലക്ഷം ഡോളറാണ് ഇന്ത്യ പാക്കിസ്ഥാന് നല്‍കുന്നത്. ഐക്യ രാഷ്ട്ര സഭയുടെ ദുരിതാശ്വാസ പദ്ധതി വഴി നല്‍കുകയാണെങ്കില്‍ ഇന്ത്യന്‍ സഹായം സ്വീകരിക്കാന്‍ തങ്ങള്‍ ഒരുക്കമാണെന്ന് ഇസ്ലാമാബാദില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ പാക്കിസ്ഥാന്‍ വിദേശ കാര്യ വകുപ്പ് ഔദ്യോഗികമായി അറിയിക്കുകയാണ് ചെയ്തത്. സഹായം ഇത്തരത്തില്‍ ഗതി തിരിച്ചു വിടുന്നതിന് തയ്യാറാണെന്ന് ഇന്ത്യന്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ സഹായം പാക്കിസ്ഥാന് ആവശ്യമാണെന്ന് വന്നാല്‍ അതും നല്‍കാന്‍ ഇന്ത്യ തയ്യാറാണ് എന്ന് പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് വ്യക്തമാക്കി. 

























