സിംഗപ്പൂര്‍ : പോള്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന നീരാളി 2010 ലെ ലോക കപ്പ് ഫുട്ബോള്‍ മത്സരത്തിന്റെ ഫൈനലില്‍ സ്പെയിന്‍ വിജയിയാവും എന്ന് പ്രവചിച്ചിരിക്കുന്നു. ലോകമെമ്പാടുമുള്ള കാണികള്‍ക്ക് ഇനി ഉദ്വേഗത്തിന്റെ നിമിഷങ്ങള്‍ കളിക്കളത്തിലെ മല്സര വീര്യമാവില്ല നല്‍കുന്നത്, പോള്‍ എന്ന നീരാളിയുടെ പ്രവചനം സത്യമാവുമോ എന്ന ചിന്തയാവും.
രണ്ടു വയസ്സുകാരന്‍ പോള്‍ താമസിക്കുന്ന ടാങ്കിലേക്ക് രണ്ടു ചില്ല് പെട്ടികള്‍ താഴ്ത്തുന്നു. ഇതില്‍ ഒരു പെട്ടിയില്‍ ഒരു ടീമിന്റെ കൊടിയുടെ ചിത്രവും മറ്റേ പെട്ടിയില്‍ എതിര്‍ ടീമിന്റെ കൊടിയുടെ ചിത്രവും ഒട്ടിച്ചിട്ടുണ്ട്. രണ്ടു പെട്ടിയിലും പോളിനുള്ള ഭക്ഷണവും വെച്ചിട്ടുണ്ട്. പോള്‍ ആദ്യം തുറക്കുന്ന പെട്ടി പ്രതിനിധാനം ചെയ്യുന്ന ടീം ജയിക്കും എന്നാണു പ്രവചനത്തിന്റെ രീതി. ഇന്ന് വരെ പോള്‍ പ്രവചിച്ചതൊന്നും തെറ്റിയിട്ടില്ല എന്ന് കൂടെ പറയുമ്പോഴാണ് സംഭവം രസകരമാവുന്നത്.
ലോക കപ്പിന്റെ ആവേശത്തിന്റെ മറ പറ്റി അന്ധ വിശ്വാസം പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇതെന്നാണ് ഇന്ത്യയിലെ യുക്തിവാദ പ്രസ്ഥാനത്തിന്റെ പ്രമുഖ വക്താവായ സനല്‍ ഇടമറുക് പറയുന്നത്. രണ്ടു സാധ്യതകള്‍ മാത്രമുള്ള ഒരു മല്‍സരത്തില്‍ ജയത്തിനും തോല്‍വിക്കുമുള്ള സാധ്യത ഇരു ടീമുകള്‍ക്കും തുല്യമാണ്. നീരാളികളെ പോലെ ബുദ്ധിശക്തിയും സംവേദനക്ഷമതയുമുള്ള ജീവികളെ പരിശീലിപ്പിച്ച് എടുക്കുവാനും സാധ്യമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ജര്‍മ്മനിയുടെ തോല്‍വി പ്രവചിച്ച നീരാളിക്കുള്ള ജര്‍മന്‍ ആരാധകരുടെ മറുപടി നീരാളിയെ വറുക്കാനും പൊരിക്കാനുമുള്ള പാചക കുറിപ്പുകളായി രംഗത്ത് വന്നത് ക്രൂരമായി പോയെന്ന് മൃഗ സ്നേഹികള്‍ വാദിക്കുമ്പോള്‍ മറു വശത്ത് ഈ മിണ്ടാ പ്രാണിയെ ഇത്തരത്തില്‍ ഉപയോഗിക്കുന്നത് അതിനോട് കാണിക്കുന്ന ക്രൂരതയാണെന്ന് മൃഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ പറയുന്നു.
മൃഗ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന പ്രമുഖ അന്താരാഷ്‌ട്ര സംഘടനയായ PETA (People for the Ethical Treatment of Animals) ഈ നീരാളിയെ ഉടന്‍ തന്നെ വിട്ടയക്കണം എന്ന് ആവശ്യപ്പെട്ടു. ഫ്രാന്‍സിന്റെ തെക്കുള്ള ദേശീയ പാര്‍ക്കിലെ ജലാശയത്തിലേക്ക് ഈ നീരാളിയെ വിട്ടയക്കണം എന്നാണു PETA യുടെ ആവശ്യം.
എന്നാല്‍ ഇത്രയും നാള്‍ തടവില്‍ ആയിരുന്നതിനാല്‍ സ്വയം ഭക്ഷണം തേടി പിടിക്കാനുള്ള കഴിവ് നഷ്ടപ്പെട്ട ഈ ജീവിയെ സ്വതന്ത്രമായി വിട്ടാല്‍ അതിന്റെ നാശത്തിനു തന്നെ അത് കാരണമാവും എന്ന് വാദിക്കുന്ന ഒരു വിഭാഗം വിദഗ്ദ്ധരും രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ ഇതിനെല്ലാം പുറമെയാണ് പോളിന്റെ പ്രവചനത്തിന് എതിരെ മറ്റൊരു പ്രവചനവുമായി പുതിയൊരു ജ്യോതിഷ “രത്നം” രംഗത്ത് വന്നത്. മണി എന്ന തത്തയാണ് പോളിന്റെ പുതിയ എതിരാളി. സിംഗപ്പൂരിലുള്ള പക്ഷി “ശാസ്ത്രജ്ഞന്‍” മുനിയപ്പന്റെ തത്തയാണ് മണി. മണിയും ജര്‍മ്മനിയുടെ തോല്‍വി “കൃത്യ”മായി പ്രവചിച്ചുവത്രെ. മാത്രമല്ല, പോള്‍ പ്രവചിച്ചതിനു വിരുദ്ധമായി ലോക കപ്പ് ഫുട്ബോള്‍ ഫൈനലില്‍ ഹോളണ്ട് ജയിക്കും എന്നാണു മണിയുടെ പ്രവചനം. ഇനി കളി പോളും മണിയും തമ്മിലാണ്.
ഇത്രയും നാള്‍ ദിവസം പ്രതി ശരാശരി പത്ത് പേരുടെ ഭാഗ്യം പ്രവചിച്ചു മുനിയപ്പന്റെയും തന്റെയും വിശപ്പടക്കിയിരുന്ന മണിയ്ക്ക് ലോക കപ്പ് പ്രവചനം തുടങ്ങിയതോടെ വമ്പിച്ച ഡിമാണ്ട് ആണ് എന്ന് സിംഗപ്പൂരില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇപ്പോള്‍ മുനിയപ്പന്റെ തത്ത തങ്ങളുടെ ഭാഗ്യം പ്രവചിക്കുന്നതും കാത്ത് പ്രതിദിനം നൂറിലേറെ പേര്‍ മുനിയപ്പന്റെ മുന്‍പില്‍ ക്യൂ നില്‍ക്കുന്നു സിംഗപ്പൂരിലെ “ലിറ്റില്‍ ഇന്‍ഡ്യ” പ്രദേശത്ത്.