
എ.ടി.എം. മെഷിനില്‍ നിന്നും പണം എടുക്കാന്‍ ചെന്ന ആളുടെ അടുത്ത് രണ്ടു സുന്ദരികളായ യുവതികള്‍ ചെന്നപ്പോള്‍ പണമെടുക്കാന്‍ കാര്‍ഡ് ഇട്ട് പിന്‍ കോഡും അടിച്ച ആള്‍ ഇത്രയും കരുതിയില്ല. ഇരുപതുകാരിയായ സുന്ദരി പെട്ടെന്നാണ് തന്റെ വസ്ത്രം നീക്കി സ്വന്തം മാറിടം പ്രദര്‍ശിപ്പിച്ചത്. സുന്ദരിയായ യുവതിയുടെ മാറിടം കണ്ടു അത് നോക്കി നിന്ന നേരം കൊണ്ട് മറ്റേ യുവതി ഇയാളുടെ അക്കൌണ്ടില്‍ നിന്നും 300 യൂറോ എടുത്തത് ഇയാള്‍ അറിഞ്ഞതേയില്ല. പണം കൈക്കലാക്കിയ ഉടന്‍ ഇരുവരും ഓടി പോയപ്പോഴാണ് താന്‍ കബളിക്കപ്പെട്ട കാര്യം ഇയാള്‍ മനസ്സിലാക്കിയത്. അപ്പോഴേക്കും പെണ്‍കുട്ടികള്‍ ഓടിയകന്നിരുന്നു.
പാരീസിലാണ് രസകരമായ ഈ സംഭവം നടന്നത്. സംഭവം അപ്പാടെ അവിടെ ഉണ്ടായിരുന്ന ക്ലോസ്ഡ് സര്‍ക്യൂട്ട് ടി. വി. യില്‍ റെക്കോഡ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും പെണ്‍കുട്ടികള്‍ ആരെന്ന് തിരിച്ചറിയാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല.
പണം പിന്‍വലിക്കാന്‍ ബാങ്കില്‍ വരുന്നവര്‍ അവര്‍ ചെയ്യുന്ന കാര്യത്തില്‍ പൂര്‍ണ്ണമായി ശ്രദ്ധിക്കണം എന്ന് സംഭവത്തെ തുടര്‍ന്ന് പോലീസ് പൊതു ജനത്തിന് നിര്‍ദ്ദേശം നല്‍കി. എത്ര തന്നെ സുന്ദരമായ കാഴ്ചകള്‍ കണ്ടാലും തങ്ങളുടെ ശ്രദ്ധ മാറരുത് എന്നും പോലീസ് ഉപദേശിക്കുന്നു.





ന്യൂഡല്‍ഹി : ഉപയോക്താക്കള്‍ കൈമാറുന്ന ബ്ലാക്ക്ബെറി സന്ദേശങ്ങള്‍ പരിശോധിക്കാന്‍ അവരുടെ പിന്‍ നമ്പരും കോഡും ഇന്ത്യന്‍ സര്‍ക്കാരിന് കൈമാറാന്‍ ബ്ലാക്ക്ബെറി കമ്പനി സമ്മതിച്ചു. യു.എ.ഇ. അടക്കമുള്ള പല രാഷ്ട്രങ്ങളും സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടും ഉപയോക്താക്കളുടെ സ്വകാര്യത ഉയര്‍ത്തി പിടിച്ചു ഇത്തരമൊരു ആവശ്യം അനുവദിക്കാതിരുന്ന കാനഡയിലെ റിസേര്‍ച് ഇന്‍ മോഷന്‍ (Research In Motion) കമ്പനിക്ക് ഇന്ത്യയിലെ വന്‍ പിപണിയെ അവഗണിക്കാന്‍ കഴിയില്ല എന്നതിന്റെ സൂചനയാണിത് എന്നാണു ഈ കാര്യത്തില്‍ വിദഗ്ദ്ധരുടെ നിരീക്ഷണം.
വാഷിംഗ്ടന്‍ : അഫ്ഗാന്‍ യുദ്ധത്തെ സംബന്ധിക്കുന്ന രഹസ്യ രേഖകള്‍ എത്രയും പെട്ടെന്ന് ഇന്റര്‍നെറ്റില്‍ നിന്നും നീക്കം ചെയ്യുവാന്‍ അമേരിക്കന്‍ പ്രതിരോധ വകുപ്പ് ഇന്റര്‍നെറ്റിലെ വിസില്‍ ബ്ലോവര്‍ വെബ് സൈറ്റായ വിക്കി ലീക്ക്സിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം വിക്കി ലീക്ക്സ് ഏതാണ്ട് 71,000 അമേരിക്കന്‍ രഹസ്യ രേഖകള്‍ തങ്ങളുടെ വെബ് സൈറ്റിലൂടെ പരസ്യപ്പെടുത്തിയത് അമേരിക്കയ്ക്ക് ഏറെ തലവേദന സൃഷ്ടിച്ചിരുന്നു. ഈ രേഖകള്‍ എത്രയും പെട്ടെന്ന് വെബ് സൈറ്റില്‍ നിന്നും നീക്കം ചെയ്തു തങ്ങളെ തിരികെ ഏല്‍പ്പിക്കാനാണ് ഇപ്പോള്‍ അമേരിക്ക ആവശ്യപ്പെടുന്നത്.
ബാംഗ്ലൂര്‍ : പാക്കിസ്ഥാന്‍ ആഗോള ഭീകര കേന്ദ്രമായി വര്‍ത്തിക്കുന്നത് നിര്‍ത്തണമെന്നും ഭീകരരുമായുള്ള ബന്ധം പൂര്‍ണ്ണമായി ഉപേക്ഷിക്കണമെന്നും ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന ബ്രിട്ടീഷ് പ്രധാന മന്ത്രി ഡേവിഡ് കാമറോണ്‍ ആഹ്വാനം ചെയ്തു. ഇന്ത്യന്‍ അധികൃതരെ സന്തോഷിപ്പിക്കാന്‍ ഉദ്ദേശിച്ചു നടത്തിയ ഈ പരാമര്‍ശം പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭീകരരെ സഹായിക്കുന്നതിന്റെ തെളിവുകള്‍ വിക്കിലീക്ക്സ് എന്ന വെബ് സൈറ്റ് പുറത്തു വിട്ടതിന്റെ പിന്നാലെ ആണെന്നത് ശ്രദ്ധേയമാണ്.
ന്യൂഡല്‍ഹി : ബ്രിട്ടിഷ് പ്രധാന മന്ത്രി ഡേവിഡ് കാമേറോണ്‍ തന്റെ പ്രഥമ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി എത്തിച്ചേര്‍ന്നു. ഇന്നലെ രാത്രിയാണ് അദ്ദേഹം ബാംഗളൂരില്‍ എത്തിയത്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു മേലെ ബ്രിട്ടന്‍ ഏര്‍പ്പെടുത്തിയ വിസാ നിയന്ത്രണങ്ങള്‍ ഇന്തോ ബ്രിട്ടീഷ് ബന്ധങ്ങളെ അടുത്തയിടെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മാത്രമല്ല, അഫ്ഗാനിസ്ഥാനിലെ പാക്കിസ്ഥാന്‍ താലിബാനു നേരെ ബ്രിട്ടന്‍ സ്വീകരിച്ച മൃദു സമീപനവും ഇന്ത്യക്ക് നീരസം ഉളവാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് പ്രധാന മന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു.
സിയോള്‍: അമേരിക്ക ദക്ഷിണ കൊറിയയുമായി ചേര്‍ന്ന് സംയുക്ത സൈനിക പരിശീലനം നടത്തിയാല്‍ തിരിച്ചടിയായി ആണവ യുദ്ധം പോലും തുടങ്ങാന്‍ തങ്ങള്‍ മടിക്കില്ല എന്ന് ഉത്തര കൊറിയ വ്യക്തമാക്കി. സംയുക്ത സൈനിക പരിശീലനം തങ്ങള്‍ക്കു നേരെയുള്ള സൈനിക വെല്ലുവിളിയാണ്. ഇതിനെതിരെ ശക്തമായി തന്നെ തങ്ങള്‍ പ്രതികരിക്കും. വേണ്ടി വന്നാല്‍ ഇതിനായി ആണവായുധങ്ങള്‍ പോലും പ്രയോഗിക്കാന്‍ തങ്ങള്‍ മടിക്കില്ല. ഇതൊരു വിശുദ്ധ യുദ്ധമാണ് എന്നും ഉത്തര കൊറിയയുടെ ഉന്നത തല സൈനിക നേതൃത്വം അറിയിച്ചു. 
























