ദുബായ് : ദാവൂദ് ഇബ്രാഹിമിന്റെ മകളുടെ വിവാഹ വിരുന്നിനു ദുബായിലെ ഒരു പ്രശസ്ത അമേരിക്കന് ഹോട്ടല് വേദി ആയതില് ഇന്ത്യയുടെ അമര്ഷം മുംബൈയിലെ അമേരിക്കന് നയതന്ത്രജ്ഞരും പങ്കു വെച്ചതായി വിക്കിലീക്സ് വെളിപ്പെടുത്തി. ഒരു അമേരിക്കന് കമ്പനിയായ ഹയാത്ത് കൊര്പ്പോറേയ്ഷന് തങ്ങളുടെ ദുബായിലെ ഹോട്ടല്, ഇന്ത്യയും അമേരിക്കയും ഒരു പോലെ പിടി കൂടാന് ശ്രമിക്കുന്ന ഒരു കുപ്രസിദ്ധ ഭീകരന് ആതിഥേയത്വം അരുളിയതിനെതിരെ കര്ശനമായ നടപടികള് സ്വീകരിക്കണം എന്നാണ് നയതന്ത്ര രേഖ ആവശ്യപ്പെടുന്നത്.
ഈ നിര്ദ്ദേശത്തിനു മേല് തുടര് നടപടികള് ഉണ്ടായിട്ടുണ്ടോ എന്നത് അറിവായിട്ടില്ലെങ്കിലും, ഇന്ത്യയോടൊപ്പം ഭീകര വിരുദ്ധ പ്രവര്ത്തനങ്ങളില് സഹകരിക്കുന്ന അമേരിക്കയുടെ നയതന്ത്രജ്ഞര് ഇന്ത്യയുടെ വികാരങ്ങളില് പങ്കു ചേരുന്നു എന്നത് ഇന്തോ അമേരിക്കന് സഹകരണത്തിന്റെ വക്താക്കാള്ക്ക് എങ്കിലും ആശ്വാസം പകരും എന്നത് ഉറപ്പാണ്.
2003 ഒക്ടോബറില് ദാവൂദ് ഇബ്രാഹിമിനെ അമേരിക്ക തങ്ങളുടെ പ്രത്യേക നോട്ടപ്പുള്ളികളായ ഭീകരരുടെ പട്ടികയില് പെടുത്തിയതാണ്.
2005 ജൂലൈ 23 നാണ് കനത്ത സുരക്ഷാ സംവിധാനങ്ങളുടെ മദ്ധ്യേ മുന് പാക്കിസ്ഥാന് ക്രിക്കറ്റ് താരം ജാവേദ് മിയാന്ദാദിന്റെയും ദാവൂദ് ഇബ്രാഹിമിന്റെ മകളുടെയും വിവാഹത്തിന്റെ വിരുന്ന് ദുബായിലെ ഹോട്ടലില് വെച്ച് നടന്നത്.
ഈ വിരുന്നില് ദാവൂദും പങ്കെടുത്തതായി പറയപ്പെടുന്നു. ഇന്ത്യക്കും അമേരിക്കയ്ക്കും ഒരു പോലെ നോട്ടപ്പുള്ളിയായ ഒരു അന്താരാഷ്ട്ര ഭീകരന് ഇത്തരത്തില് ഒരു പൊതു ചടങ്ങില് പങ്കെടുത്തത് ഇരു രാജ്യങ്ങള്ക്കും നയതന്ത്രപരമായി ക്ഷീണമായിരുന്നു.
1993ലെ മുംബൈ സ്ഫോടന കേസില് പ്രതിയാണ് ദാവൂദ് ഇബ്രാഹിം. 2008ല് നടന്ന മുംബൈ ഭീകര ആക്രമണത്തിന് പുറകിലും ദാവൂദിന്റെ കരങ്ങള് ഉണ്ടെന്ന് സംശയിക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും ശക്തരായ ആളുകളുടെ ഫോര്ബ്സ് പട്ടികയില് അന്പതാം സ്ഥാനമാണ് ദാവൂദിന്.
വണ്സ് അപ്പോണ് എ ടൈം ഇന് മുംബൈ
അടുക്കളയിലെ കാലിയായ പാത്രങ്ങള്ക്ക് മുന്പില് ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ പകച്ചു നിന്ന ഒരു കുട്ടിയില് നിന്നും ലോകത്തെ ഏറ്റവും കരുത്തരായ 50 പേരില് ഒരാളായി ദാവൂദ് മാറിയ കഥ ദാവൂദിന്റെ സംഘമായ ഡി-കമ്പനി യുടെ പേരില് തന്നെ ഇറങ്ങിയ “കമ്പനി”, റിസ്ക്, ഡി, ബ്ലാക്ക് ഫ്രൈഡെ, ഷൂട്ട് ഔട്ട് അറ്റ് ലോഖണ്ട് വാല, വണ്സ് അപ്പോണ് എ ടൈം ഇന് മുംബൈ എന്നിങ്ങനെ ഒട്ടേറെ സിനിമകള്ക്ക് പ്രചോദനമായിട്ടുണ്ട്.