മൊഗാദിഷു: കഴിഞ്ഞ നൂറു കൊല്ലത്തിനുള്ളില്‍ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ പട്ടിണി മരണങ്ങളാണ് ഇപ്പോള്‍ ആഫ്രിക്കയില്‍ നടക്കുന്നത്. പതിനായിരങ്ങള്‍ ഇതിനകം ഇല്ലാതായ ഈ കൊടിയ ദാരിദ്ര്യവും പട്ടിണിയും ഇനിയും ലോകം കണ്ടില്ലെന്നു നടിച്ചാല്‍ ആഫ്രിക്ക ഒരു ശവപ്പറമ്പായി മാറും. കെനിയ, സൊമാലിയ, എറിത്രിയ, ജബൂട്ടി തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങള്‍ കടുത്ത പട്ടിണിയാല്‍ മരണത്തെ അഭിമുഖീകരിക്കുകയാണ്. ഐക്യ രാഷ്ട്ര സഭ ഇതിനകം തന്നെ ഈ ദുരന്തത്തിന്റെ തിക്ത ഫലത്തെ പറ്റി ലോക രാജ്യങ്ങളെ ഓര്‍മിപ്പിച്ചു കഴിഞ്ഞു. ഒരു ലക്ഷം അഭയാര്‍ഥികളാണ് മൊഗാദിഷുവിലെ ക്യാമ്പില്‍ കഴിയുന്നത്. ഇവര്‍ ഭക്ഷണ പ്പോതിക്കായ് ആകാശത്തേക് കണ്ണും നട്ടിരിക്കുകയാണ്. യു. എന്‍ന്റെ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ ഭാഗമായി ആകാശ മാര്‍ഗ്ഗം ഭക്ഷണ പൊതികള്‍ വിതറാന്‍ പദ്ധതി തുടങ്ങി കഴിഞ്ഞു. പട്ടിണിയും ദാരിദ്ര്യവും ഏറ്റവും അധികം ബാധിച്ച സോമാലിയ, കിഴക്കന്‍ എത്യോപ്യന്‍ പ്രദേശങ്ങള്‍ , വടക്കന്‍ കെനിയ, എന്നിവിടങ്ങളില്‍ WFP പദ്ധതി പ്രകാരം ഭക്ഷണ പൊതികള്‍ വിതരണം ചെയ്യുന്നുണ്ട്. ഭക്ഷണം വിതരണം ചെയ്യുന്നിടത്ത് തിക്കും തിരക്കും മൂലം നിരവധി പേര്‍ക്ക് പരിക്ക് പറ്റിയിടുണ്ട്. അഭയാര്‍ഥികളുടെ തള്ളികയറ്റം മൂലം കെനിയയിലെ നെയ്റോബിക്ക് പുറത്ത് ഒരു അഭയാര്‍ത്തി ക്യാമ്പ് ഉടന്‍ കൂടി തുറക്കണമെന്ന് കെനിയന്‍ മന്ത്രി ഓര്‍വ ഒജോദേ പറഞ്ഞു. ആഫ്രിക്കന്‍ യൂണിയന്‍റെ കൂടുതല്‍ സഹായം അദ്ദേഹം ആവശ്യപ്പെട്ടു. സോമാലിയയാണ് ഏറ്റവും അധികം ദുരിതം അനുഭവിക്കുന്നത്. തെരുവുകളില്‍ പട്ടിണി മൂലം മരിച്ചവരുടെ മൃത ദേഹങ്ങള്‍ കാണാം. നാല് മില്ല്യന്‍ ജനങ്ങള്‍ ദുരിതം നേരിട്ട് അനുഭവിക്കുന്നതായും ഒന്നര ലക്ഷത്തോളം പേര്‍ ഇതിനകം അയാള്‍ രാജ്യങ്ങളായ എത്യോപ്യ, കെനിയ എന്നിവിടങ്ങളിലേക്ക് പാലായനം ചെയ്തതായും യു. എന്‍ വക്താവ് പറയുന്നു. കെനിയ ഇതിനകം തന്നെ അഭയാര്‍ഥികളെ ഉള്‍കൊള്ളാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്. കെനിയയുടെ വടക്കന്‍ പ്രദേശങ്ങള്‍ കടുത്ത പട്ടിണി നേരിടുകയാണ്. കൂടാതെ പകര്‍ച്ച വ്യാധികള്‍ പകരാനുള്ള സാധ്യത വളരെ അധികമാണ്. പട്ടിണി മൂലം ഇതിനകം നിരവധി പേരാണ് മരണമടഞ്ഞത്.
ലോക രാജ്യങ്ങള്‍ ഈ ദുരിതം കണ്ടില്ലെന്നു നടിച്ചാല്‍ പട്ടിണി മൂലം ഒരു വലിയ സമൂഹം ഇല്ലാതായത്തിന്റെ കാരണക്കാര്‍ ഈ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന എല്ലാവരുമാണ് എന്ന് ചരിത്രം കുറിച്ചിടും.