ചണ്ഡീഗഡ്: പതിനേഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു ഇന്ത്യൻ സുന്ദരിക്ക് ലോകസുന്ദരിപ്പട്ടം. ഹരിയാനയിൽ നിന്നുള്ള മാനുഷി ചില്ലർ ആണ് ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കിയത്. 2000 ൽ പ്രിയങ്ക ചോപ്രയാണ് അവസാനമായി ലോകസുന്ദരിപ്പട്ടം ഇന്ത്യയിലെത്തിച്ചത്. ഇന്ത്യയുടെ ആറാമത്തെ ലോക കിരീടമാണിത്. 21 വയസ്സുകാരിയായ മാനുഷി മെഡിക്കൻ വിദ്യാർഥിനിയാണ്.
മാനുഷിക്ക് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമടക്കം നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. മൽസരത്തിനിടെ വിധികർത്താക്കൾ ചോദിച്ച ഒരു ചോദ്യത്തിന്റെ ഉത്തരമാണ് മാനുഷിക്ക് കിരീടനേട്ടം സമ്മാനിച്ചത്. ഏറ്റവും പ്രതിഫലം അർഹിക്കുന്ന ജോലി ഏതെന്നായിരുന്നു ചോദ്യം. അതിനുത്തരമായി “അമ്മ” എന്നാണ് മാനുഷി പറഞ്ഞത്.അമ്മ എന്ന ജോലിക്ക് ഒരിക്കലും പണമല്ല മറിച്ച് സ്നേഹവും ബഹുമാനവുമാണ് പ്രതിഫലം എന്ന് മാനുഷി വ്യക്തമാക്കി. ഇതിനെ നിറഞ്ഞ കൈയ്യടിയോടെയാണ് സദസ്സ് സ്വീകരിച്ചത്.